ഇരുപത് ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്. രാജ്യത്തിന്റെ മെത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) പത്ത് ശതമാനം വരുന്ന ഭീമൻ സംഖ്യ. കോവിഡ് മാഹാമാരിയും ലോക്ഡൗണും മൂലം സ്തംഭിച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശരിക്കും ഉത്തേജിപ്പിക്കേണ്ടതാണ് ഇത്ര വലിയ തുകയുടെ സർക്കാർ സഹായ പദ്ധതി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ അഞ്ച് ദിവസം കൊണ്ട് പുറത്തു വിട്ടപ്പോൾ പക്ഷേ സാധാരണക്കാർക്കും സാമ്പത്തിക വിദഗ്ധർക്കും ഒരുപോലെ നിരാശയായിരുന്നു.
കർഷകരും കച്ചവടക്കാരും ചെറുകിട സംരംഭകരും ദിവസക്കൂലിക്കാരായ തൊഴിലാളികളും അടങ്ങുന്ന രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്നതൊന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായില്ല. കൃഷി, തെരുവു കച്ചവടക്കാരടക്കമുള്ള വ്യാപാര മേഖല, ചെറുകിട വ്യവസായം തുടങ്ങിയവക്കെല്ലാം പതിനായിരക്കണക്കിന് കോടികൾ നീക്കിവെച്ചിട്ടുണ്ട് പാക്കേജിൽ. പക്ഷേ ലോക്ഡൗൺ മൂലം തൊഴിലില്ലാതാവുകയും അന്നം മുട്ടുകയും ചെയ്തവർക്ക് പെട്ടെന്ന് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടാനുള്ള വകുപ്പുകൾ ഇല്ല. സർക്കാർ സഹായം ജനങ്ങളിലേക്കെത്തുമ്പോൾ സമയം പിടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ലോക്ഡൗണിൽ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് ഒരു വർഷത്തേക്ക് ജപ്തി നടപടികൾ നേരിടേണ്ടതില്ലെന്ന ആശ്വാസമുണ്ട്. പക്ഷേ ബാങ്കിംഗ് വിദഗ്ധർ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്. ഇപ്പോൾ തന്നെ കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ബാങ്കുകൾക്ക് തീരുമാനം തിരിച്ചടിയാവുമെന്ന അഭിപ്രായമാണവർക്ക്. 'ബാഡ് ലോൺ' പെരുകുമെന്നാണ് ആശങ്ക. ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണിയിൽ ബാങ്കുകളുടെ ഓഹരികൾ താഴേക്ക് പതിച്ചത് അതിന് തെളിവാണ്.
അതോടൊപ്പം തന്നെ ഇത്രയധികം പണം വിപണിയിലേക്ക് പ്രവഹിപ്പിക്കാൻ തക്ക ശേഷി സർക്കാറിന് ഇപ്പോഴുണ്ടോ എന്ന സംശയം ശക്തമാണ്. ധനമന്ത്രിയുടെ ഘട്ടംഘട്ടമായുള്ള പാക്കേജ് പ്രഖ്യാപനം തന്നെ അത്തരമൊരു അവിശ്വാസം ജനിപ്പിക്കുന്നു. ലോക്ഡൗണിൽ ജീവിതം ഏറ്റവുമധികം ബുദ്ധിമുട്ടിലായ താഴേത്തട്ടിലുള്ള ജനങ്ങൾക്കെങ്കിലും നേരിട്ട് സഹായധനം പ്രഖ്യാപിക്കാതെ, മേഖല തിരിച്ച് മാസങ്ങൾ കൊണ്ട് പണം ലഭ്യമാക്കുമെന്ന പ്രഖ്യാപനം വെറും കണക്കുകൾ കൊണ്ടുള്ള കളി മാത്രമാകുന്നു. അമേരിക്കയിലും മറ്റും ലോക്ഡൗൺ മൂലം തൊഴിൽരഹിതരായവർ പെട്ടെന്നു തന്നെ തൊഴിലില്ലായ്മാ വേതനത്തിനു വേണ്ടി രജിസ്റ്റർ ചെയ്തത് സർക്കാറിന്റെ സാമ്പത്തിക പാക്കേജിൽ അതിനു വേണ്ടി തുക വകയിരുത്തിയതുകൊണ്ടു കൂടിയാണ്.
പാക്കേജ് വെറും കണ്ണിൽ പൊടിയിടലാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നത് വെറുതെയല്ല. പഴയ ബജറ്റ് പ്രഖ്യാപനങ്ങളും മുൻ പാക്കേജ് പ്രഖ്യാപനങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് 20 ലക്ഷം കോടിയുടെ കണക്കു പറഞ്ഞ് മോഡി ജനങ്ങളുടെ കണ്ണ് തള്ളിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധി മൂലം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലടക്കം കൈവെച്ചു കഴിഞ്ഞ സർക്കാറിന് ഇപ്പോൾ ഇത്രയധികം തുക പുറത്തെടുക്കാനുള്ള ഒരു മാർഗവുമില്ലെന്നതാണ് സത്യം. പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാറുകൾക്ക് കാര്യമായ വിഹിതമൊന്നും നൽകാൻ കേന്ദ്രത്തിന്റെ കൈയിലില്ലാത്തുകൊണ്ടാണ് കടമെടുപ്പ് പരിധി ഉയർത്തിക്കൊടുത്തത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അത് വലിയ നേട്ടമാണുതാനും. കാർഷിക മേഖലക്കുള്ള സഹായ പദ്ധതികളും തൊഴിലുറപ്പ് പദ്ധതിക്ക് തുക വർധിപ്പിച്ചതുമെല്ലാം നല്ലതു തന്നെ. പക്ഷേ ഇതെല്ലാം ബജറ്റ് വിഹിതത്തിൽ കുറേക്കൂടി വർധിപ്പിക്കുന്നു എന്നേയുള്ളൂ.
പാക്കേജ് പ്രഖ്യാപനത്തിന്റെ അവസാന ദിവസം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന പ്രഖ്യാപനം സർക്കാറിന്റെ പോക്കറ്റ് ശൂന്യമാണെന്നതിന് ഏറ്റവും വലിയ തെളിവായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്നതിൽ തെറ്റൊന്നുമില്ല. അതിന്റെ പേരിൽ വിറ്റു തുലയ്ക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങളെ കാര്യമാക്കേണ്ടതുമില്ല. പക്ഷേ ഈ ദാരിദ്ര്യ ഘട്ടത്തിൽ അത് വേണ്ടായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
നല്ല വില കിട്ടുമ്പോഴേ സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്ന് സാമ്പത്തിക ഉപദേശക സ്ഥാപനമായ ഇൻഗവേണിന്റെ സ്ഥാപകൻ ശ്രീറാം സുബ്രഹ്മണ്യൻ പറയുന്നു. അതായത് കുത്തുപാളയെടുത്തു നിൽക്കുമ്പോൾ വിൽക്കുന്ന മുതലിന് ഓടവിലയേ കിട്ടൂ എന്നർഥം.
ഈ പറഞ്ഞത് ശരിയാണെന്നതിന് എയർ ഇന്ത്യയുടെ അനുഭവം തന്നെ മതി. കടത്തിൽ മുങ്ങിയ ദേശീയ വിമാനക്കമ്പനിയെ മുഴുവനായി വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ട് വർഷങ്ങളായി. ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല. അന്വേഷണവുമായി വന്നവർ തന്നെ എയർ ഇന്ത്യയുടെ കടം എത്രയെന്ന് കേട്ടതോടെ മുങ്ങി. 56,000 കോടി രൂപയാണ് ദേശീയ വിമാനക്കമ്പനിയുടെ സഞ്ചിത കടമെന്നാണ് ഒരു വർഷം മുമ്പുണ്ടായിരുന്ന റിപ്പോർട്ട്. ഇപ്പോൾ അതിലും കൂടിയിട്ടേയുള്ളൂ.
തറവാട് മുടിയുമ്പോൾ ഉത്തരവും കഴുക്കോലുമൊക്കെ ഊരി വിൽക്കുന്നതു പോലെയാണ് ഇപ്പോഴത്തെ വിൽപന പ്രഖ്യാപനമെന്ന വിമർശനവുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമല്ല, പ്രതിരോധവും ഉപഗ്രഹ വിക്ഷേപണവുമടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ വരെ സ്വകാര്യ നിക്ഷേപത്തിനാണ് സർക്കാർ കോപ്പുകൂട്ടുന്നത്. നവരത്‌ന കമ്പനികളിൽ പെട്ടതും ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികളും വിൽക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ഊർജ ഉൽപാദനോപാധിയാണ് കൽക്കരി. ഇനി വിൽക്കാനൊന്നുമില്ലെന്നർഥം.
ഏതൊക്കെ മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്നും എത്രയൊക്കെ ഓഹരികൾ വിൽക്കുമെന്നുമൊക്കെയുള്ള കാര്യങ്ങൾ വരുന്ന ആഴ്ചകളിലോ മാസങ്ങളിലോ പ്രഖ്യാപിക്കുകയേ ഉള്ളൂ. നടപ്പു സാമ്പത്തിക വർഷം ഓഹരി വിൽപനയിലൂടെ 2.1 ലക്ഷം കോടി സമാഹരിക്കുമെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞിരുന്നത്.
അതിൽ തന്നെ 1.2 ലക്ഷം കോടി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെയാണ് ലക്ഷ്യമിടുന്നതും. പുതിയ പ്രഖ്യാപനമനുസരിച്ചുള്ള ഓഹരി വിൽപന 2021 ലേ നടപ്പാക്കുകയുള്ളൂ എന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ പറയുന്നത്.
ഓഹരി വിൽപനയെന്നും സ്വകാര്യവൽക്കരണമെന്നും കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമൊന്നുമില്ല. മെച്ചപ്പെട്ട സാങ്കേതിക വിദ്യക്കും സ്ഥാപനങ്ങളുടെ കാര്യക്ഷമതക്കും അതുവഴി അവയെല്ലാം ലാഭകരമായി പ്രവർത്തിക്കുന്നതിനും സ്വകാര്യവൽക്കരണം സഹായകമാവുകയേ ഉള്ളൂ.
പക്ഷേ ലാഭത്തിൽ പ്രവർത്തിക്കാവുന്ന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കുമ്പോൾ സർക്കാറിന് പരമാവധി സാമ്പത്തിക നേട്ടമുണ്ടാവുന്ന തരത്തിലായിരിക്കണമെന്നു മാത്രം. ലാഭത്തിൽ പ്രവർത്തിക്കമായിരുന്നിട്ടും കെടുകാര്യസ്ഥതയും പാഴ്‌ചെലവും കൊണ്ട് കുത്തുപാളയെടുത്തിരിക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ ഒരു സ്വകാര്യ സംരംഭകനും മുന്നോട്ടു വരില്ലല്ലോ, എയർ ഇന്ത്യയുടെ കാര്യം പറഞ്ഞതുപോലെ.
ബി.എസ്.എൻ.എൽ ആണ് മറ്റൊരുദാഹരണം. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം മൊബൈൽ നെറ്റ്‌വർക്കായി വലിയ ലാഭത്തിൽ പ്രവർത്തിക്കേണ്ടിയിരുന്ന ബി.എസ്.എൻ.എൽ പൊതുമേഖലയിലായതുകൊണ്ടു മാത്രം കുത്തുപാളയെടുത്ത സ്ഥാപനമാണ്.
ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രം പ്രവർത്തനമാരംഭിച്ച പല സ്വകാര്യ ടെലികോം കമ്പനികളും സാങ്കേതിക വിദ്യയിലും കാര്യക്ഷമതയിലും മുന്നേറുമ്പോൾ ബി.എസ്.എൻ.എല്ലിൽ സർക്കാർ കാര്യം മുറ പോലെയാണ്. ഇന്ന് ബി.എസ്.എൻ.എൽ വിൽക്കാൻ വെച്ചാലും ഏറ്റെടുക്കാൻ ആളുണ്ടാവില്ല.
ജവാഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയുമൊക്കെ കുറ്റം പറയുമ്പോഴും അവർ ദീർഘവീക്ഷണത്തോടെ തുടക്കം കുറിച്ചതും ഇപ്പോഴും രാജ്യത്തിന്റെ അഭിമാനങ്ങളായി തുടരുകയും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും നാടിന്റെ വികസനത്തിൽ നെടുംതൂണുകളായി നിലകൊള്ളുകയും ചെയ്യുന്ന സ്ഥാപങ്ങളാണ് ഈ ആപത്തു കാലത്ത് മോഡിക്കും നിർമല സീതാരാമനും ഉപകാരമായി മാറിയതെന്നത് വിധിവൈപരീത്യമാണ്.
പുതിയ കാലത്തിന്റെ സാഹചര്യത്തിനനുസരിച്ച് അവയെ നവീകരിക്കാനും ഒപ്പം സർക്കാറിന് മെച്ചപ്പെട്ട സാമ്പത്തിക നേട്ടവും ജനങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വവും ഉറപ്പു വരുത്തും വിധമാണ് വിൽപന നടപ്പാക്കുന്നതെങ്കിൽ നല്ലത്. അല്ലാതെ നോട്ട് നിരോധനവും പ്രതിമ നിർമാണവും പോലുള്ള മണ്ടത്തരങ്ങൾ മൂലമുണ്ടായ നഷ്ടം നികത്താൻ കോവിഡിനെ മറയാക്കുകയാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.