കുവൈത്ത് സിറ്റി - കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ സമ്പൂര്‍ണ കര്‍ഫ്യൂവിനിടെ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് കുവൈത്ത് യാത്രാനുമതി നല്‍കി. ഇത്തരം പുരുഷന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കര്‍ഫ്യൂ പെര്‍മിറ്റ് അനുവദിക്കുന്നതിന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുതിയ ഇ-ലിങ്ക് ഏര്‍പ്പെടുത്തി. ഭാര്യയുടെ വിവരങ്ങളും വിലാസവുമായും ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ ലിങ്കിലെ കോളത്തില്‍ നല്‍കിയാണ് പെര്‍മിറ്റ് നേടേണ്ടത്.
ഇഷ്യു ചെയ്യുന്നതു മുതല്‍ ഒരു മണിക്കൂര്‍ മാത്രമായിരിക്കും പെര്‍മിറ്റിന്റെ കാലാവധി. വിവാഹിതരല്ലാത്തവരും ഒന്നിലധികം വിവാഹം കഴിക്കാത്തവരുമാണ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതെങ്കില്‍ അക്കാര്യം പൊതുജനസംഖ്യാ ഡാറ്റാബേസുമായി ബന്ധിപ്പിച്ച ലിങ്ക് വഴി വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും പെര്‍മിറ്റ് ലഭിക്കും. എന്നാല്‍ സമ്പൂര്‍ണ കര്‍ഫ്യൂവിനിടെ ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ഒരു പെര്‍മിറ്റും മടങ്ങാന്‍ ഒരു പെര്‍മിറ്റുമായി ഒരാള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് പെര്‍മിറ്റ് അനുവദിക്കുകയെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പറഞ്ഞു.