Sorry, you need to enable JavaScript to visit this website.

പുകയിലയില്‍ നിന്ന് കോവിഡ് വാക്‌സിന്‍  നിര്‍മിച്ച് ബാറ്റ്; അനുമതി ലഭിച്ചാല്‍ പരീക്ഷണം

വാഷിങ്ടണ്‍-ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡിനെതിരെ പുകയിലയില്‍ നിന്ന് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി ലോകത്തിലെ പ്രമുഖ സിഗററ്റ് നിര്‍മാണക്കമ്പനികളിലൊന്നായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ(ബാറ്റ്). പുകയിലയിടങ്ങിയിരിക്കുന്ന പ്രോട്ടീനുകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും താമസിയാതെ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള അധികാരസ്ഥാപനങ്ങളില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ ആദ്യഘട്ട പരീക്ഷണം ആരംഭിക്കും. ക്ലിനിക്കല്‍ ട്രയലുകള്‍ ജൂണ്‍ ആദ്യം തന്നെ ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ പറഞ്ഞു. സിഗററ്റ് നിര്‍മാണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള കമ്പനിയാണിത്. കൊറോണവൈറസിലെ ആന്റിജെന്‍ പുകയിലച്ചെടികളില്‍ കൃത്രിമമായി വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ആന്റിജെന്‍ പ്രധാനഘടകമായി നിര്‍മിച്ച വാക്‌സിന്‍ നല്‍കുന്നതോടെ ശരീരത്തില്‍ വൈറസിനെതിരെയുള്ള പ്രതിപ്രവര്‍ത്തനം വര്‍ധിക്കും. ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായതായും മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ സജ്ജമാണെന്നും കമ്പനി അറിയിച്ചു. പുകയില ഉപയോഗിക്കുന്നവരില്‍ കൊറോണവൈറസ് ഗുരുതരമായി ബാധിക്കാനിടയുണ്ടെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് പുകയിലയില്‍ നിന്നുള്ള വാക്‌സിനുമായി ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ എത്തിയിട്ടുള്ളത്.
 

Latest News