സൗദിയില്‍ ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച - സുപ്രിം കോടതി

റിയാദ്- ഇന്ന് സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ മുപ്പത് പൂർത്തിയാക്കി  ഞായറഴ്ചയായിരിക്കും കേരളത്തിൽ ഈദുൽ ഫിത്വറെന്ന് വിവിധ ഖാദിമാർ പ്രഖ്യാപിച്ചു.വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങൾ, ചെറിയ ഖാദി ഇമ്പിച്ചി അഹമ്മദ് ഹാജി, സംയുക്ത മഹല്ല് ഖാദി കാന്തപുരം അബൂബക്കർ മുസല്യാർ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈൽ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവരാണ് പെരുന്നാൾ പ്രഖ്യാപിച്ചത്.
ഞായറാഴ്ച പെരുന്നാ ളായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനിയും കെ ജെ യു സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഹമീദ് മദീനിയും  പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ആഗോള ഹിജ്‌റ കലണ്ടർ പ്രകാരം ശനിയാഴ്ച ശവ്വാൽ ഒന്നാകുന്നതിനാൽ ,സംസ്ഥാനത്തൊട്ടാകെ ഒരു ചെറിയ വിഭാഗം വിശ്വാസികൾ ആഗോ ളാടിസ്ഥാന മാനദണ്ഡത്തിൽ ഈ ദുൽ ഫിത്വർ ആഘോഷിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണമുള്ളതിനാൽ സാധാരണത്തേതുപോലെ ഈദ് ഗാഹിൽ പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ലെന്നും എല്ലാവരും വീടുകളിൽ നമസ്‌ക്കാരം നിർവഹിക്കുമെന്നും ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികൾ വ്യക്തമാക്കി.

 

Latest News