തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ ആശങ്ക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. മെയ് 26 ന് സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി സംസാരിക്കും.
ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍കൂടി ഉള്‍പ്പെട്ടതോടെ ചികിത്സാ രംഗത്തുള്ളവരും ആശങ്കയിലായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 104 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നത് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുമോയെന്ന് ആരോഗ്യ വിഭാഗവും ഭയപ്പെടുന്നു.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റിതര സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ എന്നിവരുടെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ബാക്കിയുള്ള 525 പേരുടെ സാമ്പിളുകള്‍ വീണ്ടും വിദഗ്ധ പരിശോധനക്കായി അയയ്ച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകുന്നു എന്നാണ് കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്. പ്രവാസികളുടെ കണക്കുകള്‍ കൂടിയാകുമ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കൂടുതല്‍ ഉയരും.ഇതുവരെ വിദേശത്ത് നിന്നും മറ്റിതര സംസ്ഥാനങ്ങളില്‍ നിന്നുമായി 88640 പേരാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91084 പേരാണ് നിരീക്ഷണത്തിലുള്ളത്.