തിരുവനന്തപുരം- ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ബസ് സർവീസ് പുനരാരംഭിക്കുകയും ഓട്ടോ റിക്ഷകളും ഓടിത്തുടങ്ങിയതോടെ നിരത്തുകളിൽ തിരക്കും അനുഭവപ്പെട്ടു തുടങ്ങി. വ്യാപാര സ്ഥാപനങ്ങൾ എല്ലാം തുറക്കുകയും സർക്കാർ ഓഫീസുകളിൽ അമ്പതു ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാവികയും ചെയ്തതോടെ ലോക്ഡൗണിൽ നിന്നു നഗരങ്ങളും ഗ്രാമങ്ങളും ക്രമേണ ഉണരുകയാണ്.
ബസ് സർവീസാണ് ജനജീവതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത്. സാമൂഹിക അകലം പാലിച്ച് കെ.എസ്.ആർ.ടി.സി ഇന്നലെ നടത്തിയ ബസ് സർവീസിൽ രാവിലെയും വൈകുന്നേരവും യാത്രക്കാരുണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകിച്ച ശേഷമാണ് യാത്ര ആരംഭിക്കാൻ അനുവദിച്ചത്. ഓട്ടോ റിക്ഷകളും ഓടിത്തുടങ്ങിയതോടെ നിരത്തുകളിൽ തിരക്കേറി. ഒരു യാത്രക്കാരനെ പാടുള്ളൂ എന്ന സർക്കാർ നിബന്ധന പാലിച്ചാണ് ഓട്ടം പോകുന്നത്. നഷ്ടമാണെങ്കിലും ഓട്ടത്തിന് അനുമതി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഓട്ടോ ഡ്രൈവർമാർ. ഓട്ടോയിൽ കയറുന്നതിന് മുമ്പും കൈകഴുകൽ നിർബന്ധമാക്കിയിട്ടുണ്ട്. ജ്വല്ലറികളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും ബാർബർ ഷോപ്പുകളുമൊക്കെ 57 ദിവസത്തെ ലോക്ഡൗണിനു ശേഷം പ്രവർത്തിച്ചു തുടങ്ങി. കച്ചവടം കുറവാണെങ്കിലും തുറക്കാനുള്ള അനുമതി ലഭിച്ചതിലുള്ള സന്തോഷം ഇവർ പങ്കുവെക്കുന്നു. സാമൂഹിക അകലം വ്യാപാര സ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ട്.
ആശുപത്രികളിലും തിരക്കേറി. ശരാശരി മൂവായിരം പേർ എത്തിയിരുന്ന ഒ.പിയിൽ ലോക്ഡൗണിനെ തുടർന്ന് നാന്നൂറിലേക്ക് താഴ്ന്നിരുന്നു. ക്രമേണ സംഖ്യ ഉയരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചന്തകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിലും സമീപത്തെ റോഡുവക്കുകളിൽ നടക്കുന്ന പച്ചക്കറി കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് നീങ്ങുന്നു. അമ്പത് ശതമാനം ജീവനക്കാരെയാണ് ജോലിയിൽ പ്രവശിക്കാൻ അനുവദിച്ചിട്ടുള്ളത്. ജീവനക്കാർ കുറവുള്ള ഓഫീസുകളിൽ നൂറ് ശതമാനം ഹാജരായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. മാസ്‌ക് നിർബദ്ധമാക്കിയിട്ടുണ്ട്. നഗരങ്ങളിൽ എത്തുന്നവരിൽ അധികവും മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽ മാസ്‌ക് ബാധകമല്ല എന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സാമൂഹിക അകലം അത്രയൊന്നും പാലിക്കുന്നതുമില്ല.