ദോഹ- ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ അണുവിമുക്ത റോബോട്ടുകളുടെ സേവനങ്ങളും തെര്‍മല്‍ സ്‌ക്രീനിംഗ് ഹെല്‍മറ്റുകളും ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധി പ്രതിരോധ നടപടികളുമായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം.
എല്ലാ ജീവനക്കാരുടേയും യാത്രക്കാരുടേയും ആരോഗ്യ സുരക്ഷക്കായി അണുവിമുക്ത റോബോട്ടുകളുടെ സേവനം ഉപയോഗിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്. സ്വയം പ്രവര്‍ത്തിക്കുന്നതും കേന്ദ്രീകൃത യു.വി.സി വെളിച്ചം പുറപ്പെടുവിക്കുന്നതുമായ അണുവിമുക്ത റോബോട്ടുകള്‍ ഭൂരിഭാഗം രോഗാണുക്കളെയും തടയാന്‍ ഫലപ്രദമാണ്. പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യത കൂടുതലുള്ള യാത്രക്കാരുള്ള ലോഞ്ചുകളിലാകും രോഗാണുക്കളുടെ വ്യാപനം കുറയ്ക്കാന്‍ റോബോട്ടുകളെ വിന്യസിപ്പിക്കുക.
വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. യാത്രക്കാരുടെ ശരീര ഊഷ്മാവ് അറിയാന്‍ സ്മാര്‍ട് തെല്‍മല്‍ സ്‌ക്രീനിംഗ് ഹെല്‍മെറ്റുകളാണ് ഉപയോഗിക്കുക. സുരക്ഷിതവും കൊണ്ടുനടക്കാവുന്നതും ഫലപ്രദവുമാണിവ. സമ്പര്‍ക്കമില്ലാതെ തന്നെ ശരീര ഊഷ്മാവ് അളക്കാം. ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമേജിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗുമെന്റഡ് റിയാലിറ്റി ഡിസ്‌പ്ലേ എന്നീ സവിശേഷതകളും ഹെല്‍മറ്റിനുണ്ട്.
യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ എന്നിവരുടെയെല്ലാം ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുമെന്ന് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ വിശദീകരിച്ചു.