റിയാദ് - തുർക്കിയിലെ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ട സംഭവത്തിൽ ഘാതകരോട് കുടുംബം ക്ഷമിക്കുന്നതായി ഖശോഗിയുടെ മകൻ. പരിശുദ്ധ റമദാൻ മാസത്തിന്റെ വിശുദ്ധി പരിഗണിച്ച് കൊലപാതകികളോട് ക്ഷമിക്കുന്നതായി മകൻ സാലെഹ് ട്വീറ്റ് ചെയ്തു. ഏതൊരു മോശം പ്രവർത്തിക്കെതിരെയും സമാനമായ ശിക്ഷ നൽകാൻ ദൈവിക കൽപനയുണ്ടെങ്കിലും ക്ഷമിക്കുന്നവരോട് ദൈവം കൂടുതൽ കരുണകാണിക്കുമെന്നുണ്ട. അതിന് ദൈവത്തിൽനിന്ന് പ്രതിഫലം ലഭിക്കുമെന്നും സാലെഹ് ട്വീറ്റ് ചെയ്തു. മക്കളെല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നുവെന്നും സാലെഹ് കൂട്ടിച്ചേർത്തു. 2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച ജമാൽ ഖശോഗി കൊല്ലപ്പെട്ടത്.
— salah khashoggi (@salahkhashoggi) May 21, 2020
കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികൾക്കായിരുന്ന വധശിക്ഷ . കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്നു പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു. വിധി പറയുന്ന നേരത്ത് ഖശോഗിയുടെ കുടുംബത്തിന്റെ പ്രതിനിധികളും തുർക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. റോയൽ കോർട്ട് ഉപദേശകൻ സൗദി ഖഹ്താനിയെ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല. അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കി. മുൻ ഡപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയയെും തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു.