Sorry, you need to enable JavaScript to visit this website.

ജന്മദിന കേക്ക് വേണ്ടെന്നുവെച്ചു; പണം ദുരിതാശ്വാസ നിധിയിലേക്ക്

ചേളന്നൂർ കോരായി ഗവ. എ.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ അഷ്‌ലിൻ ചാൻ സ്വരൂപിച്ചു വെച്ച 1895 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി പി.ടി.എ. റഹീം എം.എൽ.എയെ ഏൽപിക്കുന്നു.

കോഴിക്കോട് - തന്റെ ഏഴാം ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഷ്‌ലിൻ. 
വീട്ടൂകാരിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ചെറിയ സംഖ്യകൾ ഒരു  വർഷമായി കാശ് കുടുക്കയിൽ സംഭരിച്ചുവരികയായിരുന്നു ചേളന്നൂർ കോരായി ഗവ. എ.എൽ.പി സ്‌കൂളിലെ ഈ ഒന്നാം ക്ലാസുകാരൻ. നാട് പ്രതിസന്ധിയിലായ അവസ്ഥയിൽ തന്റെ ജന്മദിനാഘോഷം വേണ്ടെന്നുവെക്കാൻ ഈ മിടുക്കന് മടിയൊന്നുമുണ്ടായില്ല. കേക്കിനേക്കാൾ  മധുരമുള്ള മനസ്സുമായി ജന്മദിനത്തിൽ തന്റെ കൈവശമുള്ള 1895 രൂപ പി.ടി.എ റഹീം എം.എൽ.എയെ ഏൽപിക്കാൻ അഷ്‌ലിൻ രക്ഷിതാക്കളോടൊപ്പമാണ് എം.എൽ.എയുടെ വീട്ടിലെത്തിയത്. പടനിലം പുതിയേടത്ത് വിജേഷിന്റെയും ദിൽനയുടെയും മകനാണ് അഷ്‌ലിൻ.    


മാവൂർ ജി.എം.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക താത്തുർപൊയിൽ യശോദ ടീച്ചർ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 22,000 രൂപയും കുന്ദമംഗലം പഞ്ചായത്ത് ആറാം വാർഡ് ജനകീയ വികസന കമ്മിറ്റി 15,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് പി.ടി.എ റഹീം എം.എൽ.എയെ ഏൽപിച്ചു. കൊച്ചുകുട്ടികൾ മുതൽ വിവിധ മേഖലകളിലുള്ളവർ വരെ കൈ മെയ് മറന്ന് നൽകുന്ന സഹായം ഈ ദുരന്തത്തെ അതിജീവിക്കുന്നതിന് ഏവർക്കും പ്രചോദനമേകുമെന്ന് എം.എൽ.എ പറഞ്ഞു.

Latest News