കോഴിക്കോട് - സർക്കാർ കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്ന 24 പ്രവാസികൾ വെള്ളിയാഴ്ച വീടുകളിലേക്ക് മടങ്ങും. ചാത്തമംഗലം എൻ.ഐ.ടി ക്യാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിയുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിയുന്ന രണ്ടു പേരുമാണ് 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി മടങ്ങുന്നത്. രാവിലെ 8 മണി മുതൽ സ്വന്തം വാഹനങ്ങളിലാണ് ഇവർ വീടുകളിലേക്ക് പോകുക.
മെയ് 7 ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ദുബായ് വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തിയതി പുലർച്ചെയാണ് കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിൽ രോഗലക്ഷണമുള്ള ഒരാളെയും മറ്റ് അസുഖമുള്ള ഒരാളെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സ്വന്തം വീടുകളിലേക്ക് പോകുന്നത്.
വീടുകളിലേക്ക് മടങ്ങുന്നവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ശേഷം അടുത്തുള്ള പി.എച്ച്.സിയുമായി ബന്ധപ്പെട്ടാൽ നിരീക്ഷണം പൂർത്തിയാക്കിയതിന്റ സർട്ടിഫിക്കറ്റ് നൽകും. ഈ കാലയളവിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ഫോൺ മുഖേന അറിയിച്ചാൽ ചികിത്സ ലഭിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കും. രോഗലക്ഷണമുള്ളവർ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു.
മടങ്ങി വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന് ജില്ലയിൽ 22 സെന്ററുകളാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. ഇതിൽ 13 സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ നാല് പെയ്ഡ് കെയർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്.
നിലവിൽ 352 പേരാണ് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 15 പേർ പെയ്ഡ് സെന്ററുകളിലാണ്. ജി.സി.സി രാജ്യങ്ങൾക്ക് പുറമേ ഇംഗ്ലണ്ട്, റഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തിയത്. മാലദ്വീപിൽ നിന്ന് കപ്പൽ വഴി രണ്ടു തവണയായി വന്ന 35 പേരും കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാണ്.
അതിനിടെ, കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ഒരാൾക്ക് ഇന്നലെ രോഗം ഭേദമായി. നാദാപുരം പാറക്കടവ് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഏഴിന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം എൻ.ഐ.ടി ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിയവെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 16 ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ നെഗറ്റീവായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി.