Sorry, you need to enable JavaScript to visit this website.

ഫിത്ർ സക്കാത്തിന് അരിക്ക് പകരം ഈത്തപ്പഴം ആക്കിയാൽ സൗദിക്ക് 77 കോടിയുടെ നേട്ടം

ഡോ. ഹാശിം അൽനമിർ

റിയാദ് - ഫിത്ർ സക്കാത്തായി അരിക്ക് പകരം ഈത്തപ്പഴം നൽകുന്നതിലൂടെ സൗദി അറേബ്യക്ക് പ്രതിവർഷം 77 കോടി റിയാലിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. ഹാശിം അൽനമിർ. മറ്റു രാജ്യങ്ങളിലെ നെൽകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സൗദിയിലെ ഈത്തപ്പന കർഷകരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഓരോ രാജ്യത്തെയും ജനങ്ങൾ പതിവാക്കിയ പ്രധാന ഭക്ഷണമാണ് ഫിത്ർ സകാത്ത് ആയി വിതരണം ചെയ്യേണ്ടതെന്നാണ് പണ്ഡിതർ പറയുന്നത്. സൗദിയിൽ പ്രധാന ഭക്ഷണമായി ചോറ് ആണ് ജനങ്ങൾ പതിവാക്കിയിരിക്കുന്നത്. സൗദി നിവാസികളുടെ തീൻമേശയിൽ എന്നും ചോറുണ്ടാകും. ഇക്കാരണത്താലാണ് സൗദിയിൽ ഫിത്ർ സക്കാത്ത് വിതരണത്തിന് വിശ്വാസികൾ അരി അവലംബിക്കുന്നത്. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഫിത്ർ സക്കാത്ത് വിതരണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ വൈവിധ്യമുണ്ട്. സൗദി അറേബ്യയിൽ നെൽ കൃഷിയില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ പ്രതിവർഷം 320 കോടി റിയാൽ ചെലവഴിക്കുന്നു. സൗദിയിൽ ഓരോ വർഷം കഴിയുന്തോറും അരി ഇറക്കുമതി വർധിച്ചുവരികയാണ്. 


പാവങ്ങളല്ലാത്തവരാണ് ഫിത്ർ സക്കാത്ത് നൽകേണ്ടത്. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ സ്വദേശികളുടെ എണ്ണത്തിനും തൊഴിലില്ലായ്മാ നിരക്കിനും അനുസൃതമായാണ് ഏതു രാജ്യത്തെയും ദാരിദ്ര്യം കണക്കാക്കേണ്ടത് എന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ പൊതുഅഭിപ്രായം. ഇങ്ങനെയാണെങ്കിൽ സൗദിയിൽ 10 മുതൽ 12 ശതമാനം വരെ ആളുകൾ ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമല്ലാത്ത വിഭാഗത്തിൽ പെടും. 
ഇതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ 10 ശതമാനം പേർക്കെങ്കിലും ഫിത്ർ സക്കാത്ത് നിർബന്ധമല്ലെന്ന് കണക്കാക്കാം. സൗദിയിലെ ജനസംഖ്യ 34.2 ദശലക്ഷമാണ്. ഒരാൾക്ക് മൂന്നു കിലോ വീതമാണ് ഫിത്ർ സകാത്ത് നൽകേണ്ടത്. ഇതിന് ശരാശരി 25 റിയാൽ വില കണക്കാക്കിയാൽ സൗദിയിൽ ഫിത്ർ സക്കാത്ത് കൊടുത്തു വീട്ടാൻ നിർബന്ധിതരായ എല്ലാവർക്കും കൂടി ഫിത്ർ സക്കാത്ത് നൽകാൻ 76.95 കോടി റിയാൽ വേണ്ടിവരും. ഫിത്ർ സക്കാത്ത് വിതരണത്തിന് വർഷത്തിൽ 93,000 ടൺ അരി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും അരിക്ക് 77 കോടി റിയാലോളം വില വരും. 


ഇത്രയും ഭീമമായ തുക ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് സഹായകമാകുന്ന നിലയിൽ വിനിയോഗിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഫിത്ർ സക്കാത്ത് വിതരണത്തിന് അരിക്കു പകരം ഈത്തപ്പഴം ഉപയോഗിക്കുന്നതിലൂടെ സൗദിയിലെ ഈത്തപ്പന കർഷകരെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും. ഈത്തപ്പഴം ഇല്ലാത്ത വീടുകൾ സൗദിയിലുണ്ടാകില്ല. ഭക്ഷണ മേശയിലും നിത്യേന ഈത്തപ്പഴത്തിന്റെ സാന്നിധ്യം സൗദികൾ ഇഷ്ടപ്പെടുന്നു. 
ലോകത്ത് ഈത്തപ്പഴം ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് സൗദി അറേബ്യക്ക്. പ്രതിവർഷം 14 ലക്ഷം ടൺ ഈത്തപ്പഴം സൗദിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം 85 കോടി റിയാലിന്റെ ഈത്തപ്പഴം കയറ്റി അയക്കുന്നുമുണ്ട്. രാജ്യത്ത് മൂന്നു കോടിയിലേറെ ഈത്തപ്പനകളുണ്ട്. 


ഫിത്ർ സക്കാത്ത് ആയി വിതരണം ചെയ്യുന്നതിന് അരി ചാക്കുകളെ പോലെ ഈത്തപ്പഴവും പ്രത്യേകം പാക്ക് ചെയ്ത് തയാറാക്കേണ്ടിവരും. അരിക്കു പകരം ഈത്തപ്പഴം ഫിത്ർ സക്കാത്ത് ആയി വിതരണം ചെയ്യുന്നതിന് ഈത്തപ്പന കർഷകരും ഫിത്ർ സക്കാത്ത് വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും സഹകരിക്കേണ്ടത് അനിവാര്യമാണ്. 
ഫിത്ർ സക്കാത്ത് കൊടുത്തുവീട്ടൽ എളുപ്പമാക്കുന്നതിനും അനുയോജ്യമായ സമയത്ത് അർഹരായവർക്കിടയിൽ ഇവ എത്തിക്കുന്നതിനും സന്നദ്ധ സംഘടനകൾ ഡസൻ കണക്കിന് ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. പാവങ്ങളുടെയും ദരിദ്രരുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുന്നതിനും ഫിത്ർ സക്കാത്ത് വിതരണം വേഗത്തിലും വ്യവസ്ഥാപിതവുമാക്കുന്നതിനും വരും വർഷങ്ങളിൽ സന്നദ്ധ സംഘടനകൾ വളരെ നേരത്തേ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കണം. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ നെൽകൃഷി മേഖലയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഴി നിക്ഷേപങ്ങൾ നടത്തുന്നതും പ്രയോജനപ്രദമാകും. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഡോ. ഹാശിം അൽനമിർ പറഞ്ഞു. സൗദിയിൽ ഫിത്ർ സക്കാത്ത് വിതരണത്തിന് അരിക്കു പകരം ഈത്തപ്പഴം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അടക്കമുള്ള പണ്ഡിതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിട്ടുണ്ട്. 

 

 

Latest News