ആഗോള തലത്തിൽ മാനവ സമൂഹത്തെ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാക്കുന്ന അഥവാ കൂട്ടംചേരലുകളിൽ നിന്നും വിലക്കുന്ന അതിനിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ന് നാം ഉളളത്.
കോവിഡ്19 എന്ന മഹാമാരിയുടെ വ്യാപനം തടയുകയോ അതിന്റെ സംഹാര ശേഷി ലഘൂകരിക്കുകയോ ചെയ്യാനെങ്കിലും സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന യാഥാർഥ്യം ലോകം ഉൾക്കൊണ്ടു കഴിഞ്ഞു. മാനവ സമൂഹം അനിവാര്യതയുടെ ഭാഗമായി സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടലിന്റെ വർത്തമാനകാല സാഹചര്യത്തിൽ, സമാഗതമായ പുണ്യ റമദാൻ മാസത്തിലെ നിർദിഷ്ട സമൂഹ ആരാധനാ കർമങ്ങൾക്കു നേരിട്ട തടസ്സങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. ജുമുഅ ജമാഅത്തുകളും റമദാനിലെ വിശിഷ്ട നിശാ നമസ്‌കാരങ്ങളും തുടങ്ങി അനേകം കർമങ്ങൾ.
എന്നാൽ അടിമകൾക്ക് വിധിവിലക്കുകൾ അംഗീകരിക്കുന്നതിൽ ഉദാരമായ വഴി തുറന്നു തരുന്ന ഉടമസ്ഥനായ അല്ലാഹുവിന്റെ കാരുണ്യങ്ങൾക്കപ്പുറം നഷ്ടചിന്തകൾ അസ്ഥാനത്താകുന്നു. ലോക്ഡൗൺ കാലത്തെ ഒറ്റപ്പെടൽ, പൂർണാർത്ഥത്തിൽ ദൈവിക സാമീപ്യം ലഭ്യമാക്കാൻ ഉപയുക്തമാകുന്ന സുവർണാവസരമാക്കി പരിവർത്തിപ്പിക്കുകയാണ് നാം വേണ്ടത്.
സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ ഇത്രമേൽ അടുക്കാൻ പറ്റിയ മറ്റൊരവസരം കുറവായിരിക്കും. ഏകാന്തതയുടെയും ഐഹിക പരിത്യാഗങ്ങളുടെയും ചരിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് സമ്പൂർണ ജീവിതാസ്വാദന പരിത്യാഗമല്ല, വിധിവിലക്കുകളുടെ അതിർവരമ്പുകൾ പാലിച്ചുകൊണ്ടുള്ള സൂക്ഷ്മതയും ആത്മ സംസ്‌കരണവുമാണ്. ഏകാന്തതയുടെ രാപ്പകലുകൾ സൂക്ഷ്മതയോടെ ആരാധനാ ധന്യമാക്കുക വഴി സമൂഹ നന്മകൾ എത്ര മാത്രം നഷ്ടമാകുന്നുവോ അതിലേറെ നന്മകൾ ഈ സോഷ്യൽ ഡിസ്റ്റൻസ് കാലത്ത് നേടിയെടുക്കാൻ നമുക്ക് സാധ്യമാകും, വിശുദ്ധ റമദാനിലെ ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഈ അവസരത്തിൽ വിശേഷിച്ചും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലത്തുൽ ഖദ്‌റിനുള്ള പ്രാധാന്യം വിവരണാതീതമാണ്. വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ് ഖദ്‌റിന്റെ അർഥം. ഈ രാത്രിയിലെ സൽകർമങ്ങൾ ലൈലത്തുൽ ഖദ്ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ സൽക്കർമങ്ങളേക്കാൾ ശ്രേഷ്ഠമാണ്. 'യഥാർഥ വിശ്വാസത്തോടെയും പ്രത്യേകം പരിഗണിച്ചും ലൈലത്തുൽ ഖദ്‌റിൽ ആരെങ്കിലും നമസ്‌കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും' എന്ന് നബി തങ്ങൾ (സ) പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് നബി (സ) യുടെ സമുദായത്തിനുള്ള പാരിതോഷികമായാണ് ഈ രാവിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആയുർദൈർഘ്യം കൂടുതലുള്ളവരായിരുന്നു മുൻകാല സമുദായങ്ങൾ. ഇക്കാരണത്താൽ തന്നെ നൂറ്റാണ്ടുകളോളം ദൈവാരാധന നടത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ
60 നും 70 നും ഇടയിലാണ് ഇപ്പോൾ ശരാശരി ആയുസ്സ്. ആരാധനകളുടെ കാര്യത്തിൽ മുൻകാല സമുദായങ്ങളുമായി കിടപിടിക്കുവാനും അവരെ മറികടക്കുവാനും ലൈലത്തുൽ ഖദ്ർ സഹായിക്കുന്നു.
ലൈലത്തുൽ ഖദ്‌റിനെക്കുറിച്ച് പ്രത്യേകമായൊരു അധ്യായം തന്നെയുണ്ട് ഖുർആനിൽ. 'നിശ്ചയം നാം ഇതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്‌റിൽ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിങ്ങൾക്കറിയാമോ? ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു അത്. മാലാഖമാരും ആത്മാവും ദൈവാനുമതി പ്രകാരം എല്ലാ കാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രേ' (97:15).
ശരാശരി മനുഷ്യൻ തന്റെ ആയുഷ്‌കാലമത്രയും ആരാധനാ കർമങ്ങൾക്കായി ചെലവഴിച്ചാലും നേടിയെടുക്കാൻ കഴിയാത്ത മഹത്വം ലൈലത്തുൽ ഖദ്‌റിന്റെ ഒരേയൊരു രാത്രിയിലൂടെ നേടിയെടുക്കാനാകും. അറുപതും എഴുപതും വർഷം മാത്രം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിത ചക്രത്തെ ഈ ഒരൊറ്റ രാത്രി കൊണ്ട് നന്മയുടെ ആധിക്യവുമായി മറികടക്കാൻ കഴിയുന്നത് ഇക്കാരണത്താലാണ്.
നബി തിരുമേനി ഒരിക്കൽ ബനൂ ഇസ്രായിൽ സമുദായത്തിലെ ഒരു യോദ്ധാവിനെ അനുയായികൾക്കു പരിചയപ്പെടുത്തി. ശക്തനായ ഈ യോദ്ധാവിനു മുന്നിൽ നിരന്തര പരാജയം നേരിട്ട ശത്രുക്കൾ ഭർത്താവിനെ കീഴടക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്നാൽ സമ്പത്ത് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രലോഭിപ്പിച്ചു. ഭാര്യയുടെ വഞ്ചനക്കു വിധേയനായി ശത്രുസൈന്യം യോദ്ധാവിനെ കീഴടക്കുന്നു. ഈ സമയം തന്റെ രക്ഷക്കായി ഇയാൾ അല്ലാഹുവിനോടു പ്രാർഥിക്കുകയും പ്രാർഥന കേട്ട അല്ലാഹു രക്ഷപ്പെടാനുള്ള വഴി കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ പ്രാർഥനക്ക് ഉത്തരം കിട്ടാൻ എന്തു ചെയ്യണമെന്ന് അനുയായികൾ പ്രവാചകനോടു ചോദിച്ചു. വിശുദ്ധ റമദാനിലെ അനുഗൃഹീത രാത്രികളിലെ പ്രാർഥനകളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രവാചകൻ (സ) വിശദീകരിച്ചു.
റമദാനിലെ അവസാന പത്തു ദിനങ്ങളിൽ പ്രവാചകൻ പ്രത്യേകമായി ആരാധനകൾക്കു തയാറെടുക്കുമായിരുന്നു. അല്ലാഹുവിന്റെ അടുക്കൽ മഹത്തായ പദവി നേടിയെടുക്കാൻ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ) പോലും ഈ ദിനങ്ങളിൽ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആയിശ (റ) പറയുന്നു: അവസാന പത്തിൽ പ്രവേശിച്ചാൽ തിരുമേനി (സ) രാത്രിയിൽ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണർത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു'.
പ്രതിഫലങ്ങളുടെ ആ പവിത്ര രാവ് എന്നാണെന്നു പ്രവാചകൻ (സ) വ്യക്തമായി പറഞ്ഞുതരാത്തതു റമദാൻ മുഴുവനും നഷ്ടപ്പെടുത്താതെ ജീവസുറ്റതാക്കാൻ വേണ്ടിയാണ്. ലൈലത്തുൽ ഖദ്ർ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: 'നബി (സ) ലൈലത്തുൽ ഖദ്ർ ഏതു ദിവസമാണെന്നറിയിക്കാൻ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോൾ മുസ്‌ലിംകളിൽ പെട്ട രണ്ടു പേർ ശണ്ഠ കൂടുന്നത് കണ്ടു. അപ്പോൾ നബി (സ) പറഞ്ഞു. ലൈലത്തുൽ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാൻ വന്നതായിരുന്നു ഞാൻ. അപ്പോഴാണ് ഈ രണ്ടു പേർ ബഹളം വെക്കുന്നത്. അതോടെ അല്ലാഹു അത് ഉയർത്തിക്കളഞ്ഞു. ഒരു പക്ഷേ അതു നിങ്ങൾക്ക് ഗുണത്തിനായേക്കാം. ഏതെങ്കിലും ഒരു പ്രത്യേക ദിനത്തിൽ മാത്രം ഇബാദത്തുകൾ ചെയ്ത് ബാക്കി ദിനങ്ങളിൽ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. നിശ്ചിത രാവാണെന്ന് വ്യക്തമായാൽ മറ്റു രാവുകൾ വൃഥാ പാഴാക്കാൻ കാരണമാകുന്നു.
അന്ത്യനാളിൽ വിശ്വാസികളുടെ നന്മകൾക്ക് എങ്ങനെയെങ്കിലും വർധന ഉണ്ടാകണമെന്നാണ് കാരുണ്യവാനായ അല്ലാഹു ഉദ്ദേശിക്കുന്നത്. മലക്കുകളുടെ മുൻപിൽ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുൽ ഖദ്ർ കൃത്യമായി അറിയാതിരിന്നിട്ടു പോലും എന്റെ അടിമകൾ രാത്രിയിൽ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കിൽ അവർ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു. റമദാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആയിശാ ബീവി പറയുന്നു: 'നബി (സ) പറഞ്ഞു: നിങ്ങൾ റമദാന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളിൽ പ്രതീക്ഷിക്കുക.' (ബുഖാരി)
ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: 'ഇബ്‌നു ഉമറി (റ)ൽ നിന്ന് നിവേദനം. ചില സ്വഹാബികൾക്ക് ലൈലത്തുൽ ഖദ്‌റിനെക്കുറിച്ചുള്ള സ്വപ്‌ന ദർശനമുണ്ടായി. റമദാന്റെ അവസാന ഏഴു ദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്‌നദർശന പ്രകാരം ലൈലത്തുൽ ഖദ്ർ കാംക്ഷിക്കുന്നവർ റമദാന്റെ ഒടുവിലത്തെ ഏഴു രാവുകളിൽ പ്രതീക്ഷിക്കുക.' 'നിങ്ങൾ റമദാനിലെ അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുക. അതിൽ തന്നെ 21, 23, 25 രാവുകളിൽ' (ബുഖാരി). അബ്ദുല്ലാഹിബ്‌നു ഉമർ (റ) പറയുന്നു. 'ലൈലത്തുൽ ഖദ്‌റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോൾ അത് എല്ലാ റമദാൻ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.' (അബൂദാവൂദ്, ത്വബ്‌റാനി). അബൂഹുറൈറ (റ) പറയുന്നു: 'ഞങ്ങൾ നബി (സ) യുടെ അടുക്കൽ വെച്ച് ലൈലത്തുൽ ഖദ്‌റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തിൽ എത്രയുണ്ട് ബാക്കി? ഞങ്ങൾ പ്രതിവചിച്ചു: 22 ദിനങ്ങൾ കഴിഞ്ഞു. അപ്പോൾ നബി (സ) പറഞ്ഞു. 22 ദിവസം കഴിഞ്ഞു. ഇനി ഏഴു ദിനങ്ങൾ കൂടി ബാക്കിയുണ്ട്. അതിൽ 29 ാമത്തെ രാവിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുക.'
ഖുർആനിൽ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തിൽ ലൈലത്തുൽ ഖദ്ർ റമദാൻ ഇരുപത്തിയേഴാം രാവിൽ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നൽകിയാണ് ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലത്തുൽ ഖദ്‌റായി പൂർവകാലം മുതൽ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം പണ്ഡിതരുടെ വീക്ഷണവും.' (തർശീഹ്, 1168, റാസി 3230). കുറഞ്ഞ ആയുസ്സിൽ കൂടുതൽ കാലം ജീവിച്ച് പുണ്യങ്ങൾ കൊയ്‌തെടുക്കുന്ന ഒരു അനുഭൂതിയാണിത്.
സമൂഹ നിശാ നമസ്‌കാരങ്ങളും സമൂഹ പ്രാർത്ഥനകളും സാമൂഹ്യ നന്മകളും അല്ലാഹുവിന്റെ ഭവനങ്ങളിലെ ഇഅ്തികാഫ് പോലെയുളള അനേകം പുണ്യകർമങ്ങളും ഇന്ന് നമുക്ക് അസാധ്യമാണെന്നിരിക്കേ, നമ്മുടെ നന്മകൾ വർധിപ്പിക്കാൻ ഈ ഏകാന്തതയുടെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി, പാപമുക്തി തേടുന്നത്തിലൂടെ, ഹൃദയ വിമലീകരണത്തിന്റെ ലക്ഷ്യ സാക്ഷാൽക്കാരം നേടാൻ, ജീവിതം തന്നെ സമ്പൂർണ സമർപ്പണത്തിന്റെ ഉലയിൽ ഊതിക്കാച്ചിയെടുക്കാൻ ഈ വിലപ്പെട്ട സമയം നമുക്ക് വിനിയോഗിക്കാം.