ദുബായ്- കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദേശീയ അണുനശീകരണ യജ്ഞം രാത്രി എട്ട് മുതല്‍ രാവിലെ 6 വരെയാക്കി പുനഃക്രമീകരിച്ചു. ഈ മാസം 20 (റമദാന്‍ 27) മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതായിരിക്കും സമയം. പെരുന്നാള്‍ പ്രമാണിച്ചാണ് പുതിയ തീരുമാനം. മാസപ്പിറവി കാണുന്നതതിനനുസരിച്ച് ഈ മാസം 23 നോ 24നോ ആയിരിക്കും പെരുന്നാള്‍.
പെരുന്നാള്‍ അവധി ദിനങ്ങളില്‍ മാളുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും അധികൃതര്‍ ഉറപ്പാക്കും. പെരുന്നാളിന് ശേഷം മാളുകളുടെയും ഷോപ്പിങ് സെന്ററുകളുടെയും സമയം വീണ്ടും പ്രഖ്യാപിക്കുന്നതാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ പെരുന്നാള്‍ നമസ്‌കാരം എല്ലാവരും അവരവരുടെ വീടുകളില്‍ നിര്‍വഹിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.