Sorry, you need to enable JavaScript to visit this website.

ക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി

കൊച്ചി- ഇന്ത്യൻ എംബസി ക്ഷേമനിധി പാവപ്പെട്ട വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി. ഗൾഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്) വിനിയോഗിച്ച് പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാരിനും എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹരജി. 
കോടതിയുടെ പരിഗണനക്കുവന്ന ഹരജിയിൽ വെള്ളിയാഴ്ചക്കുമുമ്പ് കേന്ദ്രസർക്കാർ നിലപാടറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശം നൽകി. സർക്കാർ നിർദേശത്തിനുവേണ്ടി കൂടുതൽ സമയം അനുവദിക്കണമെന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ അഭ്യർഥന കോടതി തള്ളി. കേസ് വീണ്ടും വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്കു വരും.  
വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹരജിക്കാർ. 


കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലാവുകയും നാട്ടിൽ വരാൻ വിമാന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്തവരുമായ യു.എ.ഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭർത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ ക്ഷേമനിധിയിൽനിന്നും തുക അനുവദിക്കണമെന്നാണ് ഒന്നും രണ്ടും മൂന്നും ഹരജിക്കാരികളുടെ ആവശ്യം. 
എന്നാൽ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലുള്ള ക്ഷേമനിധികളിലെ നൂറു കോടിയിൽപ്പരം രൂപ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പാവപ്പെട്ട ഇൻന്ത്യൻ തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്നാണ് നാലാം ഹരജിക്കാരനായ പൊതുപ്രവർത്തകൻ ജോയ് കൈതാരത്തിന്റെ ആവശ്യം.


കേന്ദ്രസർക്കാരും, റിയാദിലെയും ദോഹയിലെയും ഇൻന്ത്യൻ എംബസികളിലെ അംബാസഡർമാരും ദുബായിലെയും ജിദ്ദയിലെയും ഇൻന്ത്യൻ കോൺസുലേറ്റ് ജനറൽമാരുമാണ് എതിർ കക്ഷികൾ. ഫണ്ടിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും ജോയ് കൈതാരത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും കൊടുത്ത നിവേദനങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റിയാദിലെ 'ഇടം സാംസ്‌കാരികവേദി' ദുബായിലെ 'ഗ്രാമം' ദോഹയിലെ 'കരുണ' എന്നീ സംഘടനകളുടെ സംയുക്ത ശ്രമഫലമായാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അഡ്വ. പി. ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ. ജോർജ്ജ്, അഡ്വ. ആർ. മുരളീധരൻ എന്നിവരാണ് ഹരജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.

 

Latest News