Sorry, you need to enable JavaScript to visit this website.

സോമാലിയ: കൊമ്പിലേക്കു പടർന്ന കുളമ്പുരോഗം

ലോകത്തിന്റെ ഗതിക്രമങ്ങളിൽ നിന്നെല്ലാം അടർന്നു പോന്ന്, അഭിനവ നാഗരികതയുടെ പ്രയോഗ പഥങ്ങളെയെല്ലാം പരാജയപ്പെടുത്തിയ നാടാണ് ആഫ്രിക്കയുടെ കൊമ്പെന്നറിയപ്പെടുന്ന സോമാലിയ. ദാരിദ്ര്യം മൂലം ആനക്കൊമ്പിനായി രാജ്യത്തെ ഒന്നടങ്കം ആനകളെയും കൊന്നൊടുക്കിയ ലോകത്തെ ഏക രാജ്യം. 
പട്ടിണി മൂത്ത് സ്വന്തം കുഞ്ഞിന് സ്തന്യമായി കൊടുക്കാൻ രക്തം പോലുമില്ലാത്ത അമ്മമാർ ശരാശരി 50 വർഷം മാത്രം ജീവിക്കുന്ന രാജ്യം. നിരവധി സ്വകാര്യ സായുധ സേനകൾ തലക്കു മുകളിൽ തീർത്ത ചാപ മണ്ഡലങ്ങളെ നോക്കി ശപിക്കുന്ന കുട്ടികളുടെ നാട്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഭൂമിയിൽ ഏറ്റവും കൂടുതൽ ശിശുമരണം നടക്കുന്ന നാട്. 


സമാധാനത്തിന്റെ സുഗമ സരണികൾ സോമാലിയയിൽ വരണ്ടു പോയിട്ട് അര നൂറ്റാണ്ടായി. ജൂബ, ഷെബേലി എന്നീ നദികൾക്കിടയിലെ സമതലങ്ങളിൽ കൃഷിയും കാലി വളർത്തലുമായി കഴിഞ്ഞിരുന്ന ഗോത്രങ്ങളുടെ ആവാസ ചരിത്രങ്ങളിൽ നിന്നാണ് സോമാലിയയുടെ പുരാണം തുടങ്ങുന്നത്. 


ഷെയ്ക്ക് ദാരൂദ് സ്ഥാപിച്ച ദാരൂദ്, മാജിദി സ്ഥാപിച്ച മാജിർതിൻ, ഷെയ്ക്ക് ഇസ്ഹാഗ് സ്ഥാപിച്ച ഇസ്ഹാഖ്, ഹാവിയേ, ദാർവിഷ് എന്നിങ്ങനെ നിരവധി ഗോത്രങ്ങൾ സ്വയം ഭൂമി പതിച്ചെടുത്ത് സ്വയം ലേ ഔട്ടുണ്ടാക്കി കൃഷി ചെയ്തും കാലികളെ വളർത്തിയും ജീവിച്ചു പോന്നിരുന്ന രീതി.
ഭൂമി കൈയേറ്റങ്ങൾ, സുഭദ്രാഹരണങ്ങൾ, ഗോപാലകരെ കൊന്ന് കാലി മോഷണങ്ങൾ എന്നീ പെറ്റി അങ്കക്കഥകൾ ചിരന്തന കാലം തൊട്ട് സോമാലിയയുടെ നരവംശ ഇതിഹാസങ്ങളിൽ നിറഞ്ഞു നിന്നു. സമാധാനത്തിന്റെ വസന്ത വായു നഷ്ടപ്പെട്ട് കളരി വിളക്കുകൾ അന്നേ ഇവിടെ തെളിഞ്ഞിരുന്നു എന്ന് ചുരുക്കം. 


1889 ലാണ് സോമാലിയ ഇറ്റാലിയൻ കോളനിയാവുന്നത്. 1941 ൽ ബ്രിട്ടൻ സോമാലിയയുടെ വടക്കുപടിഞ്ഞാറൻ ദേശം അവരുടെ സ്ഥാവര ജംഗമ സ്വത്തായി പ്രഖ്യാപിച്ചു. കൊളോണിയലിസ്റ്റുകളുടെ അധികാര ദണ്ഡിന്റെ താഢനങ്ങൾ ഗോത്ര കലാപങ്ങളെ നിലക്കു നിർത്തി. ദാർവിഷ് ഗോത്രം ബ്രിട്ടനെയും മാജിർതിൻ ഗോത്രം ഇറ്റലിയെയും തോൽപിച്ച  കഥകൾ സോമാലിയക്കാരുടെ വടക്കൻ പാട്ടുകളാണ്. 1960 ജൂലൈയിലാണ് സോമാലിയ സ്വതന്ത്രമാവുന്നത്. ഏറെക്കാലം നീറിപ്പുകഞ്ഞ പിതൃപ്പകകൾക്ക് വിരാമമിട്ട് ഈ രണ്ടു ഗോത്രങ്ങളും ചേർന്ന് മുന്നണി സർക്കാറുണ്ടാക്കി ഭരണം തുടങ്ങി. 


1969 ൽ മേജർ ജനറൽ സിയാദ് ബാരെ പട്ടാള വിപ്ലവത്തിലൂടെ അധികാരം അടിച്ചു മാറ്റിയതാണ് സോമാലിയയുടെ അഭിനവ ചരിത്രത്തിന്റെ തുടക്കം കുറിച്ചത്. സിയാദ് ബാരെ അന്നത്തെ കമ്യൂണിസ്റ്റ് പ്രജാപതികളായിരുന്ന സോവിയറ്റ് യൂനിയന്റെ സുഹൃത്തായി. രാജ്യത്തെ സ്വകാര്യ മേഖലയെ പരിപൂർണമായി ദേശസാൽക്കരിച്ച് വിധേയത്വം കാട്ടി. അളവില്ലാതെ ആയുധം ആഫ്രിക്കൻ കൊമ്പിലേക്കൊഴുക്കി സോവ്യറ്റ് യൂനിയൻ സിയാദ് ബാരെയെ അനുഗ്രഹിച്ചു. അർത്ഥ മോഹം മൂത്ത സിയാദ് ബാരെ 1974 ൽ അറബ് ലീഗിലും ചേർന്നു.


സിയാദ് ബാരെയുടെ സ്വന്തം ഗോത്രത്തോടുള്ള പക്ഷപാതം ചൂണ്ടിക്കാട്ടി മാജിദിർതിൻ ഗോത്രം സോമാലി സാൽവേഷൻ ഫ്രണ്ട് എന്ന സായുധ സേനക്ക് രൂപം കൊടുത്തു. അതു കണ്ട ഇസ്ഹാഖ് ഗോത്രം തങ്ങളുടെ കുലത്തിലുള്ള ചേകവന്മാരെയെല്ലാം ചേർത്ത് സോമാലി നാഷനൽ അലയൻസ് എന്ന ഗറിലാ പട സൃഷ്ടിച്ചു. രണ്ടു ഗ്രൂപ്പുകളിലെയും അങ്കക്കലി പൂണ്ട  ചേകവന്മാർ സിയാദ് ബാരെയുടെ പട്ടാളത്തിനെതിരെ ഒളിപ്പോരു തുടങ്ങി. കൊല്ലങ്ങൾ നീണ്ട മാമാങ്കങ്ങൾക്കു ശേഷം അടിയറ പറഞ്ഞ് സിയാദ് ബാരെയുടെ പട്ടാളം തലസ്ഥാനമായ മൊഗദീഷുവിലേക്കു പിന്മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പടക്കോപ്പു ശാലകൾ മാറിമാറി കൊള്ളയടിച്ച് ഓരോ ഗോത്രങ്ങളും സ്വന്തമായി സായുധ സേനകളുണ്ടാക്കി.. 


1991 ൽ ഹാവിയേ ഗോത്രത്തിന്റെ ആർമി യുനൈറ്റഡ് സോമാലി കോൺഗ്രസ് സിയാദ് ബാരെയുടെ പട്ടാളത്തെ തോൽപിച്ച് മൊഗദീഷു കൈയടക്കി സോമാലിയൻ ഗവണ്മെന്റിന് രൂപം കൊടുത്തു. അപ്പോൾ എല്ലാ ഗോത്ര സേനകളും കച്ച മുറുക്കി അങ്കം തുടങ്ങിയതോടെ രാജ്യം രണഭൂമിയുടെ പര്യായ സ്ഥലിയായി മാറി. 
സമതലങ്ങളിലെ തങ്ങളുടെ തട്ടകത്തിന്റെ അതിരുകളിൽ ലാന്റ്‌മൈൻ കുഴിച്ചിട്ട് ശത്രുവിനെ അകറ്റി.  ആദ്യം തോക്കു ചൂണ്ടി പിഞ്ചു ബാലന്മാരെ മൈൻ ഫീൽഡിലൂടെ നടത്തിച്ച് സുരക്ഷ ഉറപ്പു വരുത്തി മാത്രം ശത്രുസേന മാർച്ച് ഫോർവേഡ് ചെയ്തു.


1980 കളുടെ അന്ത്യം തൊട്ട് കൊലവിളികളുടെ പദമഞ്ജരികൾ മാത്രം നിറഞ്ഞ സോമാലിയയിൽ മനുഷ്യർ പട്ടിണി  കൊണ്ട് പിടഞ്ഞു വീഴാൻ തുടങ്ങി. 1992 ലാണ് സോമാലിയയിൽ ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും വിതരണം ചെയ്യാൻ ഐക്യരാഷ്ട്ര സഭ ഡചഛടഛങ ന് രൂപം കൊടുക്കുന്നത്. വിതരണം ചെയ്യാനായി വരുന്ന ട്രക്കുകളുടെ കോൺവോയ് ഗോത്ര സേനകൾ മാറിമാറി കൊള്ളയടിച്ചു. അതോടെ ഐക്യരാഷ്ട്ര സഭക്കും ലക്ഷ്യം തെറ്റി. 
1991 ൽ വിവിധ ഗറിലാ ഗ്രൂപ്പുകൾ മൊഗദീഷുവിന്റെ ഉള്ളറകളിലിരുന്ന് ഭരണത്തിന്റെ സിരാകേന്ദ്രത്തിനു വേണ്ടി  ഒളിപ്പോരു തുടങ്ങി. വെള്ളവും വെളിച്ചവുമില്ലാതെ തകരുന്ന കെട്ടിട കൂമ്പാരങ്ങൾക്കിടയിൽ മാസങ്ങളോളം നിരാലംബരായി സ്‌നേഹ സ്പർശത്തിന്റെ സാന്ദ്രത നഷ്ടപ്പെട്ട് മൊഗദീഷു നിവാസികൾ രാപ്പാർത്തു. 90 നും 92 നും ഇടക്ക് 3 ലക്ഷം സോമാലിയക്കാർ പട്ടിണി കൊണ്ട് മരിച്ചു. 


2004 ൽ ആഫ്രിക്കൻ യൂനിയൻ മുൻകൈയെടുത്ത് നെയ്‌റോബി ആസ്ഥാനമായുള്ള സോമാലി പ്രവാസി ഗവണ്മെന്റിന് രൂപം കൊടുത്തു. 2004 ൽ തന്നെ സുനാമി തിരമാലകൾ നീറലിന്റെ മറ്റൊരു നീലരേഖ സോമാലിയക്കു സമ്മാനിച്ചു. 2006 ൽ അൽ ഷബാബ് എന്ന പുതിയ സായുധ സേന മൊഗദീഷുവിന്റെ ഭരണം പിടിച്ചെടുത്തു. അൽ ഖാഇദയുമായി ബന്ധം പുലർത്തുന്ന ഇവർ സോമാലിയയിൽ ഇപ്പോൾ പടർന്നു കഴിഞ്ഞു. 


ഇന്ന് സോമാലി മനസ്സിന്റെ നേർക്കാഴ്ച തേടിയാൽ നൃശംസതയുടെ കത്തിവേഷങ്ങളേ കാണാൻ കഴിയൂ. ജഡാവസ്ഥയുടെ ജീർണ കണങ്ങൾ ഒരു നാടിന്റെ മനുഷ്യ മനസ്സുകളിൽ സന്നിവേശിച്ചിരിക്കുന്നു. ബന്ധങ്ങളുടെ വലക്കണ്ണികൾ പൊട്ടിച്ചിതറിയ ഈ ഭൂമിക 1991 നു ശേഷം 5 ലക്ഷം പേരെ കുരുതി കൊടുത്തു കഴിഞ്ഞു. 
ചോര കൊണ്ടെഴുതുകയും മായ്ക്കുകയും ചെയ്യുന്ന ആവാസ വ്യവസ്ഥകൾ തീർത്ത കുരിശിൽ പിടയുന്ന കരിങ്കോലങ്ങൾ നിറഞ്ഞ രാജ്യം. അവിടെയിപ്പോൾ കൊറോണയുടെ കുളമ്പടിയും കേട്ടു തുടങ്ങി. കാലികളുടെ കുളമ്പ് രോഗം പോലെ പഴുപ്പ് ആഫ്രിക്കൻ കൊമ്പിൽ പടർന്നു കൊണ്ടിരിക്കുന്ന ആസുര കാലം സോമാലിയയെ മുച്ചൂടും  ഗ്രസിച്ചിരിക്കുന്നു. 

                                                                     

 

Latest News