Sorry, you need to enable JavaScript to visit this website.

തിരിച്ചെത്തുന്നവർക്കും വേണം, തൊഴിലുറപ്പ് 

കോവിഡിനെ തുടർന്ന് ഗൾഫ് മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും അവർ നാട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്നതോടെ മലബാർ മേഖലയുടെ വളർച്ച മുരടിക്കുമെന്ന അഭിപ്രായം ശക്തമാണ്. പ്രധാനമായും ഗൾഫ് പണത്തെ ആശ്രയിച്ച് ജീവിക്കുന്ന മലബാർ മേഖലയെ സംബന്ധിച്ച് ഈ ആശങ്ക യാഥാർഥ്യവുമായി ഏറെ ബന്ധമുള്ളതുമാണ്.
പ്രവാസികൾ തുമ്മിയാൽ മലബാറിന് പനി പിടിക്കും. ഇത് കോവിഡ് കാലത്ത് മാത്രമല്ല. ഗൾഫിൽ എന്നെല്ലാം സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ടോ അന്നെല്ലാം മലബാർ മേഖല ആശങ്കകളുടെ പനിക്കിടക്കയിലായിട്ടുണ്ട്. 90 കളിലെ ഗൾഫ് യുദ്ധം, ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗൾഫിൽ ശക്തമായ, സൗദിയിലെ നിതാഖാത്ത് പോലുള്ള സ്വദേശി വൽക്കരണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പ്രവാസികളുടെ തിരിച്ചുപോക്ക് വ്യാപകമായപ്പോഴെല്ലാം മലബാർ ജില്ലകളിൽ ആധി പെരുകിയിരുന്നു. 


മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോഴും മറ്റു കുറെ പേർ പുതിയ വിസകളിൽ ഗൾഫ് കുടിയേറ്റം തുടർന്നു കൊണ്ടിരുന്നതാണ് ആശങ്കളെ ഒരു പരിധി വരെ പ്രതിരോധിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്തെ ചിത്രം അതല്ല. ഒരാളുടെ വിസ കാൻസലാകുമ്പോൾ മറ്റൊരാൾക്ക് പുതിയ വിസ ലഭിക്കുമെന്ന പ്രതീക്ഷ ഇനി ഏറെ പുലരുമെന്ന് കരുതാനാകില്ല. 
കാരണം, ഗൾഫ് രാജ്യങ്ങളിലും കോവിഡ് കാലം കുടിയേറ്റക്കാരുടെ കാര്യത്തിൽ ചില പൊളിച്ചെഴുത്തുകൾക്ക് കാരണമായേക്കാം. സ്വദേശികളെ പോലും സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കുമ്പോൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതിനേക്കാൾ ആശങ്കയുണർത്തുന്നതാകും ഇനി വരാനിരിക്കുന്ന വിസാ നിയമങ്ങൾ. സ്വന്തം നാടിന്റെ രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മുൻതൂക്കം നൽകുന്ന വിസാ നിയമങ്ങൾക്കാകും ഇനി എല്ലാ രാജ്യങ്ങളും മുൻഗണന നൽകാനിരിക്കുന്നത്. അതിൽ കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങളിൽ പരിശോധനകൾ ശക്തമാകും. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസ അനുവദിക്കുന്നതിൽ കർശന നിർദേശങ്ങൾ വന്നേക്കാം. ഇന്ത്യയുടെ സാധ്യതകൾ എവിടെയാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇത് ലോകത്താകമാനം കുടിയേറ്റത്തിന്റെ വേഗം കുറച്ചേക്കാം. ഇത്തരത്തിലുള്ള ഒട്ടേറെ ആശങ്കകളുടെ കരിനിഴലുകളാണ് കോവിഡാനന്തര കാലം ഗൾഫ് കുടിയേറ്റത്തിന് മുകളിൽ പരത്തുന്നത്.


നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി എങ്ങനെ ജീവിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അവർ സ്വയം തൊഴിലുകൾ കണ്ടെത്തുകയും വരുമാനമുണ്ടാക്കുകയും ചെയ്‌തേക്കാം എന്ന ഒഴുക്കൻ ഉത്തരം ഇതിനുണ്ട്. എന്നാൽ പ്രവാസികളുടെ തൊഴിൽ പ്രശ്‌നം കുറെ കൂടി സംഘടിതമായി കാണേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാഴ്ചപ്പാട് പ്രവാസികളുടെ പുനരധിവാസം വേഗത്തിലും മാന്യവുമായി മാറ്റും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് നാട്ടിൽ തൊഴിലുറപ്പിക്കാൻ ആസൂത്രിതമായ പദ്ധതികൾക്ക് സർക്കാറും അനുബന്ധ ഏജൻസികളും ആലോചിക്കേണ്ടതുണ്ട്. പ്രവാസികൾക്കായി ഒരു തൊഴിലുറപ്പ് പദ്ധതി തന്നെ സർക്കാർ പ്രഖ്യാപിക്കണം. തൊഴിലുറപ്പെന്ന് കേൾക്കുമ്പോൾ പൊതുസ്ഥലങ്ങൾ ശുചീകരിക്കലും തോടു നന്നാക്കലുമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.  മാസത്തിൽ ഒരു നിശ്ചിത മണിക്കൂർ പ്രവാസികൾക്ക് അവരുടെ കഴിവുകൾ അനുസരിച്ചുള്ള ജോലികൾ ഉറപ്പാക്കുകയും അതുവഴി അവർക്ക് മാന്യമായ വരുമാനം ലഭ്യമാക്കുകയും വേണം. അവർക്ക് സ്വന്തമായി തൊഴിലോ ബിസിനസോ കണ്ടെത്തുന്നതു വരെ വരുമാനം ലഭിക്കാനുള്ള വഴിയായി ഇതിനെ കാണണം. രണ്ടു വർഷത്തേക്കെങ്കിലും തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കേണ്ടത്.


പണം കൈയിലുണ്ടെങ്കിലും പ്രവാസികളിൽ ഏറെ പേരും നാട്ടിൽ സംരംഭകരാകാൻ മികവുള്ളവരല്ലെന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്. കെട്ടിടങ്ങൾ കെട്ടി അതിൽ നിന്ന് വാടക വാങ്ങി ജീവിക്കുകയെന്ന പരിമിതമായ ആശയങ്ങളാണ് എക്കാലത്തും ഭൂരിഭാഗം പ്രവാസികളെയും നയിച്ചിട്ടുള്ളത്. എന്നാൽ അത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്താൻ സാമ്പത്തിക ശേഷിയില്ലാത്ത ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അവർക്ക് തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവസരങ്ങളാണ് സർക്കാർ ചൂണ്ടിക്കാണിച്ചു കൊടുക്കണ്ടത്. 


സർക്കാർ ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീകളുടെ നിർമാണ യൂനിറ്റുകൾ, സർക്കാർ വിദ്യാലയങ്ങൾ, പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങി പൊതു-സ്വകാര്യ മേഖലകളിൽ പാർട്ട് ടൈം വ്യവസ്ഥയിലെങ്കിലും പ്രവാസികൾക്ക് മിനിമം തൊഴിൽ ഉറപ്പാക്കുകയും അതുവഴി വരുമാനം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഓരോരുത്തരുടെയും കഴിവുകളും യോഗ്യതകളും അനുസരിച്ച് ഓഫീസ് ബോയ് മുതൽ അക്കൗണ്ടന്റ് പോലെയുള്ള ജോലികൾ വരെ അവർക്ക് ലഭ്യമാക്കണം.
അവർക്ക് മിനിമം വേതനം ലഭ്യമാക്കുന്നതിനുള്ള ഫണ്ട് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ ബജറ്റിൽ വകയിലുത്തണം. സ്വന്തമായി ബിസിനസ് തുടങ്ങുന്നതു വരെയോ മറ്റു ജോലികൾ കണ്ടെത്തുന്നത് വരെയോ ഈ വേതനം തിരിച്ചെത്തുന്ന പ്രവാസികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്വന്തം കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ സഹായകമാകും.


പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും പ്രവാസികൾ ദുരഭിമാനം വെടിയണം. പുനരധിവാസ പദ്ധതികളോട് പ്രവാസികൾ മുൻകാലങ്ങളിൽ പുലർത്തിയ നിലപാടുകൾ ആശാവഹമല്ല. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രവാസികൾക്കായി രൂപം നൽകിയ പലിശ രഹിത ഗാർഹിക വായ്പാ പദ്ധതി നടപ്പാകാതെ പോയത് പ്രവാസികളുടെ താൽപര്യക്കുറവു മൂലമായിരുന്നു. പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഈ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകൾ വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. വായ്പ ആവശ്യമുള്ളവർ ഏറെയുണ്ടായിരുന്നു. എന്നാൽ ഗൾഫുകാരൻ എങ്ങനെ വായ്പ ചോദിക്കാൻ ചെല്ലുമെന്ന ദുരഭിമാനമാണ് ആ പദ്ധതി നടപ്പാകാതെ പോകാൻ പ്രധാന കാരണമായത്. 


ഗൾഫ് പ്രതാപത്തിൽ മേനി നടിക്കാനും അതു മൂലം നാട്ടിൽ തൊഴിലെടുക്കുന്നതിനോട് വിമുഖത കാട്ടാനും തുനിയരുത്. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാൻ പ്രവാസികളും പഠിക്കേണ്ടതുണ്ട്. മുമ്പ് അവധിക്ക് വരുമ്പോൾ നാട്ടിലുള്ളവർക്കായി പണം ചെലവിട്ടിരുന്ന താൻ ഇനിയെങ്ങനെ അവർക്ക് മുന്നിൽ ജോലിയെടുക്കുമെന്ന ദുരഭിമാനങ്ങൾക്കൊന്നും കോവിഡ് കാലത്ത് പ്രസക്തിയില്ല. സ്വന്തം കുടുംബം പോറ്റാൻ നാട്ടിലാണെങ്കിലും താൻ തന്നെ അധ്വാനിക്കേണ്ടിയിരിക്കുന്നുവെന്ന യാഥാർഥ്യം മുന്നിലുണ്ടാകണം.
പ്രവാസി പുനരധിവാസം ആസൂത്രണത്തോടെ നടപ്പാക്കേണ്ട ഒന്നാണ്. പ്രതിസന്ധി കാലത്ത് നാട്ടിൽ തിരിച്ചെത്തുന്നവർക്ക് താങ്ങാവാൻ ഉപകരിക്കുന്ന പദ്ധതികൾ വേഗത്തിൽ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായ രൂപീകരണം നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ച് സർക്കാറിൽ സമ്മർദം ചെലുത്താനും പ്രവാസി സംഘടനകൾക്കും കഴിയും. അവർ ആ ദൗത്യം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണം.

Latest News