Sorry, you need to enable JavaScript to visit this website.

യു.എ.ഇ പൊതുമാപ്പ്; പിഴയിളവ് രാജ്യം വിടുന്നവർക്ക് മാത്രം

ദുബായ്- യു.എ.ഇയിൽ വിസ നിയമലംഘകർക്ക് പ്രഖ്യാപിച്ച പിഴയിളവ് ഓഗസ്റ്റ് 18നകം രാജ്യം വിടുന്നവർക്ക് മാത്രമേ ബാധകമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ 18 മുതൽ മൂന്നു മാസത്തേക്കാണ് യു.എ.ഇ സർക്കാർ വിസ നിയമലംഘകർക്ക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് ഒന്നിന് മുമ്പുള്ള വിസാ സംബന്ധമായ എല്ലാ പിഴകളും റദ്ദാക്കി കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്.
അതേസമയം, മാർച്ച് ഒന്നിന് മുമ്പ് താമസ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ പുതിയ വിസയിലേക്ക് മാറി യു.എ.ഇയിൽ തുടരുന്നത് നിയമപരമാക്കിയാലും നിലവിലെ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യം വിടുന്നവർക്ക് മാത്രമാണ് പിഴ ഇളവ് ബാധകം. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷം അവസാനം വരെ വിസാകാലാവധി നീട്ടി നൽകിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാർ, സ്‌പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടിപ്പോയവർ, എംപ്ലോയ്‌മെന്റ് കോൺട്രാക്റ്റ് , ലേബർ കാർഡ് നിയമങ്ങൾ ലംഘിച്ചവർ, സന്ദർശക വിസയിലും മറ്റും എത്തി കാലാവധി കഴിഞ്ഞും തുടരുന്നവർ ഇവർക്കൊക്കെ പിഴയൊടുക്കാതെ രാജ്യം വിടാം. ഇവർക്ക് യു.എ.ഇയിലേക്ക് തിരിച്ചു വരുന്നതിനോ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനോ ഒരു നിയമ തടസ്സവും ഉണ്ടാകില്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ വ്യാഴാഴ്ച നടത്തുന്ന പത്രസമ്മേളനത്തിൽ വിശദീകരിക്കും.

 

Latest News