മറ്റൊരു വൈറസ് കാലത്ത് നഴ്‌സ് ലിനിയുടെ ഓര്‍മയില്‍ കേരളം

കോഴിക്കോട്- കോവിഡ് മഹാമാരി മനുഷ്യനെ ഭീതിപ്പെടുത്തി വിളയാട്ടം തുടരുമ്പോള്‍, മറ്റൊരു വൈറസ് കാലത്തിന്റെ ഓര്‍മയില്‍ കേരളം. നിപ വൈറസ് കേരളത്തിന്റെ സ്വസ്ഥജീവിതത്തെ വേട്ടയാടിയ കാലത്ത്, വൈറസിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ ലിനി എന്ന നഴ്‌സ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം.
ലിനിയെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇങ്ങനെ ഓര്‍ക്കുന്നു:
ലിനി ഓര്‍മ്മയായിട്ട് ഇന്ന് 2 വര്‍ഷം പൂര്‍ത്തിയാവുകയാണ്.   ത്യാഗനിര്‍ഭരമായ ജോലി ചെയ്യുന്നതിനിടയില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മരണം ഏറെ വേദന നല്‍കുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്.
 തന്നെ വൈറസ് ബാധിച്ചത്  തന്റെ തെറ്റ് അല്ലായിരിക്കാം, പക്ഷേ, തന്നില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് പൂര്‍ണമായും തന്റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളില്‍ ഉണ്ടാക്കാന്‍ ലിനിയുടെ  പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്. നിപ വൈറസ് ലിനിയില്‍നിന്ന്  മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നല്‍കുന്ന പാഠം വളരെ വലുതാണ്.
ആത്മധൈര്യത്തോടെ പറയാന്‍ കഴിയും കൊറോണക്ക് എതിരെയുള്ള പോരാട്ടവും നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും. പ്രിയ ലിനിക്ക് ആദരാഞ്ജലികള്‍....
മുഖ്യമന്ത്രി പിണറായി വിജയനും ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്.

 

Latest News