മദീന - മദീനയിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിധിയിൽ കൂടുതൽ ആളുകൾ താമസിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള മദീനാ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണമുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കിയതായി മദീന ഗവർണറേറ്റ് അറിയിച്ചു. റമദാനു മുമ്പായി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സത്വര പോംവഴികൾ മദീനയിലെ ലേബർ ഹൗസിംഗ് കമ്മിറ്റി തയാറാക്കി നടപ്പാക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി, ആരോഗ്യ വ്യവസ്ഥകൾ പൂർണമായ ബദൽ താമസ സ്ഥലങ്ങൾ സജ്ജീകരിക്കുന്നതു വരെ മസ്ജിദുന്നബവിക്കു സമീപമുള്ള ഹോട്ടലുകളിൽ തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം ലഭ്യമാക്കി. കൂടാതെ തൊഴിലാളികളിൽ ആർക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പരിശോധനകളും നടത്തി. രോഗം ബാധിച്ചവർക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ ആരോഗ്യ പരിചരണങ്ങളും നൽകി.
മദീനയിലെ ജനവാസ കേന്ദ്രങ്ങളിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെയും കോമ്പൗണ്ടുകളുടെയും കൃത്യമായ കണക്ക് ഫീൽഡ് കമ്മിറ്റികൾ മുൻകൂട്ടി ശേഖരിച്ചിരുന്നു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അംഗീകരിച്ച നിയമങ്ങൾക്കും വ്യവസ്ഥകൾക്കും ഈ കെട്ടിടങ്ങൾ എത്രമാത്രം അനുയോജ്യമാണെന്നും കമ്മിറ്റികൾ അന്വേഷിച്ച് ഉറപ്പു വരുത്തി.
കൊറോണ വ്യാപന ഭീഷണിയിൽനിന്ന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താൻ താമസ സ്ഥലങ്ങളിൽ പരിധിയിൽ കൂടുതൽ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന പ്രശ്‌നത്തിന് കമ്മിറ്റികൾ പരിഹാരം കണ്ടു. തൊഴിലാളികളുടെ നിലവിലെ താമസ സ്ഥലങ്ങളിലും ബദൽ താമസ സ്ഥലങ്ങളിലും പുതിയ താമസ സ്ഥലങ്ങളിലും പരിസ്ഥിതി ആരോഗ്യ വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പു വരുത്തുന്നതിനും വീഴ്ചകൾ പരിഹരിക്കുന്നതിനും ഫീൽഡ് കമ്മിറ്റികൾ നടപടികളെടുത്തു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 70 ഉദ്യോഗസ്ഥർ അടങ്ങിയ ഫീൽഡ് കമ്മിറ്റികൾ മദീനയിൽ 50,000 ലേറെ തൊഴിലാളികൾ കഴിയുന്ന 800 കെട്ടിടങ്ങളും കോമ്പൗണ്ടുകളും കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിൽ 11,000 ലേറെ പേർ കഴിയുന്ന കെട്ടിടങ്ങളിൽ പരിധിയിൽ കൂടുതൽ പേർ താമസിക്കുന്നതായി കണ്ടെത്തി. ഇക്കൂട്ടത്തിൽ 3000 പേർക്ക് മസ്ജിദുന്നബവിക്കു സമീപത്തെ ഹോട്ടലുകളിൽ താൽക്കാലിക താമസ സൗകര്യം ഏർപ്പാടാക്കി നൽകി. സ്‌പോൺസർമാരായ കമ്പനികളുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി 8000 പേർക്ക് നിയമാനുസൃത വ്യവസ്ഥകൾ പൂർണമായ സാഹചര്യങ്ങളോടെ താമസ സ്ഥലങ്ങൾ സജ്ജീകരിച്ചു നൽകി. പുറമെ നിലവിലുള്ള താമസ സ്ഥലങ്ങളിൽ ആരോഗ്യ വ്യവസ്ഥകൾ ബാധകമാക്കാനും നടപടികൾ സ്വീകരിച്ചു.
താൽക്കാലിക പാർപ്പിടങ്ങളിൽ താമസ സൗകര്യം നൽകിയ കാലത്ത് തൊഴിലാളികൾക്കിടയിൽ 40,000 ലേറെ പാക്കറ്റ് ഭക്ഷണം വിതരണം ചെയ്തു. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് പൂർണമായും അടച്ച ഡിസ്ട്രിക്ടുകളിൽ അടക്കമുള്ള പ്രദേശങ്ങളിലെ താമസ സ്ഥലങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കിടയിൽ 85,000 ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.
റമദാനു മുമ്പും പുണ്യമാസത്തിലുമായി തൊഴിലാളികൾക്ക് 4,88,000 ലേറെ പാക്കറ്റ് ഭക്ഷണവും വിതരണം ചെയ്തു. ആരോഗ്യ വ്യവസ്ഥകൾ തുടർച്ചയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങിയ സംയുക്ത കമ്മിറ്റികൾ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധനകൾ തുടരുകയാണ്.