Sorry, you need to enable JavaScript to visit this website.

പെരുന്നാളിന് കൂട്ടപ്രാർഥനകൾ ഒഴിവാക്കാമെന്ന് മതസംഘടനാ നേതാക്കൾ

മലപ്പുറം- കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഈദിന് പള്ളികളിലടക്കമുള്ള കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കാമെന്ന് മതസംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മനുഷ്യന്റെ ജീവനാണ് ഇപ്പോൾ പ്രമുഖ്യം നൽകുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ വീടുകളിൽ പ്രാർത്ഥന നടത്താമെന്ന് വേദഗ്രന്ഥം പോലും പറഞ്ഞിട്ടുള്ളതിനാൽ തൽസ്ഥിതി തുടരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മലപ്പുറത്ത് നിന്നുള്ള മതനേതാക്കൾ അറിയിച്ചു.


നേരത്തേ റമദാനിലെ സംഘം ചേർന്നുള്ള ഇഫ്താർ വിരുന്നുകളും പ്രത്യേക പ്രാർത്ഥനകളും ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവർ സർക്കാറിന്റെ നിർദേശങ്ങൾ പാലിച്ചിരുന്നു. സമസ്തയുടേതുൾപ്പെടെ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തിൽ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മതനേതാക്കളെ അറിയിച്ചു. വിവിധ മതസംഘടനാ പ്രതിനിധികളായ സയ്യിദ് ഖലീലുൽ ബുഹാരി തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ, ടി.കെ. അഷ്‌റഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പി. മുജീബ് റഹ്മാൻ, എൻ.കെ. സദറുദ്ദീൻ, അഡ്വ. സയ്യിദ് ഹുദാവി തുടങ്ങിയവർ മലപ്പുറത്ത് നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

 

Latest News