യു.എ.ഇ വിസയുള്ള വിദേശികള്‍ക്കു ജൂണ്‍ ഒന്നു മുതല്‍ മടങ്ങിവരാം

അബുദാബി- യു.എ.ഇ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള വിദേശികള്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് വിദേശകാര്യമന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍സിഷിപ്പും അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 19 മുതല്‍ യു.എ.ഇ വിദേശികളെ താല്‍ക്കാലികമായി പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കൂടാതെ, കൊറോണ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിദേശികളെയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അതത് രാജ്യങ്ങളിലെ എംബസികളെയും കോണ്‍സുലേറ്റുകളെയും ബന്ധപ്പെട്ട് യു.എ.ഇ ധരിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഈയിടെ കാലാവധി തീര്‍ന്ന റെസിഡന്‍സി പെര്‍മിറ്റ് ഉടമകള്‍ക്ക് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൊറോണ ഭീതിയില്‍ ഒറ്റയടിക്ക് എന്ന നിലയില്‍ വിമാനത്താവളം അടച്ചിട്ടത് വഴി നിരവധി പേരാണ് വിദേശങ്ങളില്‍ കുടുങ്ങിയത്. തുടക്കത്തില്‍ വിദേശികളില്‍ ആര്‍ക്കൊക്കെയാണ് യു.എ.ഇയിലേക്ക് മടങ്ങുന്നതിന് അപേക്ഷിക്കാമെന്ന വിഷയത്തില്‍ ഒആശങ്ക നിലനിന്നിരുന്നു. കുടുംബത്തെയും മക്കളെയും തനിച്ചാക്കി വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് വീണ്ടും പ്രവേശനം നല്‍കുകയെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ രാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ള മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കുമെന്ന് ഐ.സി.എ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 

Latest News