ദമാം- കോവിഡ് പ്രതിസന്ധി ലോക വ്യാപാര മേഖലയിൽ സമൂല പരിവർത്തനത്തിന് തുടക്കമിട്ട് വ്യാപാര ഭൂപടം മാറ്റിവരക്കുമെന്നും അതു വഴി പ്രാദേശിക വ്യാവസായിക മേഖല വളർച്ച പ്രാപിക്കുമെന്നും വാണിജ്യ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖരീഫ് അഭിപ്രായപ്പെട്ടു. കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തി കൈകാര്യം ചെയ്യുകയുമാണ് മന്ത്രാലയം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി ദുർഘടമാണെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ വ്യാവസായിക വളർച്ചക്ക് ഗുണകരമായിരിക്കും. കോവിഡിനെ ഏറ്റവും നന്നായി നേരിടുന്ന ലോക രാജ്യങ്ങളിൽ മുൻപന്തിയിലാണ് സൗദി അറേബ്യ. ആരോഗ്യ പരിപാലന, മെഡിക്കൽ ഉപകരണ വ്യവസായ മേഖലയിൽ സൗദി കൂടുതൽ കരുത്ത് നേടാനും പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രഥമ പരിഗണന ലഭിക്കാനും ഇത് സഹായകമായി. സൗദി വിപണിയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാനാവശ്യമായ ശേഷി സൗദി വ്യവസായങ്ങൾക്കുണ്ടെന്ന ആത്മ വിശ്വാസവും ഇതോടെ കൈവന്നിരിക്കുകയാണ്. വ്യാവസായിക സ്ഥാപനങ്ങളുടെ ഉടമസ്ഥർക്കുള്ള പണമൊഴുക്കിന്റെ വെല്ലുവിളി വളരെയധികം കുറയുന്ന രീതിയിലുള്ള പദ്ധതികളാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചത്. ഇത് വഴി ഉൽപാദന മേഖലക്ക് നേെേരയുണ്ടായ വെല്ലുവിളികൾക്ക് പരിഹാരമായി. എല്ലാ വ്യവസായ നിക്ഷേപകർക്കും മന്ത്രാലയം ആവശ്യമായ സഹായ ഹസ്തങ്ങൾ നീട്ടി. നിക്ഷേപങ്ങളാണ് അടിസ്ഥാനമെന്നും അത് ക്രമപ്പെടുത്തിയാൽ മാത്രമേ ഭാവിയിൽ അതിന്റെ സാധ്യതകളുടെ വിപുലീകരണം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന താൽക്കാലിക ലൈസൻസുകൾ പ്രാഥമിക അനുമതിയാണെന്നും അത് ഒരു വർഷത്തേക്കുപയോഗിക്കാമെന്നും വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇത് സഹായകമാവുമെന്നും വാണിജ്യ സഹമന്ത്രി എൻജിനീയർ ഉസാമ അൽസാമിൽ വ്യക്തമാക്കി. എല്ലാ നിബന്ധനകളും പൂർത്തിയാക്കുന്ന പക്ഷം ഈ ലൈസൻസുകൾ അന്തിമവുമായിരിക്കും. എന്നാൽ ഈദുൽ ഫിത്‌റിന് ശേഷം ജുബൈൽ, യാമ്പു, ഇൻഡസ്ട്രിയൽ സിറ്റികൾ എന്നിവിടങ്ങളിൽ അന്തിമ ലൈസൻസുകളാണ് നൽകുക. അതോടെ പ്രാഥമിക അനുമതിയെന്ന പേരിലുള്ള താൽക്കാലിക ലൈസൻസുകൾ ഇല്ലാതാവും -അദ്ദേഹം പറഞ്ഞു.
ദമാമിലെ ഇൻഡസ്ട്രിയൽ ഏരിയ അടച്ചതിന് ശേഷം എല്ലാ കെട്ടിടങ്ങളും അണുനശീകരണ പ്രയോഗവും ശുചീകരണവും നടത്തി വരികയാണെന്ന് മുദുൻ ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽസാലിം പറഞ്ഞു. ലേബർ ക്യാമ്പുകൾ പ്രതിദിനം മുന്നു പ്രാവശ്യമാണ് അണുനശീകരണി ഉപയോഗിക്കുന്നത്. തൊഴിലാളികൾ മാസ്‌കും കൈയുറയും ധരിക്കണം. അവരുടെ ശരീരോഷ്മാവ് എല്ലാ ദിവസവും പരിശോധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വ്യവസായ മേഖലയുടെ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.