കൊല്ലം- ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര(25) കുടുംബ വീട്ടില്‍ രാത്രി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താന്‍ ഫോണ്‍ കോളുകളും പരിശോധിക്കുന്നു. മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ അഞ്ചല്‍ സി.ഐക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം. ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പോലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നാണ് കരുതിയത്.
എന്നാല്‍ ശീതീകരിച്ച മുറിയിലെ കട്ടിലില്‍ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പോലീസ് പറയുന്നു. ഇതിനിടെ ഒന്നര വയസ്സുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാരാണ് അപായപ്പെടുത്തിയതെന്ന് ആരോപിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഉത്രയുടെ രക്ഷിതാക്കള്‍ റൂറല്‍ എസ്.പി ഹരി ശങ്കറിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍വച്ചു പാമ്പ് കടിയേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സക്കായി മാതാപിതാക്കള്‍ക്കൊപ്പം കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണു വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്.