Sorry, you need to enable JavaScript to visit this website.

കാറ്റിലും മഴയിലും കോട്ടയത്ത് വൻ നാശം

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അലങ്കാര മണ്ഡപത്തിനു സമീപം റോഡിലേക്ക് പതിച്ച മേൽക്കൂര

കോട്ടയം- ഉംപുൻ ചുഴലിക്കാറ്റിന്റെ കരുത്തറിയിച്ചുളള കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വൻ നാശം. വൈക്കത്ത് കഴിഞ്ഞരാത്രി വീശിയ കാറ്റിൽ നൂറോളം വീടുകൾക്ക് കേടുപറ്റി. വേമ്പനാട്ട് കായലോരത്തുളള വൈക്കം നഗരം, ചെമ്മനാകരി, ടി.വി പുരം മേഖലകളിലാണ് വൻ നാശം. വൈദ്യുത പോസ്റ്റുകൾ വീണതോടെ വൈക്കം ഇരുട്ടിലായി. കിഴക്കൻ മേഖലയിലും കാറ്റ് നാശം വിതച്ചു. കാഞ്ഞിരപ്പള്ളി, പാമ്പാടി, ആനിക്കാട് മേഖലകളിൽ റബർ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.


വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ നടയിലുളള അലങ്കാര മണ്ഡപത്തിന് മുകളിലുളള രൂപം തകർന്നു വീണു. മണ്ഡപത്തിനും കേടുപാടു പറ്റി. ഈ ഭാഗത്ത് മരം ഒടിഞ്ഞു വീണും പോസ്റ്റുകൾ വീണും റോഡ് ഗതാഗതം നിലച്ചു. വൈക്കം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫീസ്, ഊട്ടുപുര, ക്ഷേത്രകലാപീഠം, ആനപ്പന്തൽ എന്നിവയുടെ ഓടുകൾ കാറ്റിൽ പറന്നുപോയി.
ടി.വി പുരം ചെമ്മനാകരി, കൊതവറ മേഖലകളിൽ വീശിയടിച്ച കാറ്റ് മേൽക്കൂരകൾ ഇളക്കി. ഓടും ഷീറ്റുകളും പറന്നുപോയി. നൂറോളം വീടുകളുടെ മേൽക്കൂരയ്ക്ക് നാശം പറ്റിയെന്നാണ് കണക്ക്. പോസ്റ്റുകൾ ഒടിഞ്ഞു വീണിരിക്കുകയാണ്. ഇത് ശരിയാക്കി വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. നാശനഷ്ടം തിട്ടപ്പെടുത്താൻ റവന്യൂ അധികാരികൾ എത്തി.  ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക കണക്ക്.
 

Latest News