Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് സൗദി; പിന്തള്ളിയത് ഇറാഖിനെ

റിയാദ് - ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ നല്‍കുന്ന രാജ്യമായി സൗദി അറേബ്യ മാറി. ഇറാഖിനെ പിന്തള്ളിയാണ് സൗദി അറേബ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രാജ്യമെന്ന പദവി ഇറാഖിനായിരുന്നു. ഇതാണ് ഏപ്രിലില്‍ സൗദി അറേബ്യ തിരിച്ചുപിടിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രാജ്യമെന്ന പദവി സൗദി അറേബ്യക്കായിരുന്നു. പിന്നീട് സൗദി അറേബ്യയെ മറികടന്ന് ഈ സ്ഥാനം ഇറാഖ് നേടുകയായിരുന്നു.
ഏപ്രിലില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് സൗദിയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറാഖും മൂന്നാം സ്ഥാനത്ത് യു.എ.ഇയുമാണ്. ഏപ്രിലില്‍ ഇന്ത്യയിലെ എണ്ണ സംസ്‌കരണ കമ്പനികള്‍ കൂടുതല്‍ ക്രൂഡ് ഓയിലിന് സൗദി അറാംകോ കമ്പനിക്ക് ഓര്‍ഡറുകള്‍ നല്‍കുകയായിരുന്നു. സൗദി അറാംകോ എണ്ണ വില കുറച്ചതാണ് ഇന്ത്യന്‍ കമ്പനികളെ സൗദിയിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്. യു.എ.ഇയിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്നും ഏപ്രിലില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നു.
കഴിഞ്ഞ മാസം സൗദി അറേബ്യയും യു.എ.ഇയും എണ്ണയുല്‍പാദനം വര്‍ധിപ്പിക്കുകയും വില കുറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇന്ത്യ പ്രതിദിനം 46.3 ലക്ഷം ബാരല്‍ എണ്ണ വീതമാണ് ഇറക്കുമതി ചെയ്തത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതലാണിത്. എന്നാല്‍ 2019 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇന്ത്യയുടെ എണ്ണ ഇറക്കുമതി 4.1 ശതമാനം തോതില്‍ കുറഞ്ഞു.

 

Latest News