തൃശൂര്‍ - നാട്ടിലേക്ക് വരാന്‍ കിട്ടിയ വിമാന ടിക്കറ്റ് മകനെ കാണാന്‍ കൊതിച്ച അച്ഛന് കൈമാറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാര്‍ കാണിച്ച നല്ല മനസുമൂലം തൃശൂര്‍ സ്വദേശി വില്യംസ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി.
ഗുരുതരമായ അസുഖം ബാധിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മകനെ കാണാന്‍ ഗള്‍ഫിലിരുന്ന് കൊതിച്ച വില്യംസിന് വിമാനടിക്കറ്റ് കിട്ടിയിരുന്നില്ല. എംബസി ലിസ്റ്റില്‍ യാത്രക്ക് അവസരം ലഭിക്കാതിരുന്ന വില്യംസിന് തനിക്ക് കിട്ടിയ സീറ്റ് ഒഴിഞ്ഞ് നല്‍കിയത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാറാണ്. വില്യംസിന്റെ കഥ സോഷ്യല്‍മീഡിയ വഴിയും മറ്റും അറിഞ്ഞ അനില്‍കുമാര്‍ താന്‍ നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് നാട്ടിലേക്ക് പോകേണ്ടത് വില്യംസാണെന്ന് മനസിലാക്കി തന്റെ ടിക്കറ്റ് നിയമാനുസൃത നടപടികള്‍ വഴി വില്യംസിന് കൈമാറുകയായിരുന്നു.
രണ്ടാം ഘട്ട വിമാന സര്‍വീസിലെ ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങിയ വില്യംസ് അവിടെനിന്ന് കഴിഞ്ഞ ദിവസം തൃശൂരിലെ വീട്ടിലെത്തി. ഗള്‍ഫില്‍നിന്നു വന്നതിനാല്‍ വില്യംസിനെ തൃശൂരിലെ വീട്ടില്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. മകനെ കാണാന്‍ ആശുപത്രിയിലേക്ക് പോകാന്‍ സാധിക്കാത്തതുകൊണ്ട് വെന്റിലേറ്ററില്‍ കഴിയുന്ന മകനെ വീഡിയോ കോള്‍ വഴി വില്യംസിന് കാണിച്ചു കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.