കൊളംബസും മെഗല്ലനും ആശ്രയിച്ചത് അൽഫർഗാനിയുടെ ഭൂമിക്കണക്കുകൾ
ഒമ്പതാം നൂറ്റാണ്ടിൽ ഭൂമിയുടെയും മറ്റു ആകാശ ഗോളങ്ങളുടെയും വ്യാസവും ദൂരവും അളന്ന് ഗോളശാസ്ത്ര രംഗത്ത് വിപ്ലവങ്ങൾ തീർത്ത് ഇന്നും ശാസ്ത്രലോകത്തിന്റെ സ്മൃതി മണ്ഡലത്തിൽ വിരാചിക്കുന്ന മുസ്ലിം ശാസ്ത്രജ്ഞനാണ് അബുൽ അബ്ബാസ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ കസീർ അൽഫർഗാനി. ഏഴാം അബ്ബാസി ഖലീഫയായിരുന്ന മഅ്മൂനിന്റെ കാലത്തെ അറിയപ്പെട്ട ഗോളശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം അൽഖവാരിസ്മി, ബനൂ മൂസാ, സനദ് ബിൻ അലി എന്നിവരുടെ സമകാലികനായിരുന്നു. ഉസ്ബക്കിസ്ഥാൻ പ്രിസിഡന്റ് ഇസ്ലാം കരീമോവിന്റെ ആവശ്യപ്രകാം 1998 ൽ യുനസ്‌കോയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 1200 ാം ജന്മദിനം ആഘോഷിക്കുകയും ഫർഗാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തിരുന്നു.
ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ഫർഗാനയിൽ 798 ലാണ് ജനനം. പിന്നീട് ബഗ്ദാദിലേക്ക് കുടിയേറുകയും അവിടെ താമസമാക്കുകയും കാലങ്ങൾക്ക് ശേഷം കയ്‌റോയിലേക്ക് മാറിത്താമസിക്കുകയും ചെയ്തു. ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം എന്നിവയിൽ അവഗാഹം നേടിയ അദ്ദേഹം പിന്നീട് ഖലീഫ മഅ്മൂനിന്റെ സന്തത സഹചാരിയായി. മർസ്വദുശ്ശമ്മാസിയയെന്ന ബഗ്ദാദിലെ ആദ്യ വാന നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവിയായി നിയമിക്കപ്പെടുകയും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഖലീഫ അദ്ദേഹത്തിന് സർവ സജ്ജീകരണങ്ങളൊരുക്കുകയും ചെയ്തു.
സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനങ്ങൾ മനസ്സിലാക്കാനുപയോഗിച്ചിരുന്ന അനലോഗ് കമ്പ്യൂട്ടറായ ആസ്‌ട്രോലാബിന്റെയും സൂര്യഘടികാരത്തിന്റെയും രൂപഘടനയിൽ പരിഷ്‌കാരം വരുത്തിയ അദ്ദേഹം ഭൂഗോളത്തെ ഏറ്റവും അടുത്ത് നിന്ന് പഠിക്കാൻ ശ്രമിച്ചു. അക്ഷാംശരേഖ അളക്കുന്നതിൽ അഗ്രഗണ്യനായ അദ്ദേഹം ഭൂമിയുടെ വ്യാസത്തെ കുറിച്ച് വിശദമായി പഠിക്കാൻ ഖലീഫ മഅ്മൂനിന്റെ നിർദേശപ്രകാരം ബനൂ മൂസയോടൊപ്പം സിഞ്ചാർ മരുഭൂമിയിലേക്ക് പോവുകയും അളവുപകരണങ്ങളുപയോഗിച്ച് ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഭൂമിയുടെ വ്യാസം 6500 മൈൽ ആണെന്ന് അദ്ദേഹം മെരിഡിയൻ ആർക്ക് ഉപയോഗിച്ച് കണ്ടെത്തി. അതുപോലെ വിവിധ ആകാശഗോളങ്ങളുടെയും വ്യാസം അളക്കാനും അദ്ദേഹം തയ്യാറായി. ഭൂമിയുടെ വ്യാസത്തേക്കാൾ 166 മടങ്ങ് സൂര്യനും 95 മടങ്ങ് വ്യാഴത്തിനും 90 മടങ്ങ് ശനിക്കുമുണ്ടെന്നും ചന്ദ്രന്റേത് 1/39 ഉം ചൊവ്വയുടേത് 15/8 ഉം ആണെന്ന് അദ്ദേഹം കണ്ടെത്തി. ആധുനിക ശാസ്ത്രം കണ്ടെത്തിയ അളവിനേക്കാൾ നേരിയ വ്യത്യാസമേ ഈ അളവിനുള്ളൂ. ടോളമിക്ക് ചില തിരുത്തലുകൾ നിർദേശിച്ച അദ്ദേഹം ഭ്രമണപഥങ്ങളുടെ ചെരിവ്, ഭൂമിയിൽ നിന്ന് സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള പരമാവധി ദൂരത്തിൽ വരുന്ന മാറ്റങ്ങൾ, ഭൂമിയുടെ ചുറ്റളവ് തുടങ്ങിയവ കുറേക്കൂടി കൃത്യമായി പുനർ നിർണയിക്കുകയും ചെയ്തു.
ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടുപിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂൻ ഉത്തരവാദിത്തപ്പെടുത്തിയെന്നും സിറിയയിലെ തദ്മൂറും റാഖ്ഖയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മിൽ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് അവർ മനസ്സിലാക്കുകയും അതുവഴി ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായി ശാസ്ത്രചരിത്രകാരനായ അഡ്വേർഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റിക്കൽ ജിയോഗ്രഫി എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകൾ പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനിക യന്ത്രങ്ങളുപയോഗിച്ച് ഇന്ന് കണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനിൽക്കുന്നതാണ് അവരുടെ നിരീക്ഷണമെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം രേഖപ്പെടുത്തി.
ഭൂമിയെയും ഗോളങ്ങളെയും കുറിച്ച് 15 ാം നൂറ്റാണ്ട് വരെ അൽഫർഗാനി (യൂറോപ്യർ വിളിക്കുന്നത് അൽഫ്രാഗനസ് എന്നാണ്)യുടെ കണ്ടെത്തലുകളായിരുന്നു ആധികാരികമായി ഉപയോഗിച്ചിരുന്നത്. ക്രിസ്‌റ്റൊഫർ കൊളമ്പസ് അമേരിക്ക കണ്ടുപിടിക്കാനുള്ള യാത്രയിൽ ഫർഗാനി രേഖപ്പെടുത്തിയ ഭൂമിയുടെ കണക്കുകൾ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഏഷ്യയിലേക്കുള്ള എളുപ്പ വഴി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഫർഗാനിയുടെ 7091 അടി അറബിക് മൈലിനെ 4856 അടി റോമൻ മൈൽ ആക്കിയത് കാരണമാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. മെഗല്ലനും അൽഫർഗാനിയുടെ കണക്കുകൾ തന്നെയായിരുന്നു ആധാരമാക്കിയിരുന്നത്. കോപർനിക്കസും തന്റെ ഗവേഷണങ്ങൾക്ക് ഇതുതന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. അത് കൊണ്ട് തന്നെ യൂറോപ്പിൽ ഗോളശാസ്ത്രത്തിന്റെ ഉയർച്ചയിൽ അൽഫർഗാനിക്ക് വലിയ പങ്ക് വഹിക്കാൻ സാധിച്ചു. പിൽകാലത്ത് അദ്ദേഹത്തിന്റെ ബഹുമാനാർഥം ചന്ദ്രനിലെ ഒരു ഗർത്തത്തിന് അൽഫർഗാനൂസ് എന്ന് പേരിട്ടിട്ടുണ്ട്.
ഗോള ശാസ്്ത്രം, നക്ഷത്ര ശാസ്ത്രം എന്നിവയിലെ പാണ്ഡിത്യത്തിന് പുറമെ അദ്ദേഹം മികച്ച എഞ്ചിനീയർ കൂടിയായിരുന്നു. 861 ൽ ഖലീഫ അൽമുതവക്കിൽ അദ്ദേഹത്തെ നൈൽ നദിയുടെ ജലനിരപ്പ് അളക്കുന്നതിനുള്ള നൈലോമീറ്റർ നിർമിക്കാനുള്ള മേൽനോട്ട ചുമതല നൽകി. പഴയ കൈറോയിൽ നൈൽ നദിയിലെ റൗദ ദ്വീപിൽ ആറു മാസം കൊണ്ട് നൈലോമീറ്റർ നിർമിക്കുകയും അദ്ദേഹത്തിന്റെ പേര് അതിന് നൽകുകയും ചെയ്തു. നൈൽ നദിയുടെ നിരപ്പിൽ നിന്ന് മുകളിലേക്ക് വെള്ളം പൊങ്ങുന്നത് അന്നത്തെ കർഷകർ മനസ്സിലാക്കിയിരുന്നത് ഈ നൈലോമീറ്റർ നോക്കിയായിരുന്നുവത്രെ. ഗ്രീക്ക്, തുർക്കി, ഈജിപ്ത്, ഉസ്ബക്കിസ്ഥാൻ വാസ്തുവിദ്യകൾ ഇടകലർന്ന ഒരു കെട്ടിടമായിരുന്നു നൈലോമീറ്റർ. മിനാരവും അതിന് താഴെ കിണറും ചെറിയ തോടുകളും ഉൾകൊള്ളുന്ന നൈലോമീറ്ററിലെ വെള്ളം പൊങ്ങുന്നതിനസരിച്ച് നൈലിന്റെ ഗതിവിഗതികൾ അവർ മനസ്സിലാക്കിയിരുന്നു. നൈലിലെ ജലനിരപ്പനുസരിച്ചാണ് ജനങ്ങളിൽ നിന്ന് അന്നത്തെ കാലത്ത് കരം പിരിച്ചിരുന്നത്. 1971ൽ അസ്‌വാൻ അണക്കെട്ട് നിർമിക്കുന്നത് വരെ ഇത് പ്രവർത്തനനിരതമായിരുന്നു. അംറു ബ്‌നു ആസ് യൂണിവേഴ്‌സിറ്റിക്ക് ശേഷം ഈജിപ്തിലെ രണ്ടാം ചരിത്ര സ്മാരകമാണ് ഫർഗാനിയുടെ ഈ നൈലോമീറ്റർ.
ജെറാർഡ് ഓഫ് ക്രിമോണ 12ാം നൂറ്റാണ്ടിൽ ലാറ്റിനിലേക്കും പിന്നീട് ഹിബ്രൂവിലേക്കും മൊഴിമാറ്റം നടത്തുകയും പരിഭാഷകൾ നിരവധി പ്രാവശ്യം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ജവാമിഉ ഇൽമിന്നുജൂം വൽഹറകാതു സമാവിയ്യ, കിതാബുൽ ജംഅ് വൽ തഫ്‌രീഖ്, അൽകിതാബു ഫിൽ ഉസ്തുർലാബ്, കിതാബുൽ അനാസിർ അൽതലാതീൻ, കിതാബു മജാലാത്തി നള്‌രിയ്യതിൽ ഹിസാബാത്ത് എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ടോളമിയുടെ അൽമജസ്റ്റിനെ അദ്ദേഹം ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ മാനിച്ച് ഉസ്ബകിസ്താനിലെയും ഈജിപ്തിലെയും എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ കൈറോയിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ പടുകൂറ്റൻ പ്രതിമ ഉസ്ബക്ക് പ്രസിഡന്റ് ഇസ്ലാം കരീമോവിന്റെ കൈറോ സന്ദർശനത്തിനിടെ 2007 ലാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൃത്യമായ രേഖകളില്ലെങ്കിലും 865ൽ കയ്‌റോയിലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.