മൂന്നു മുന്നണികൾ മൂന്ന് അഭിപ്രായങ്ങൾ പറയും. കുറുമുന്നണി, ഗ്രൂപ്പുകൾ ഇത്യാദി കച്ചവടങ്ങൾ എല്ലാ മുന്നണികൾക്കും ഒരു അലങ്കാരമാണ്. അതിനാൽ അഭിപ്രായ പ്രകടനം മുന്നൂറ് വരെ ആകാം. പക്ഷേ, എവിടെയും 'കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്' എന്ന കാര്യത്തിൽ മാത്രം, ങേ ഹേ, ഒരു മാറ്റവുമില്ല.
കേന്ദ്രമന്ത്രി വി. മുരളീധരൻ നാട്ടിൽ കറങ്ങി നടക്കുന്നുവെന്ന് മാർക്‌സിസ്റ്റുകാർ ആക്ഷേപിക്കും. അത് അവർക്കൊരു ഹോബിയാണ്. അങ്ങോർ കേന്ദ്ര നടപടികളൊന്നും അറിയുന്നില്ല എന്ന് പിണറായി വിജയൻ പരിഹസിക്കും.
അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഒന്നു പുറത്തിറങ്ങി സിഗരറ്റോ ബീഡിയോ കത്തിച്ചേനെ; അല്ലെങ്കിൽ ഒരു കട്ടൻചായ..... പക്ഷേ നമ്മുടെ മുഖ്യമന്ത്രി സഖാവിന് അത്തരം മൈനർ ദുശ്ശീലങ്ങളൊന്നുമില്ല. അപ്പോൾ, മാനസിക പിരിമുറുക്കത്തിന് അൽപം അയവു വരുത്താനുള്ള പരിപാടിയാണ് എതിരാളികളെ ഒന്നു പരിഹസിച്ചേക്കുക! അതോടെ സഖാവ് സാധാരണ നില കൈവരിക്കുന്നു. മുരളീധരനോ, ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഒന്നു കയറിപ്പോയതിന്റെ പേരിൽ സ്വയം ക്വാറന്റൈനിൽ പോയ കക്ഷിയാണ്. ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ത്യാഗം നിമിത്തം എത്രയോ പത്രപ്രസ്താവനങ്ങൾ നമുക്ക് നഷ്ടമായി! ദിവസം പ്രതി ദില്ലിയിലേക്കു ഫോൺവിളിക്കുന്ന കക്ഷിയാണ്. രാജ്യതാൽപര്യമാകാൻ തരമില്ല. പാർട്ടി പ്രസിഡന്റ് നദ്ദയും സൂപ്പർ പ്രസിഡന്റ് ഷാജിയും ഇങ്ങോട്ടു വിളിക്കുന്നത് ഒഴിവാക്കാമല്ലോ. 'മൂടില്ലാതാളി' പോലെയാണ് ഇപ്പോഴും പാർട്ടിയുടെ കേരളനില! കേന്ദ്ര കരുണയാൽ മൂന്നുനേരം ആഹാരം കഴിച്ചുപോരുന്നു. അതിനുള്ള ജോലിയെങ്കിലും ചെയ്യേണ്ടേ? അതിനാൽ മേൽപടി സഹമന്ത്രി 'മാരാർജി ഭവ'ന്റെ മുറ്റത്തു കറങ്ങി നടക്കും. വാന- ഭൂമി - ചാനൽ നിരീക്ഷണങ്ങൾ, പത്രപാരായണം എന്നീ നിത്യകർമങ്ങൾക്കു ശേഷം ഇടതുമുന്നണിയുടെ ഗ്രാഫ് താഴോട്ടു പോകുന്നതായി ഒരു റിപ്പോർട്ട് ദില്ലിക്കയ്ക്കും. കോവിഡ്- 19 എന്നൊരു കാര്യം റിപ്പോർട്ടിൽ ഭൂതക്കണ്ണാടി വെച്ചു നോക്കിയാലും കാണില്ല. ആ മുരളീധരനെയാണ് മുഖ്യൻ തൊട്ടുകളിച്ചത്. നാട്ടുകാരായ മുല്ലപ്പള്ളിയും എം.ടി. രമേശും ചാടിയിറങ്ങി; അങ്കക്കലി പൂണ്ടു. പ്രത്യാക്രമണം എ. സമ്പത്തിനു നേരേ വെച്ചുപിടിച്ചു. കാബിനറ്റ് റാങ്കുള്ള ദില്ലിയിലെ കേരള അംബാസഡറാണ് സഖാവ്. സമ്പത്ത് അതു വാങ്ങി, ഇതു വാങ്ങി, 12 ലക്ഷം ടി.എ വാങ്ങി തുടങ്ങിയ ശരഘോഷം! ആരോപണങ്ങളുടെ പെരുമഴക്കാലം- കൊറോണ വരുമെന്നറിഞ്ഞ് നേരത്തെ വിമാനം പിടിച്ച് തിരുവനന്തപുരത്തെത്തി, ദൽഹി അനാഥമായി, അവിടെ ഏകോപനമൊന്നും മഷിയിട്ടു നോക്കിയാലും കാണാനില്ല എന്നൊക്കെയായി. അനന്തരം മുഖ്യമന്ത്രി ഉവാച:- അതൊക്കെ മുമ്പേ അറിയാൻ സമ്പത്തിനു ദിവ്യദൃഷ്ടിയുണ്ടെന്നു തോന്നുന്നില്ല!
ശരിയാണ്. മുമ്പ് എം.പി ആയിരുന്നപ്പോൾ സമ്പത്തിന്റെ വീട്ടിൽ മാത്രം നാലു തവണയാണ് കള്ളൻ കയറിയത്. മറ്റേ ദൃഷ്ടിയുണ്ടായിരുന്നെങ്കിൽ ആദ്യ മോഷണത്തോടെ അധ്യായം അടച്ചേനെ! സഖാവിന്റെ പേരു കേട്ടാൽ ആരും തെറ്റിദ്ധരിക്കും. യഥാർഥത്തിൽ അദ്ദേഹത്തിന് ദില്ലിയിൽ ചില്ലിക്കാശിന്റെ സമ്പത്തില്ല!
**** **** ****
'ക്വാറന്റൈൻ' എന്ന ആംഗലം തന്നെ വേണോ എന്ന് ഭാഷാ സ്‌നേഹം മൂത്തവർ പരിശോധിക്കണം. എഴുത്തും വായനയും ഇടപാടുകളും വാചകമടിയുമെല്ലാം മലയാളത്തിലാക്കണമെന്ന് നിർബന്ധമുള്ളവർ ചാരി നിൽക്കുന്നത് ഇടതുപക്ഷത്താണ്. പക്ഷേ, മുഖപത്രം ഇപ്പോഴും ക്വാറന്റൈൻ വിടാതെ നിൽക്കുന്നു. സർക്കാർ വക സർക്കുലറുകൾ മലയാളത്തിലാക്കി 'ന്യൂ ജെൻ സർവീസ് നവജീവനക്കാരെ' ഞെട്ടിച്ച സർക്കാരാണ് ഭരണത്തിൽ. ഏറ്റവും ഒടുവിൽ പി.എസ്.സി വക ചോദ്യങ്ങളും ഉത്തരങ്ങളും വരെ മാതൃഭാഷയിൽ മതി എന്നായി. ഇംഗ്ലീഷ് മീഡിയത്തിൽ മാത്രം പഠിച്ചവരും വീട്ടിൽ ആംഗലം മാത്രം ഇരുവിട്ടു വളർന്നവരും അന്തംവിട്ടു നിൽപ്പാണ്. ജനിച്ചതിനു ശേഷം ഇന്നേ വരെ അച്ഛനമ്മമാരെ ഒന്നിച്ചു കണ്ടിട്ടില്ലാത്തവർ സന്തോഷിക്കുന്നുണ്ടെങ്കിലും 'ക്വാറന്റൈൻ' 'ക്വാറെലി'ലേക്കു മാറുമോ എന്ന ഭയാശങ്കയും സർവത്ര! പഴയ കാലമല്ല, 'മീടൂ'വും വിമെൻ ഇൻ ആക്ടീവുമൊക്കെ അന്തരീക്ഷത്തിൽ പാറി നടക്കുകയാണ്. തുല്യാവകാശം വീട്ടിനകത്തു മുദ്രവാക്യമായാൽ അപകടമാകുമെന്നാണ് വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും കണ്ടെത്തൽ. ചൈനയിൽ 'ബേബി ബൂം' തുടങ്ങുമോ എന്ന ഭയത്താലാണ് സർക്കാർ കഴിയുന്നതത്രേ! ച്ചാൽ, പുറത്തിറങ്ങാതെ കെട്ടിപ്പിടിച്ചിരുന്നാൽ, കൊറോണക്കാലം കഴിയുന്നതോടെ വീടുകളിൽ 'പ്രസവകാലം'തുടങ്ങും. ഇപ്പോൾ തന്നെ, ജനസംഖ്യ നിമിത്തം ഒന്നാം സ്ഥാനത്താണ്. അക്കാര്യത്തിലാണ് കേരളം ഭാഗ്യം ചെയ്ത സംസ്ഥാനമാകുന്നത്. ഗാർഹിക പീഡനം ഏറുന്നുവെന്നാണ് കണക്ക്. അങ്ങനെ ഏറിവരുമ്പോൾ 'കോവിഡൈവോഴ്‌സ്' എന്ന പുതിയ പദത്തിനും സ്ഥാനലബ്ധിയുണ്ടാകുന്നു. ച്ചാൽ, കോവിഡുകാല പ്രശ്‌നങ്ങൾ നിമിത്തം നടക്കുന്ന വിവാഹ മോചനങ്ങൾ! വരട്ടെ, വരട്ടെ, 'നാടോടുമ്പോൾ നടുവേ ഓടണ'മെന്നാണ് ശാസ്ത്രം. നടുവില്ലെങ്കിലും ഓരം പറ്റിയെങ്കിലും ഓടണം.
**** **** ****
കോൺഗ്രസ് മൂന്ന് എമ്മെല്ലേമാരെയും രണ്ട് എം.പിമാരെയും 'ക്വാറന്റൈനി' ലാക്കിയത്രേ!... വാദി പ്രതിയായി! മന്ത്രി എ.സി മൊയ്തീനെ അതിനകത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പാവം ജനപ്രതിനിധികൾ ഇറങ്ങിപ്പുറപ്പെട്ടത്! അവർ പുലിവാല് പിടിച്ചു. എന്നാൽപ്പിന്നെ 'ക്വാറൈന്റൻ' എന്നു ലോക്കൽ സഖാക്കൾക്കു പോലും ഉച്ചരിക്കാൻ കഴിയാത്ത പ്രയോഗം എന്തിനാണ്? 'അറസ്റ്റെ'ന്നു പറഞ്ഞാൽ അവരും തുള്ളിച്ചാടുമല്ലോ! കോൺഗ്രസിന്റെ അഞ്ചുപേർ 'ഹൗസ് അറസ്റ്റി'ലായിരുന്നെങ്കിൽ അത് ഭരണ പാർട്ടിക്ക് അടപ്രഥമൻ പാനം ചെയ്ത സന്തോഷവും സംതൃപ്തിയും നൽകിയേനെ. ഇമേജ് തകർന്ന കോൺഗ്രസിന് ഓക്‌സിജൻ ലഭിച്ച ആശ്വാസവും പകർന്നേനെ! 'നിരീക്ഷണ ക്യാമ്പ്' എന്നു മലയാളീകരിക്കാം. പക്ഷേ, അതു നേതൃഗുണമുള്ള ന്യൂജെൻ കോൺഗ്രസുകാരെ അടയ്ക്കാനുള്ള സ്ഥലമല്ല. അവർക്കു കുറച്ചുകൂടി മാന്യത നൽകണം.
**** **** ****
കൊറോണക്കാലം വരുത്തിത്തീർത്ത വലിയൊരു മാറ്റം. 'മൈക്ക് സെറ്റിന്റെ' കഥ കഴിച്ചു എന്നതു തന്നെ. പെട്രോൾ, ഡീസൽ, ലൗഡ് സ്പീക്കർ എന്ന മുറയ്ക്കായിരുന്നു മലിനീകരണം. ആദ്യ രണ്ടെണ്ണത്തിന്റെ കാര്യം പറയാറായിട്ടില്ല. 'ലോക് ഡൗൺ' ഇളവുകൾ പുറത്തുവരുന്നതോടെ, റോഡിലേക്കു കുതിക്കാൻ തയാറായി നിൽക്കുകയാണ് വാഹനങ്ങൾ! പക്ഷേ, നാട്ടുകാർക്ക് മൈക്ക്ശല്യം കുറഞ്ഞപ്പോൾ വീട്ടുകാർക്ക് 'മൊബൈൽ' ശല്യം കൂടി. അതിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്ന പല പരിപാടികളും 'എ' സർട്ടിഫിക്കറ്റ് നിറഞ്ഞവയാണെന്നു വന്നതോടെ, ഉപഭോക്താക്കൾ ഇരട്ടിയോട് ഇരട്ടി! സൈബർ യുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ ശംഖു വിളിയാണോ എന്നറിയില്ല, പക്ഷേ, കെ.പി.സി.സി സൈബർ സെൽ നേതാവ് വി.ഡി. സതീശൻ പുറപ്പാടു തന്നെ ഗംഭീരമാക്കി.
കോൺഗ്രസ് പ്രവർത്തകർ വാറ്റു ചാരായവുമായി പിടിയിലായതിനെ ഒന്നു തോണ്ടിയ ഒരു ഇടതനെയാണ് തലങ്ങും വിലങ്ങും ഭാവി പ്രസിഡന്റായ സതീശൻ അടിച്ചുരുട്ടിയത്. തെറിപ്പദങ്ങൾ ബാങ്കു ദേശസാൽക്കരണം പോലെ അംഗീകരിക്കേണ്ട ഒരു വ്യവസായമാണെന്നേ, ഫേസ്ബുക്കിലെ തെറികൾ കണ്ടാൽ തോന്നുകയുള്ളൂ. ഇപ്പോൾ 'കിടച്ചതല്ല, അളയിൽ കൈയിട്ടാൽ ഇതിലും വലുത് പുറത്തേക്കു പോരും' എന്നാണ് സൈബർ സെല്ലിന്റെ നില. പുതിയ മനോഹരമായ തെറിപ്പദങ്ങളും പാട്ടുകളും അവതരിപ്പിച്ച് ന്യൂജെൻ വോട്ടറന്മാരെ കൈയിലെടുക്കാൻ ടി കോൺഗ്രസ് സെൽ തയാറെടുത്തു കഴിഞ്ഞു. വെൺമണിക്കവിതകൾ തുടങ്ങി തിക്കുറിശ്ശി സുകുമാരൻ നായരുടെ പാരഡികൾ വരെ ഇതിലേക്ക് കാണാപ്പാഠം പഠിക്കുന്ന തിരക്കിലാണ് സെൽ കോൺഗ്രസുകൾ. കെ.പി.സി.സി വൈസ് പ്രസിഡന്റിന്റെ മുറിയിൽ പാരഡി ആചാര്യനായ തിക്കുറിശ്ശിയുടെ ഫോട്ടോ വയ്ക്കുന്ന കാര്യം അടുത്ത നിർവാഹക സമിതി ചർച്ച ചെയ്യുമെന്ന് അറിയുന്നു.