തിരുവനന്തപുരം- കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. ജൂൺ ആദ്യ വാരം നടത്താനാണ് നിലവിലെ തീരുമാനം. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇപ്പോൾ പരീക്ഷ നടത്തരുതെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. വിദ്യാർഥികൾ കൂട്ടത്തോടെ എത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്‌നം. ക്വാറൻറൈൻ, ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ നിന്നുള്ള കുട്ടികളും പരീക്ഷ എഴുതാനുണ്ടെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെക്കുകയുണ്ടായി. കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിലും സ്‌കൂളുകൾ തുറക്കരുതെന്നാണ് ഉണ്ടായിരുന്നത്.