അങ്കമാലി- നടിയെ അക്രമിച്ച കേസിൽ റിമാന്റിലുള്ള നടൻ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ നാലാമത്തെ ജാമ്യഹരജിയാണ് കോടതി തള്ളിയത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന ശക്തമായ നിലാപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു.കേസിൽ അറസ്റ്റിലായി 60 ദിവസം പിന്നിട്ടതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഡാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ എല്ലാ തിരക്കഥയും തയ്യാറാക്കി സുനിക്ക് നിർദേശം നൽകിയത് ദിലീപായിരുന്നുവെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനിൽകുമാർ(പൾസർ സുനി) എന്നിവരുടെ ജാമ്യപേക്ഷയും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്റെ മുൻകൂർ ജാമ്യപേക്ഷയും ഇന്ന് വിവിധ കോടതികളിൽ പരിഗണിക്കും. സുനിൽകുമാറിന്റെ ജാമ്യാപേക്ഷയും കാവ്യമാധവന്റെ മുൻകൂർ ജാമ്യപേക്ഷയും ഹൈക്കോടതിയിലാണ് പരിഗണിക്കുന്നത്. ദിലീപിന്റെ ഭാര്യയായതിനാൽ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യമാധവൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ദിലീപ് സുനിയുമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സുനിയുമായി ചേർന്ന് ദിലീപ് ഗൂഡാലോചന നടത്തിയെന്ന ആരോപണങ്ങൾ തള്ളിയ കാവ്യ, ദിലീപിനെയും കുടുംബത്തേയും തകർക്കാൻ ഉന്നത ഗൂഡാലോചന നടന്നുവെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് കാവ്യയുടെ വാദം. കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നും ആദ്യഘട്ട കുറ്റപത്രം നൽകിയതിനാൽ റിമാൻഡിൽ തുടരേണ്ടതില്ലെന്നുമാണ് സുനിയുടെ ആവശ്യം.