Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ സബ്മറൈൻ കേബിൾ പദ്ധതിയിൽ എസ്.ടി.സിയും 

റിയാദ് - മധ്യപൗരസ്ത്യ ദേശങ്ങളെയും ആഫ്രിക്കൻ ഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന കടലിനടിയിൽ കൂടിയുള്ള മറൈൻ കേബിൾ പദ്ധതിയായ 2 ആഫ്രിക്കയിൽ എസ്.ടി.സിയും പങ്കാളിയായി. ജിദ്ദയിലെ എസ്.ടി.സി ഡാറ്റാ സെന്റർ മെന ഗേറ്റ് വേ (എം.ജി1)യുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം ക്ലൗഡിംഗ്, ഡാറ്റാ സെന്റർ എന്നിവക്ക് കൂടുതൽ ഊർജം പകരുമെന്ന് എസ്.ടി.സി വൈസ് പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽഅബാദി അറിയിച്ചു.
എസ്.ടി.സിയുടെ അന്താരാഷ്ട്ര നെറ്റ് വർക്കുകളുടെ ശേഷി വർധിപ്പിക്കുന്നതിന് ഈ പദ്ധതി പ്രധാന പങ്കു വഹിക്കും. വടക്കേ ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശങ്ങളിലെയും മുൻനിര സേവനദാതാക്കളായി മാറാനും വിഷൻ 2030 ന്റെ ഭാഗമായ പദ്ധതി വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ചൈന ഇന്റർനാഷണൽ മൊബൈൽ സർവീസസ് കമ്പനി, ഫേസ്ബുക്ക്, എം.ടി കമ്പനി, ഗ്ലോബൽ കണക്ട്, ഫ്രഞ്ച് ഓറഞ്ച് കമ്പനി, ഈജിപ്ത് ടെലികോം, വൊഡാഫോൺ ഇന്റർനാഷണൽ എന്നീ കമ്പനികളാണ് പദ്ധതിയിലുള്ളത്. കടലിനടിയിൽ കാബിൾ സംവിധാനങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ ഫ്രഞ്ച് അൽകാട്ടിൽ കമ്പനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, മധ്യപൂർവ ദേശങ്ങൾ എന്നിവിടങ്ങളിലെ 23 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയിൽ എല്ലാ അംഗരാജ്യങ്ങളും പണം മുടക്കണം. ലോകത്തെ തന്നെ ഏറ്റവും നൂതനവും നീളമേറിയതുമായ മറൈൻ കാബിൾ പദ്ധതിയാണ് 2 ആഫ്രിക്ക.


കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചുറ്റി പോകുന്ന ഈ പദ്ധതിക്ക് 37,000 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഈജിപ്തിന്റെ കിഴക്ക് ഭാഗം വഴി യൂറോപ്പിനെയും സൗദി അറേബ്യ വഴി മധ്യപൗരസ്ത്യ ദേശങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 23 രാജ്യങ്ങളിലായി 21 ലാന്റിംഗ് പോയന്റുകളാണുണ്ടാവുക. 2023 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് അംഗരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.
ഒരു ജോഡി ഒപ്റ്റിക്കൽ കേബിളിൽ സെക്കന്റിൽ 180 ടെറാബിറ്റ് വരെ സ്പീഡ് ലഭിക്കും. സബ്മറൈൻ കേബിളുകളിൽ ലഭ്യമായ മൊത്തം ശേഷികളിൽ ഉയർന്നതാണിത്. നിലവിൽ ആഫ്രിക്കയിൽ ഈ സേവനം ലഭ്യമാണിത്. ആഫ്രിക്കയിലെയും മധ്യപൗരസ്ത്യ ദേശങ്ങളിലെയും ഇന്റർനെറ്റ് ശേഷിയുടെ അപര്യാപ്തതക്ക് ഈ പദ്ധതി വഴി പരിഹാരമുണ്ടാകും. ഫോർ ജി, ഫൈവ് ജി സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും കമ്പനികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Latest News