റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ 348 വിദേശ നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 19 ശതമാനവും 2019 അവസാന പാദത്തെ അപേക്ഷിച്ച് 20 ശതമാനവും അധികം ലൈസൻസുകൾ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശ നിക്ഷേപകർക്ക് അനുവദിച്ചു. കൊറോണ വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തിയ പ്രത്യാഘാതങ്ങൾ കാരണമായി അടുത്തിടെ നിക്ഷേപങ്ങൾ മന്ദഗതിയിലായിട്ടുണ്ട്.
വിദ്യാഭ്യാസ, ധനസേവന, പാർപ്പിട മേഖലകളിലാണ് ഈ വർഷം ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപകർ ലൈസൻസുകൾ നേടിയത്. വ്യവസായം, ടെലികോം, ഐ.ടി എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. സൗദിയിൽ ഏറ്റവും കൂടുതൽ നിക്ഷേപ ലൈസൻസുകൾ പുതുതായി നേടിയത് ഇന്ത്യൻ കമ്പനികളും വ്യവസായികളുമാണ്. അമേരിക്ക, ലബനോൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും കമ്പനികളുമാണ് തൊട്ടുപിന്നിൽ.
കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ നിന്നെ മനുഷ്യന്റെ ജീവനും സുരക്ഷക്കുമാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നത് എന്ന കാര്യം അർഥശങ്കക്കിടമില്ലാത്ത വിധം സൗദി അറേബ്യ വ്യക്തമാക്കിയതായി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്, ഉംറ തീർഥാടകർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതും അടക്കം 50 ലേറെ പ്രതിരോധ, മുൻകരുതൽ നടപടികൾ സൗദി അറേബ്യ സ്വീകരിച്ചു.
സമ്പദ്‌വ്യവസ്ഥയുടെയും ബിസിനസുകളുടെയും തുടർച്ചക്കും സൗദി അറേബ്യ മുൻഗണന നൽകി. കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഏതാനും സുപ്രധാന തീരുമാനങ്ങൾ ഗവൺമെന്റ് കൈക്കൊണ്ടു. സ്വകാര്യ മേഖലക്ക് 4500 കോടി ഡോളറിന്റെ ഉത്തേജക പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിനു പുറമെ നികുതി ഇളവുകൾ, ഫീസടവ് നീട്ടിവെക്കൽ, സ്വകാര്യ മേഖലാ ജീവനക്കാരുടെ വേതനം വഹിക്കൽ അടക്കമുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
കൊറോണ പ്രതിസന്ധി നിക്ഷേപകരുടെ മേൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് നിക്ഷേപ മന്ത്രാലയം സത്വര നടപടികൾ സ്വീകരിച്ചു. നിക്ഷേപകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും ബിസിനസ് എളുപ്പമാക്കുന്നതിനും കൊറോണ ക്രൈസിസ് റെസ്‌പോൺസ് സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം മന്ത്രാലയം സ്ഥാപിച്ചു. ആവശ്യങ്ങൾ അറിയുന്നതിനും ഏറ്റവും മികച്ച നിലയിൽ പ്രവർത്തനം തുടരുന്നത് ഉറപ്പു വരുത്തുന്നതിനും ഏഴായിരത്തിലേറെ പ്രാദേശിക, വിദേശ നിക്ഷേപകരുമായി മന്ത്രാലയം ആശയ വിനിമയം നടത്തിയതായും നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.