Sorry, you need to enable JavaScript to visit this website.

നാടണയുന്ന നഴ്‌സുമാർക്ക് സേവനദീപം തെളിച്ച് ഒ.ഐ.സി.സി 

നാട്ടിലേക്ക് പോകുന്ന നഴ്‌സുമാരുടെ ആദ്യ സംഘം ഒ.ഐ.സി.സി പ്രവർത്തകരോടൊപ്പം

ലോക്ഡൗണിലായ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ അകപ്പെട്ടുപോയ മലയാളികൾക്ക് സംഘടനാ സംവിധാനങ്ങളും നോർക്കയടക്കമുള്ള സർക്കാർ സംവിധാനങ്ങളും നൽകേണ്ട സേവനങ്ങളെ കുറിച്ചോ സംവിധാനങ്ങളെ ആലോചിച്ചു തുടങ്ങുമ്പോഴേക്കും ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം. നജീബിന്റെ നേതൃത്വത്തിൽ ഒരു ഹെൽപ് ലൈൻ രൂപീകരിക്കുകയുണ്ടായി. സൗദിയുടെ മുഴുവൻ ഭാഗങ്ങളിലെയും ഒ.ഐ.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തി ഏപ്രിൽ ആദ്യവാരം തന്നെ തങ്ങളുടെ സേവനം പത്രങ്ങളിലൂടെ പരസ്യപ്പെടുത്തി. 
കൃത്യമായ എന്തെങ്കിലും രൂപരേഖയോ മാർഗനിർദേശങ്ങളോ ഇല്ലാതെ ഇതുമായി ബന്ധപ്പെട്ടു മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന വാർത്തകളും ജനങ്ങളുടെ ദയനീയ അവസ്ഥകളും പിന്നെ ജനസേവന പ്രവർത്തനങ്ങളിലെ മുൻപരിചയവും മാത്രമാണ് ദൗത്യത്തിന് പ്രേരണയായതെന്ന് പി.എം.നജീബ് വിശദീകരിക്കുന്നു.


 അർഹരായ നിരവധി പേർക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് ആദ്യം ഏറ്റെടുത്തത്. അത് ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുമ്പോഴാണ്  തായിഫിലെ മൈസാൻ ജനറൽ ഹോസ്പിറ്റലിലെ നഴ്‌സ് ജസ്റ്റി ജെയിംസ് എന്ന ഇടുക്കി സ്വദേശിനി ഒ.ഐ.സി.സി പ്രവർത്തകനായ മോൻസി എബ്രഹാം വഴി സൗദി നാഷണൽ കമ്മിറ്റിയെ സമീപിക്കുന്നത്. 
അതേത്തുടർന്നുള്ള പ്രവർത്തനങ്ങൾ മറ്റൊരു ചരിത്ര ദൗത്യത്തിലേക്കാണ് കമ്മിറ്റിയെ കൊണ്ടെത്തിച്ചത്.
നാട്ടിലേക്ക് എക്‌സിറ്റ് ലഭിച്ചവരോ പ്രസവത്തിനായി ലീവ് അനുവദിച്ചു കിട്ടിയവരോ ആയി യാത്രക്ക് തയാറായിരിക്കുകയും എന്നാൽ ലോക്ഡൗൺ  മൂലം എല്ലാം അനിശ്ചിതത്വത്തിലാവുകയും ചെയ്ത 20 നഴ്‌സുമാരിൽ ഒരാൾ മാത്രമായിരുന്നു ജസ്റ്റി ജെയിംസ്. 
തികച്ചും വലിയ ഉത്തരാവാദിത്തമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഹെൽപ് ഡെസ്‌ക് കമ്മിറ്റി ചീഫ് കോർഡിനേറ്റർ ആയിരുന്ന മാത്യു ജോസഫിന് ഈ വിഷയത്തിന്റെ പൂർണ  ചുമതല നൽകിയത്. പാർലമെന്റ് മെംബർമാർ, റിയാദിലെ ഇന്ത്യൻ എംബസി, കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങൾ എന്നിവയുമായി ബന്ധപ്പെടുക വഴി ഇവരുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു.


ഈ 20 പേർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലെ പുരോഗതി   ചർച്ചാവിഷയമായപ്പോൾ കൂടുതൽ നഴ്‌സുമാർ ഒ.ഐ.സി.സി പ്രവർത്തകർ വഴിയും നാട്ടിൽനിന്നുള്ള നേതാക്കളുടെ നിർദേശപ്രകാരവുമായി യാത്രാ സഹായത്തിനായും മറ്റും ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ടു തുടങ്ങി. നിലവിൽ തബൂക്, തായിഫ്, അബഹ, അൽലൈത്, ഖുൻഫുദ, അൽഹസ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 140 ൽ അധികം നഴ്‌സുമാർക്ക് വേണ്ടി ഇപ്പോൾ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഡോ. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ,  എംകെ. രാഘവൻ എന്നീ എം.പിമാർ ഇവർക്കു വേണ്ടി നാട്ടിൽനിന്ന് പ്രവർത്തനങ്ങളിൽ സഹകരിച്ചത് പ്രവർത്തനങ്ങൾ കൂടുതൽ ദ്രുതഗതിയിലാക്കി. ആന്റോ ആന്റണി എം.പി, കെ.സി. ജോസഫ് എം.എൽ.എ, പി.ടി. തോമസ് എം.എൽ.എ, ഡീൻ കുരിയാക്കോസ് എം.പി, വിൻസന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽ കുമാർ, അഡ്വ. പ്രവീൺ കുമാർ ടി.എം. സക്കീർ ഹുസൈൻ  എന്നിവർ അവരവരുടെ അടുത്തെത്തിയ പരാതികൾ ഒ.ഐ.സി.സി ഹെൽപ് ഡെസ്‌കിനെ ഏൽപിക്കുകയായിരുന്നു.
സാധാരണ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽനിന്നും തികച്ചും വിഭിന്നമായിരുന്നു ഇവരുടെ പ്രശ്‌നങ്ങൾ. ഗർഭിണിയായ ഒരു നഴ്‌സ് ഇതിനോടകം കോവിഡ് ബാധ സംശയിച്ചു ക്വാറന്റൈനിൽ പോയത് വീണ്ടും അവരുടെ യാത്രക്ക് പ്രതിബന്ധമായി. മാനസിക സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ എം.പിമാരുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും  ഇടപെടലുകൾ അവസാന നിമിഷം അവരുടെ ആഗ്രഹത്തിനു തുണയേകി.


തദ്ദേശീയ വിമാനത്താവളങ്ങൾ അടഞ്ഞുകിടന്നതും ലോക്ഡൗൺ മൂലം വാഹന ഗതാഗതം നിലച്ചതും  അന്തർദേശീയ വിമാനത്താവളങ്ങളിലേക്കുള്ള ഇവരുടെ യാത്ര വലിയ പ്രതിസന്ധിയിലാക്കി. എമർജൻസി ആവശ്യങ്ങൾക്ക് മാത്രം ആശുപത്രി വാഹനങ്ങൾ  പരിമിതപ്പെടുത്തിയതു കാരണം യാത്രക്ക് വേണ്ടിയുള്ള  പ്രത്യേക അനുമതി പത്രത്തോടെ സന്നദ്ധ സേവകർ സഹായം എത്തിക്കുകയായിരുന്നു.
ഹോസ്റ്റലുകളിൽ കഴിയുന്നവരും പൂർണ ഗർഭിണികളുമായ പല സഹോദരിമാരുടെയും നാട്ടിലേക്കു പോകാനുള്ള അവസാനവട്ട ഒരുക്കങ്ങളിൽ മുൻപൊരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഈ സന്നദ്ധ പ്രവർത്തകർക്കും പങ്കാളികളാകേണ്ടിവന്നത് ജനസേവന രംഗത്തെ ഉദാത്ത മാതൃകയാവുകയാണ്. അഞ്ചെട്ടു മണിക്കൂറിലധികം യാത്ര ചെയ്ത് റിയാദിലെത്തിയവർക്ക് വിമാനം റദ്ദാക്കിയപ്പോൾ കുടുംബസമേതം കഴിയുന്ന മറ്റൊരു ഒ.ഐ.സി.സി പ്രവർത്തകന്റെ വീട്ടിൽ തങ്ങിയാണ് യാത്ര തുടരാൻ കഴിഞ്ഞത്. റിയാദിൽനിന്ന് നാലു പേരും ദമാമിൽനിന്ന് പത്തു പേരും ജിദ്ദയിൽനിന്ന് ഇരുപത്തിയഞ്ചു പേരും ഇതിനോടകം നാട്ടിലെത്തിച്ചേർന്നു.


ലോക്ഡൗൺ മൂലം യാത്ര മുടങ്ങിയ ഏഴ് നഴ്‌സുമാർ ഇതിനോടകം പ്രസവിച്ചു കഴിഞ്ഞിരുന്നു. 
തായിഫിലെ ആശുപത്രി ഹോസ്റ്റലിൽ ഉറ്റവരുടെയോ ഉടയവരുടെയോ പരിചരണമില്ലാതെ നവജാത ശിശുക്കളുമായി  കഴിയുമ്പോഴാണ് ഒ.ഐ.സി.സി തായിഫ് മേഖലാ കമ്മിറ്റിയുടെ പ്രസിഡന്റ് പ്രിൻസ് മാത്യുവിന്റെയും കുടുംബത്തിന്റെയും സ്‌നേഹാർദ്രമായ പരിചരണം മഹത്തരമാകുന്നത്.
ഏറ്റവും ഒടുവിൽ കിലോമീറ്ററുകൾ താണ്ടി ഹോസ്റ്റൽ മുറി ഒഴിഞ്ഞു വിമാനത്താവളത്തിൽ എത്തിയ ഒരു സഹോദരിക്ക് എംബസിയിൽനിന്നും മറ്റും ലഭിച്ച രേഖയിലെ ചേർച്ചയില്ലായ്മ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. മണിക്കൂറുകൾക്കിടയിലെ കൂട്ടായ യത്‌നവും തിരുവനന്തപുരം എം.പി ഡോ. ശശി തരൂരിന്റെ ശക്തമായ ഇടപെടൽ മൂലവും ഫലം കണ്ടു.
ഇനിയും യാത്രക്കായി കാത്തിരിക്കുന്ന തൊണ്ണൂറോളം നഴ്‌സുമാർ വരുംദിനങ്ങളിൽ യാത്ര ചെയ്യും. ഇതിൽ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റും മറ്റു യാത്രാ രേഖകളും ശരിയാക്കിവരുന്നു.


മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പലരും  രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ  ഒ.ഐ.സി.സി എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടന തങ്ങളുടെ നിസ്വാർത്ഥ സേവനം കൊണ്ട് പ്രവാസ ലോകത്ത് നിശ്ശബ്ദമായി ചരിത്രം രചിക്കുകയാണ്. പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പുകൾക്കൊടുവിൽ ബോഡിങ് പാസ ് ലഭിച്ച് തങ്ങളെ സഹായിച്ചവരോടുള്ള നന്ദിയും കടപ്പാടും വിറയാർന്ന സ്വരത്തിൽ പറയുകയും മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ പ്രാർത്ഥനകൾ കൊണ്ട് ആശീർവദിക്കുകയും ചെയ്യുമ്പോൾ പി.എം. നജീബും സഹപ്രവർത്തകരും ഈ പുണ്യമാസത്തിൽ സാർത്ഥരാവുകയാണ്.


ജിദ്ദയിൽനിന്നും കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, താഹിർ ആമയൂർ, ഇസ്മായിൽ കൂരിപ്പൊയിൽ, യൂത്ത് കെയർ കോഡിനേറ്റർ കരീം മണ്ണാർക്കാട്, ഹായലിൽ നിന്നും ചാൻസ റഹ്മാൻ, ബുറൈദയിൽനിന്നും സക്കീർ പത്തറ, റിയാദിൽനിന്നും മജീദ് ചിങ്ങോലി, ഷാജിസോന, ഷക്കീബ് കൊളക്കാടൻ, അൽഹസയിൽനിന്നും ഷാഫി കുദിർ, പ്രസാദ്, യാമ്പുവിൽനിന്നും റോയ് ശാസ്താംകോട്ട തുടങ്ങിയ സഹപ്രവർത്തകർ പി.എം. നജീബിന്റെയും ഹെല്പ് ലൈൻ കോഡിനേറ്ററും എംബസി വളണ്ടിയർ കൂടിയായ മാത്യു ജോസഫിന്റെയും നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതോടൊപ്പം  എംബസി ഉദ്യോഗസ്ഥർ, സൗദി ഒഫീഷ്യൽസ്, എയർ ഇന്ത്യ ഉദ്യോഗസ്ഥർ, യാത്രാവേളകളിൽ നഴ്‌സുമാർക്ക് കഴിക്കാൻ ഭക്ഷണം, ധരിക്കാനുള്ള മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, സേഫ്റ്റി ഗൗൺ തുടങ്ങി നിരവധി സഹായങ്ങൾ നൽകിയവർ, യാത്രക്കായി വാഹനവും സന്നദ്ധ സേവനവും നൽകിയവർ തുടങ്ങി എല്ലാവരും ഈ സപര്യയിൽ ഇഴചേർത്ത കണ്ണികളാണ്. 
ഭൂമിയിൽ താമസ്സകറ്റാൻ നമുക്കൊരു തിരികൊളുത്താം എന്ന ഉദ്ദേശ്യത്തിൽ സൗദി ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി മുന്നോട്ട് വന്നപ്പോൾ ആ സ്‌നേഹജ്വാല സമൂഹത്തിൽ കൊളുത്തിവെക്കാൻ സഹായിച്ചവരെയും ആളായും അർത്ഥമായും കൂടെനിന്നവരെയും മറക്കാനാവില്ല.      

 

Latest News