ദുബായ്- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് ശരീരോഷ്മാവ് അളക്കുന്ന സി.സി.ടി.വി ക്യാമറകള്‍ പരീക്ഷിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതില്‍ ജനം വീഴ്ച വരുത്തുണ്ടോ എന്നറിയാനും ഈ ക്യാമറകള്‍ക്ക് സാധിക്കും. നിര്‍മിത ബുദ്ധി വഴി പുറത്തിറങ്ങുന്നവരുടെ ശരീരോഷ്മാവ് അളക്കുന്ന രീതിയിലാണ് നിരീക്ഷണ ക്യാമറകള്‍ സംവിധാനിച്ചിരിക്കുന്നത്. നിലവില്‍ പരീക്ഷണാര്‍ഥമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെങ്കിലും വൈകാതെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷ -ബ്രിഗേഡിയര്‍ ഖാലിദ് നാസ്സര്‍ അല്‍ റസൂഖി പറഞ്ഞു.
അല്‍ ഉയൂന്‍ എന്ന പേരില്‍ നിലവിലുള്ള സംവിധാനം തന്നെയാണിത്. തുടക്കത്തില്‍ മുഖം തിരിച്ചറിഞ്ഞും പെരുമാറ്റ പരിശോധന നടത്തിയും കുറ്റവാളികളെ കണ്ടെത്താനായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ശരീരോഷ്മാവ് അളക്കുന്ന സൗകര്യംകൂടി പുതുതായി സംവിധാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിശദമാക്കി. ഷോപ്പിംഗ് മാളുകള്‍ അടക്കം ആളുകള്‍ കൂടുന്നിടത്തെല്ലാം ക്യാമറകള്‍ സ്ഥാപിക്കും. രണ്ട് മീറ്റര്‍ അകലം പാലിക്കാതെ ആളുകള്‍ പരസ്പരം അടുക്കുമ്പോള്‍ ഈ സി.സി.ടി.വി ക്യാമറ അലാറം മുഴക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.