Sorry, you need to enable JavaScript to visit this website.

വിനയിന്റെ പഠനചെലവുകൾ ഏറ്റെടുത്ത്  മോഹൻലാൽ, കൂടെയുണ്ടാകുമെന്ന ഉറപ്പും 

കൊച്ചി- ആരോരുമില്ലാത്ത വിനയിന് സഹായവുമായി നടൻ മോഹൻലാൽ. ലോക്ക്ഡൗൺ കാലത്ത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനു പഴയടത്തിന്റെ വാക്കുകളിലൂടെയാണ് വിനയ് എന്ന കൊച്ചുകലാകാരനെ ലോകം അറിയുന്നത്. ജീവിതത്തിൽ തനിച്ചായി പോയിട്ടും, പഠിച്ച് വലിയ ആളാകണമെന്നും, സിനിമാനടനാകണമെന്നുമുള്ള തന്റെ ആഗ്രഹത്തിന് വേണ്ടി കഷ്ടപ്പെടുന്ന വിനയുടെ കഥ ബിനു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിനയ്യെ കുറിച്ച് മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ മോഹൻലാൽ കഴിഞ്ഞ ദിവസം വിനയ്നെ ഫോണിൽ വിളിച്ചു. 
തുടർപഠനത്തിനും മറ്റും എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും ടിക് ടോക് വീഡിയോയിൽ വിനയ് പറയുന്നു. കൂടെയുണ്ടാകും എന്ന ഉറപ്പ് ലാലേട്ടൻ തന്നു. ഒരിക്കലും മറക്കാനാകാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ നൽകിയത്. അദ്ദേഹത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പറഞ്ഞു.
തൃശൂർ തലോർ സ്വദേശിയായ വിനയ്, ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ശേഷം ബന്ധുവിനൊപ്പവും അനാഥാലയത്തിലും വളർന്ന വിനയ് എട്ടാം ക്ലാസിനു ശേഷം സിനിമാമോഹവുമായി മുംബൈക്ക് വണ്ടി കയറി. പകൽ മുഴുവൻ സിനിമാ മോഹവുമായി സെറ്റുകൾ തപ്പി നടന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. 2 വർഷത്തോളം മുംബൈയിൽ താമസിച്ച ശേഷം തിരുവനന്തപരുരത്ത് തിരിച്ചെത്തി ഓപ്പൺ സ്‌കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിച്ചു. എറണാകുളത്ത് സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ നെടുമ്പാശേരിയിൽ ലോട്ടറി വിൽപന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, കാരവൻ, വരയൻ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ലഭിച്ചു. 
ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്. ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി അടഞ്ഞു. തുടർന്നു സമൂഹ അടുക്കളയിൽനിന്നു ലഭിക്കുന്ന ഭക്ഷണം കഴിച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും കഴിഞ്ഞുപോകുന്നു. ഇതിനിടെയാണ് വിനയിന്റെ ജീവിതസമരത്തെക്കുറിച്ച് പുറംലോകമറിയുന്നതും മോഹൻലാൽ വിനയിന്റെ പഠനച്ചെലവ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്.
 

Latest News