കുവൈത്ത് സിറ്റി- കുവൈത്തില്‍നിന്നു പൊതുമാപ്പ് നേടിയവരുമായി ഇന്ത്യയിലേക്കുള്ള ആദ്യവിമാനം ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്ക് പറന്നു. ജസീറ എയര്‍വെയ്‌സ് വിമാനത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ 145 യാത്രക്കാരാണ് പോയത്. നാളെ ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കും ജസീറ എയര്‍വെയ്‌സ് സര്‍വീസ് ഉണ്ടാകും.
മലയാളികളടക്കം ആറായിരത്തിലേറെ ഇന്ത്യക്കാര്‍ പൊതുമാപ്പ് നേടി കുവൈത്ത് സര്‍ക്കാരിന്റെ ഷെല്‍ട്ടറുകളില്‍ കഴിയുന്നുണ്ട്. ഒരു മാസത്തിലേറെയായി ഷെല്‍ട്ടറുകളിലുള്ള അവരുടെ യാത്ര സംബന്ധിച്ച അവ്യക്തതക്കാണ് ഇപ്പോള്‍ അറുതിയാകുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട് പാസ് സമ്പാദിച്ച ആറായിരത്തോളം ആളുകള്‍ വേറെയുമുണ്ട്.
തിരിച്ചെത്തുന്നവരെ സ്വീകരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുനല്‍കിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കേന്ദ്ര സര്‍ക്കാരില്‍ പ്രത്യേകം സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് ആദ്യവിമാനം വിജയവാഡയിലേക്ക് ഒരുക്കിയത്. ഹൈദരബാദ്, ലഖനൗ എന്നിവിടങ്ങളിലേക്ക് നാളെ വിമാനമുണ്ട്. പ്രവാസി ഭാരത് പദ്ധതി പ്രകാരം കുവൈത്തില്‍നിന്ന് വ്യാഴാഴ്ച എയര്‍ ഇന്ത്യ ഹൈദരബാദ് തിരുപ്പതി സര്‍വീസുമുണ്ട്.