Sorry, you need to enable JavaScript to visit this website.

മന്ത്രി ശൈലജയെ ബി.ബി.സി വിളിക്കുമ്പോൾ 

കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ ബി.ബി.സി ലണ്ടൻ സ്റ്റുഡിയോയിൽ നിന്ന് വിളിച്ച് കേരളം കൊറോണ പ്രതിരോധത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിച്ചറിഞ്ഞു. ചൈനയിലെ വുഹാനിൽ രോഗബാധ റിപ്പോർട്ട് ചെയ്തത് മുതൽ ഉണർന്നു പ്രവർത്തിച്ച കേരളത്തിന്റെ മികവിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രശംസ ലഭിക്കുന്നുണ്ട്. ശൈലജ ടീച്ചർ ഇംഗ്ലീഷിൽ ഭംഗിയായി മറുപടി നൽകി. ഒരിടത്ത് പീപ്പിൾസ് വന്നുവെന്നതൊഴിച്ചാൽ ഒ.കെ. മാഹിയും ഗോവയും മാറിപ്പോയത് വേറെ കാര്യം. 
 കൊറോണ പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കാനായാണ് മന്ത്രി ബി.ബി.സിയിൽ അതിഥിയായി എത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതു മണിക്ക് ബി.ബി.സി വേൾഡ് ന്യൂസിലായിരുന്നു മന്ത്രിയുടെ അഞ്ചു മിനിറ്റ് നേരത്തെ അഭിമുഖം ലൈവായി സംപ്രേഷണം  ചെയ്തത്.


കേരളത്തിലെ രാഷ്ട്രീയ പ്രമുഖർ ചാനലിൽ ഇംഗഌഷ് പറയുമ്പോൾ പേടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി അന്നത്തെ കേരള മുഖ്യമന്ത്രി കാവേരി തർക്കം എൻ.ഡി.ടി.വിയിൽ ചർച്ച ചെയ്തപ്പോൾ പിന്നാ പിന്നാ എന്ന പുതിയ ആംഗലേയ പദമാണ് കൂടുതൽ കേൾക്കേണ്ടി വന്നത്. സി.പി.എം ദേശീയ നേതാവ് ബൃന്ദ കാരാട്ട് വയനാട്ടിലെ തർജമക്കാരൻ വക്കീലിനെക്കൊണ്ട് പെട്ടതും മുതിർന്ന ബി.ജെ.പി നേതാവ് എം. വെങ്കയ്യ നായിഡു ട്രാൻസ്ലേറ്ററെക്കൊണ്ട് പൊറുതി മുട്ടി ടെുവിൽ ആ ജോലി മൂപ്പർ തന്നെ ഏറ്റെടുത്തതും മലയാളികൾ മറന്നിട്ടില്ല. ശൈലജ ടീച്ചറുടെ മുൻഗാമിയായിരുന്ന  ഒരു ആരോഗ്യ മന്ത്രിയുടെ ഇംഗഌഷ് ഭാഷണം സഹിച്ചു കൂടാതെ നഴ്‌സിംഗ് വിദ്യാർഥിനികൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ദൃശ്യം യുട്യൂബിൽ തെരഞ്ഞാൽ കാണാം. ശരാശരി മലയാളികളെല്ലാം ശൈലജ ടീച്ചറുടെ ആരോഗ്യ മന്ത്രിയെന്ന നിലയിലെ പെർഫോമൻസിന് ഫസ്റ്റ് ക്ലാസ് മാർക്ക് തന്നെ കൊടുക്കുമെന്നതിൽ സംശയമില്ല. 


കേരളത്തിലാണ് ഇന്ത്യയിലാദ്യം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നിട്ടും മരണ സംഖ്യ മൂന്നിൽ പിടിച്ചു നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇത് കേന്ദ്ര സർക്കാറിന്റെ കണക്കിൽ നാലാണ്. കോഴിക്കോട്-കണ്ണൂർ ജില്ലകൾക്കിടയിൽ സാൻഡ് വിച്ചിലെ മസാല പോലെ നിൽക്കുന്ന ഭൂപ്രദേശമാണല്ലോ വടകരക്കും തലശ്ശേരിക്കുമിടയിലെ മാഹി. ഇത് പുതുച്ചേരിയുടെ ഭാഗമാണ്. ഇവിടത്തുകാരനായ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ചെന്നിരുന്നു. അങ്ങനെയാണ് ഇയാൾ കേരളത്തിന്റെ കണക്കിൽ പെട്ടത്. ബി.ബി.സി വിളിച്ചപ്പോൾ ടീച്ചർ പെട്ടെന്ന് ഗോവയുടെ കാര്യമാണ് പറഞ്ഞു പോയത്. ഗോവയാണെങ്കിൽ കേന്ദ്ര ഭരണ പ്രദേശമല്ല. അത് ചെറിയ സംസ്ഥാനമാണ്. 
ഗോവ ബി.ജെ.പി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനവും  കേരളം സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലുള്ള സംസ്ഥാനവുമാണല്ലോ. കൊറോണ വൈറസ് പ്രതിരോധത്തിൽ കേരളം മാതൃകയെന്ന് വാദിക്കുന്നവരെ ഗോവയും മണിപ്പൂരും ഒക്കെ ഉയർത്തിക്കാട്ടിയാണ്  ബി.ജെ.പി അനുകൂലികൾ എതിർക്കാറുള്ളത്. 
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ബി.ബി.സി എന്ന അന്താരാഷ്ട്ര മാധ്യമത്തിൽ കേരളത്തിലെ കൊറോണ വൈറസ് (കോവിഡ്19) ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരാൾ കേന്ദ്ര ഭരണ പ്രദേശമായ ഗോവയിൽ നിന്ന് ചികിത്സ തേടിയെത്തിയ ആളാണെന്ന് പറഞ്ഞു.
തൊട്ടടുത്ത ദിവസം  ആരോഗ്യ മന്ത്രി തിരുത്തലുമായി രംഗത്ത് വരികയും ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സവന്തും ആരോഗ്യ മന്ത്രി വിശ്വജിത് റാണയും കേരളത്തിലെ  ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പരാമർശത്തെ വിമർശിച്ചിരുന്നു. 


ഗോവ സംസ്ഥാനമായെന്ന കാര്യം ഇരു നേതാക്കളും കേരള ആരോഗ്യ മന്ത്രിയെ ഓർമിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി ഗോവ എന്ന് പരാമർശം നടത്തിയതിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആരോഗ്യ മന്ത്രി വിശ്വജിത് റാണ എന്നിവർ  രംഗത്ത് വന്നു. ഇരുവരും ട്വിറ്ററിൽ ആരോഗ്യ മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ചു. ഗോവ പൂർണ സംസ്ഥാനമാണെന്നും കേന്ദ്ര ഭരണ പ്രദേശമല്ലെന്നും കേരളത്തിലെ ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഓർമിപ്പിക്കുകയും ഗോവയെക്കുറിച്ചുള്ള പരാമർശം തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ഗോവ ഗ്രീൻ സോണിലാണെന്നും കേരള ആരോഗ്യ മന്ത്രിയുടെ പരാമർശത്തിന്റെ  ആധികാരികത ചോദ്യം ചെയ്യുകയാണെന്നും പരാമർശത്തിലെ തെറ്റിദ്ധാരണ നീക്കണം എന്നും  ആരോഗ്യമന്ത്രി വിശ്വജിത് റാണ ട്വീറ്റ് ചെയ്തു.
ഇരു പാർട്ടി നേതാക്കളും ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളിലും മറ്റും രാഷ്ട്രീയ പോര് തുടങ്ങുകയും ചെയ്തു. ചിലർ കേരളത്തിന്റെയും ഗോവയുടെയും ടൂറിസം രംഗത്തെയും കുറിച്ചും ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.


ഗോവയുടെയും കേരളത്തിന്റെയും ടൂറിസം മേഖല അന്തരാഷ്ട്ര രംഗത്ത് ഏറെ ശ്രദ്ധ നേടുന്നതാണ്. കൊറോണയെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ 
ടൂറിസം മേഖല പ്രതിസന്ധിയിലാണ്. ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ടൂറിസം മേഖലയെ സംബന്ധിച്ചടുത്തോളം ഗോവ എന്ന അന്താരാഷ്ട്ര ടൂറിസത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്തെക്കുറിച്ചുള്ള പരാമർശം ഭാവിയിലെ അവരുടെ ടൂറിസം സാധ്യതകളെ ബാധിക്കുമോ 
എന്ന ആശങ്കയും ഉണ്ട്. ബോധപൂർവമാണോ ഇങ്ങനെ അന്താരാഷ്ട്ര മാധ്യമത്തിൽ ഒരു പരാമർശം നടത്തിയത് എന്ന് ചില കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകാതെ 
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇക്കാര്യത്തിൽ പറ്റിയ പിശക് തിരുത്തിയത് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമാവുകയും ചെയ്തു. ആരോഗ്യ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്. 216 ലധികം ലോക രാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ചു കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തതെന്ന് പറയുന്ന മന്ത്രി ഈ സംസാരത്തിനിടയിൽ തന്റെ  ഭാഗത്ത് നിന്നുണ്ടായ തെറ്റായ പരാമർശം തിരുത്തുകയാണെന്നും വ്യക്തമാക്കി. 


മന്ത്രി ഇങ്ങനെയാണ് വിശദീകരിക്കുന്നത്. കേരളത്തിൽ മൂന്ന് മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാൽ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്ര ഭരണ പ്രദേശമായ  പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാൻ ഉദ്ദേശിച്ചത്. എന്നാൽ ഞാൻ പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി. തെറ്റായ പരാമർശം ഞാൻ തിരുത്തുകയാണ്. തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഇത്ര അന്തസ്സോടെയുള്ള തിരുത്തൽ സമകാലിക രാഷ്ട്രീയക്കാരിൽ  നിന്ന് ഏറെയൊന്നും പ്രതീക്ഷിക്കാൻ വയ്യ. ഇന്ത്യയിലെ കൊറോണ ബാധിത പ്രദേശങ്ങളിൽ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ഗുജറാത്തുമാണ്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മാർഗനിർദേശങ്ങൾ തേടിയിരിക്കുകയാണ്. തീർച്ചയായും അവരെ സഹായിക്കേണ്ട സന്ദർഭമാണിത്. കേരളത്തിന് വെളിയിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള മഹാനഗരം കൂടിയാണല്ലോ മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈ. 

Latest News