റിയാദ് - സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടോ രോഗബാധിതരായോ നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുന്ന അർഹരായ 100 പ്രവാസി തൊഴിലാളികൾക്കാണ് 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പറഞ്ഞു.
ഇതിനു മുമ്പ് കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും സൗദിയിൽ നിതാഖാത്തിനെ തുടർന്നുണ്ടായ പ്രവാസികളുടെ തിരിച്ചുപോക്കു സമയത്ത് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതിനും കേളിയോട് ആത്മാർഥമായി സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയായിരിക്കും കേളിയിലൂടെ കേരളത്തിലേക്ക് എന്ന പദ്ധതിയും നടപ്പിലാക്കുക.
റിയാദിനു പുറമെ അൽഖർജ്, മുസാഹ്മിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളിലെ കേളിയുടെ യൂനിറ്റുകൾ മുഖേനയായിരിക്കും സൗജന്യ വിമാന ടിക്കറ്റിന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയെന്നും കേളി സെക്രട്ടറി വെളിപ്പെടുത്തി.