Sorry, you need to enable JavaScript to visit this website.

'ഒരാഴ്ച ഡ്യൂട്ടിക്ക് ഒരാഴ്ച വിശ്രമം':  പോലീസ് സേനയിൽ ആശ്വാസം

കാസർകോട്- രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങായി സർക്കാരിന്റെ പരിഷ്‌കരണ ഉത്തരവ്. ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച വിശ്രമം സമ്പ്രദായം കാസർകോടും ചൊവ്വാഴ്ച മുതൽ നടപ്പാക്കി. സ്റ്റേഷനുകളിൽ ഡ്യൂട്ടി എടുക്കുന്ന പോലീസുകാരുടെ എണ്ണം പകുതിയായി കുറയും. 30 പോലീസുകാരുള്ള സ്റ്റേഷനിൽ 15 പേർ വീതം ഓരോ ആഴ്ചയും മാറിമാറി ഡ്യൂട്ടിക്ക് ഉണ്ടാകും. സിവിൽ പോലീസ് ഓഫീസർ മുതൽ എസ്.ഐ വരെയുള്ളവർക്കാണ് അവധി ആനുകൂല്യം. 
സി.ഐമാർ സ്റ്റേഷനിൽ ഒരാൾ മാത്രമായതിനാൽ ഉത്തരവ് പ്രകാരം അവധി കിട്ടില്ല. എന്നാൽ നീക്കുപോക്ക് അവധിയെടുക്കാം. അതേസമയം ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി തുടങ്ങിയ സ്പെഷ്യൽ വിംഗുകളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാകില്ല. 
സ്പെഷ്യൽ വിംഗിലെ ക്രമസമാധാനപാലന ഡ്യൂട്ടി എടുക്കുന്നവർക്ക് ഒരാഴ്ച അവധിയിൽ പോകാൻ അനുമതിയുണ്ടാകും. തീരുമാനം മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. 


വയനാട്ടിലടക്കം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെ ഭൂരിഭാഗം സേനാംഗങ്ങൾക്കും ക്വാറന്റൈനിൽ പോകേണ്ടി വന്ന സാഹചര്യം ഉണ്ടായതോടെയാണ് പോലീസിന്റെ പ്രവർത്തനം താറുമാറാകാതിരിക്കാൻ ഒരാഴ്ച ജോലി ഒരാഴ്ച വിശ്രമം എന്ന തീരുമാനത്തിലെത്താൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. 
കോവിഡിന്റെ തുടക്കത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും വ്യക്തമായ കാരണമില്ലാതെ ലീവ് നൽകരുതെന്ന് കർശന നിർദ്ദേശമാണ് മേലധികാരികൾ നൽകിയിരുന്നത്. നിരന്തരമായ ജോലികാരണം പലവിധ മാനസിക പ്രയാസത്തിലായിരുന്ന, പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ തീരുമാനം ഏറെ ആഹ്ളാദം പകരുന്നതാണ്. 
മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യത്തിലധികം ലീവ് ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസ് സേനാംഗങ്ങൾ ഊണും ഉറക്കവും ഒഴിഞ്ഞ് ജോലി ചെയ്ത് കൊണ്ടിരുന്നത്. ഇപ്പോൾ ട്രെയിനിംഗ് ക്യാമ്പിൽ ഉണ്ടായിരുന്നവരെ വരെ ട്രെയിനിംഗ് താൽക്കാലികമായി നിർത്തിവെച്ച് വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിർത്തിയിരുന്നു. ആവശ്യത്തിന് പോലീസ് ഫോഴ്സ് ഇല്ലാത്തത് കൊണ്ട് കോവിഡിന് മുമ്പ് പോലും കൃത്യമായ അവധി പോലീസ് സേനാംഗങ്ങൾക്ക് ലഭിച്ചിരുന്നില്ല. പോലീസ് സേനയിലും എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കഝക്ത വിശ്രമം' എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഒരാഴ്ച വിശ്രമം ലഭിക്കുമെന്നത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബാംഗങ്ങളോടൊത്ത് കഴിയാൻ കൂടുതൽ സമയം ലഭിക്കുകയും ഉന്മേഷം വർദ്ധിക്കുകയും ചെയ്യും. 


സർക്കാരിന്റെ പുതിയ ഉത്തരവ് നടപ്പാക്കുന്നത് കഠിനമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കുന്നതിന് ഏറെ പ്രയോജനപ്പെടും. ഓരോ ആഴ്ചയും ഡ്യൂട്ടിയിലുള്ള പകുതിപേർക്ക് വിശ്രമം നൽകി സേനാംഗങ്ങളുടെ ജീവിതരീതി മാറ്റുകയും ഉന്മേഷം വർധിപ്പിക്കുകയും ചെയ്യുന്ന തീരുമാനം കൈക്കൊണ്ട സർക്കാരിനെയും ഡി ജി പിയെയും അഭിനന്ദിക്കുകയാണെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സെക്രട്ടറി പി.പി മഹേഷ് പറഞ്ഞു. 

 

Latest News