റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്നു. മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ആരോഗ്യ, സാമ്പത്തിക മഹാമാരിയാണ് ലോകം അഭിമുഖീകരിക്കുന്നത്. കൊറോണയെ നേരിടുന്നതിന് രാജ്യത്തിന് അടിയന്തിര പോംവഴികള്‍ സ്വീകരിക്കേണ്ടിവന്നു.
കൊറോണ വ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികളുമായി ആത്മാര്‍ഥതയോടെയും വിശ്വസ്തതയോടെയും സഹകരിച്ച സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും നന്ദി പറയുകയാണ്. മനുഷ്യന്റെ ജീവനും ആരോഗ്യ സുരക്ഷക്കുമാണ് സൗദി അറേബ്യ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള അവബോധം പ്രകടിപ്പിച്ചും സാമൂഹിക അകലം പാലിച്ചും, കൂടിക്കാഴ്ചകള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരിട്ട് കൈമാറുന്നതിനും പകരം ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പെരുന്നാള്‍ ആശംസകള്‍ കൈമാറിയും വീടുകളില്‍ വെച്ച് നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുന്നു.എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. ആരോഗ്യത്തിലാണ് ആനന്ദമുള്ളത്. അപകടത്തിലേക്ക് നയിക്കുന്ന എല്ലാ ആഹ്ലാദങ്ങളുടെയും അന്ത്യം ഖേദകരമായിരിക്കും.
കൊറോണ മഹാമാരിയെ ശക്തമായി ചെറുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഫീല്‍ഡില്‍ സേവനമനുഷ്ഠിക്കുന്നവരെയും ഓര്‍ത്ത് രാജ്യം അതിയായി അഭിമാനിക്കുന്നു. സുരക്ഷാ മേഖലകളിലും മറ്റു മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ കൊറോണ ചെറുക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും താന്‍ നന്ദിയും കൃതജ്ഞതയും അറിയിക്കുകയാണ്.
എല്ലാവരും നടത്തിയ തീവ്രപരിശ്രമങ്ങളാണ് കൊറോണ നേരിടുന്നതില്‍ പ്രത്യാശയും ശുഭാപ്തിവിശ്വാസവും നല്‍കുന്ന ഫലത്തിലെത്തിച്ചേരാന്‍ സഹായിച്ചത്. സൗദി പൗരന്മാരെയും വിദേശികളെയും രാജ്യം ചികിത്സിക്കുകയും ക്വാറന്റൈനുകള്‍ ലഭ്യമാക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ചില മുന്‍കരുതല്‍ നടപടികള്‍ വേദനാജനകമാകും. എന്നാല്‍ മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന് ഇവ അനിവാര്യമാണ്.
കൊറോണയെ ചെറുക്കുന്നതിനും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് മുഴുവന്‍ ശ്രമങ്ങളും സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്കും കൊറോണക്ക് പ്രതിരോധ മരുന്നുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും സൗദി അറേബ്യ നിര്‍ലോഭ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.