റിയാദ് -സൗദിയില്‍ പിറക്കുന്ന കുട്ടികളെ ഓണ്‍ലൈന്‍ വഴി മാതാപിതാക്കളുടെ രേഖകളില്‍ ചേര്‍ക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ സേവനം ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴിയാണ് പുതിയ സേവനം ലഭിക്കുക. നവജാത ശിശുക്കളെ മാതാപിതാക്കളുടെ രേഖകളില്‍ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ അബ്ശിര്‍ വഴി നല്‍കുന്നതിനാണ് അവസരമൊരുക്കിയിരിക്കുന്നത്.
അപേക്ഷ പ്രകാരം ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കളെ മാതാപിതാക്കളുടെ രേഖകളില്‍ ചേര്‍ക്കും. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും ജവാസാത്ത് ആവശ്യപ്പെട്ടു.
പുതിയ സര്‍വീസിന്റെ കാര്യം ജവാസാത്ത് അറിയിച്ചിട്ടുണ്ടെങ്കിലും സൈറ്റ് ആക്ടീവായിട്ടില്ല. രണ്ടു മൂന്ന് ദിവസത്തിനകം പൂര്‍ണതോതില്‍ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം.
ജവാസാത്തില്‍ നിന്നുള്ള നിരവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. സമയവും അധ്വാനവും ലാഭിക്കാനും വേഗത്തിലും ഉയര്‍ന്ന ഗുണമേന്മയിലും സേവനങ്ങള്‍ ലഭിക്കാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോക്താക്കളെ സഹായിക്കുന്നതായി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.