മലപ്പുറം- ജില്ലാ അധികൃതര്‍ ഇടപെട്ട് പത്തു ദിവസത്തേക്ക് മാംസ വില പുതുക്കി നിശ്ചയിച്ചു. കോഴി, പോത്ത് എന്നിവയുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ മാംസ വിലയില്‍ വലിയ വര്‍ധനയും വില വ്യത്യാസവും ഉണ്ടായതിനെ തുടര്‍ന്നാണ് പെരുന്നാളിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
ബ്രോയിലര്‍ ലൈവ് കോഴിക്ക് ജില്ലയില്‍ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയിലെ പലയിടങ്ങളിലും ഇറച്ചിക്ക് അമിതവിലയും വ്യത്യസ്തവിലയും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിലനിയന്ത്രണത്തിനായി നടപടി സ്വീകരിച്ചത്. ലോക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കോഴി വരവ് കുറഞ്ഞതും കാലിച്ചന്തകളില്ലാത്തതും കോഴി ഫാമിലേക്കാവശ്യമായ തീറ്റയും മറ്റു വസ്തുക്കളും ലഭിക്കാത്തതുമാണ് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ജില്ലയില്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ പരാതി നല്‍കണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു.