Sorry, you need to enable JavaScript to visit this website.

82 കാരൻ കോവിഡ് മുക്തനായി, പരിയാരത്തിന് നേട്ടം

പരിയാരം മെഡിക്കൽ കോളേജിൽനിന്നു കോവിഡ് മുക്തി നേടിയ  വയോധികൻ ആരോഗ്യ പ്രവർത്തകരോട് നന്ദി പറയുന്നു.

കണ്ണൂർ-  കോവിഡ് ചികിത്സാരംഗത്ത് കണ്ണൂരിന് അപൂർവ നേട്ടം. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ 42 ദിവസമായി ചികിത്സയിലായിരുന്ന 82 കാരൻ ആശുപത്രി വിട്ടു. സംസ്ഥാനത്ത് രോഗവിമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് യാത്രയായത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. എല്ലാവരും രോഗമുക്തരായി. ഇതും അപൂർവ സംഭവമാണ്.
പുറത്തു നിന്നും സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്.


കോവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശിക്ക് രോഗബാധയുണ്ടായത് ഇദ്ദേഹത്തിൽനിന്നാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഗുരുതരാവസ്ഥയിൽ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒന്നിലേറെ ദിവസം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നായിരുന്നു ആക്ഷേപം. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ വെന്ററിലേറ്ററിലേക്ക് മാറ്റി. ഇതിനിടയിലാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിൽ കുട്ടികളടക്കമുള്ള 9 പേർക്ക് രോഗബാധയുണ്ടായത്. അവരെല്ലാം പിന്നീട് രോഗമുക്തി നേടി.
42 ദിവസത്തെ ചികിത്സാ കാലയളവിൽ 16 തവണയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആർ ലാബിൽനിന്നു തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.


ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. അതിനിടയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ ചികിത്സക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റു പ്രശ്‌നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. 
ഒരേസമയം കോവിഡ് ഉൾപ്പെടെ ഒന്നിലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ ഇദ്ദേഹം ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ആയിരുന്നു. തന്നെ ചികിത്സിച്ച ഡോക്ടർമാർ അടക്കുള്ളവരോട് നന്ദി പറഞ്ഞാണ് ഈ വയോധികൻ ആശുപത്രിയുടെ പടികളിറങ്ങിയത്. കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷും മുഴുവൻ ആരോഗ്യ പ്രവർത്തകരും ഇദ്ദേഹത്തെ യാത്ര അയക്കാനെത്തിയിരുന്നു.

 

 

Latest News