Sorry, you need to enable JavaScript to visit this website.

കൂട്ടിയതൊന്നും പോരെന്ന് ബസ് ഉടമകള്‍ 

തിരുവനന്തപുരം- കോവിഡിന്റെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസ് പുനസ്ഥാപിക്കുകയും ബസ് ചാര്‍ജ് കൂട്ടുകയും ചെയ്ത് മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ബസ് ടിക്കറ്റ് ചാര്‍ജ് കൂട്ടി നിശ്ചയിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് സര്‍വീസ് ഓടിക്കാനാകില്ലെന്ന നിലപാടില്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍.
മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല. മൂന്നുമാസത്തെ നികുതിയും ഇന്‍ഷുറന്‍സും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം വര്‍ധനയാണു ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ നിരക്ക് ഇരട്ടി വര്‍ധിപ്പിച്ചാലും റോഡ് നികുതി ഒഴിവാക്കാതെ ബസിറക്കില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്. ഇതോടെയാണ് കോവിഡ് കാലത്ത് നികുതി പൂര്‍ണമായും ഒഴിവാക്കാനും ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടാനും തീരുമാനമായത്. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തേണ്ടിവരുന്നതു വരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി കൊടുക്കും. ജില്ലയ്ക്കുള്ളില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. മൊത്തം ശേഷിയുടെ പകുതി യാത്രക്കാരേ പാടുള്ളു. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണമെന്നും പറയുന്നു.
 

Latest News