കൽപറ്റ-കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിനു വയനാട് ജില്ലാ ഭരണകൂടം നടപടികൾ ഊർജിതമാക്കി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റിക്കും തിരുനെല്ലി, എടവക പഞ്ചായത്തുകൾക്കും പുറമെ വെള്ളമുണ്ട പഞ്ചായത്തിനെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി കോളനിയിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എടപ്പടി കോളനിയിലും പ്രത്യേക നിയന്ത്രണം എർപ്പെടുത്തി. വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പത് മുതൽ 12 വരെ വാർഡുകളാണ് നേരത്തേ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നത്. നെൻമേനി പഞ്ചായത്തിലെ ഒമ്പതു മുതൽ 12 വരെ വാർഡുകളും മീനങ്ങാടി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 13, 17 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണുള്ളത്.
മെയ് ഒന്നിനു ശേഷം വെള്ളിയാഴ്ച വരെ ജില്ലയിൽ മൂന്നു പോലീസുകാരിലടക്കം 20 പേരിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ രോഗമുക്തി നേടി. മറ്റുള്ളവരിൽ മലപ്പുറം സ്വദേശിയായ ഒരു പോലീസുകാരൻ ഒഴികെയുള്ളവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ നാലു പേർ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലാണ്. ദുബായിൽ നിന്നെത്തിയ 25 കാരിയായ ഗർഭിണിയും ഭർത്താവും ചെന്നൈ കോയമ്പേടു മാർക്കറ്റിൽനിന്നു വന്ന സെയിൽസ്മാൻ, ഇദ്ദേഹത്തെ കാറിൽ ലക്കിടിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോയ സഹോദരൻ എന്നിവരാണ് നെന്മേനി പഞ്ചായത്തിലുള്ള രോഗികൾ. മീനങ്ങാടി പഞ്ചായത്തിലെ ചക്കമ്പാടിയിലുള്ള വനിതയാണ് ബത്തേരി താലൂക്കിലുള്ള മറ്റൊരു കൊറോണ രോഗി. മാനന്തവാടി എടപ്പടിയിലെ രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായ ഭർത്താവിൽനിന്നാണ് ഇവർക്കു വൈറസ് ബാധയേറ്റത്. ഭർത്താവിൽ കോവിഡ്19 പരിശോധനാ ഫലം നെഗറ്റീവാണ്.
വടക്കേ വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ വെള്ളമുണ്ട പഞ്ചായത്തിൽ നിലവിൽ കോവിഡ്19 സ്ഥിരീകരിച്ച ആരുമില്ല. എടവക പഞ്ചായത്തിൽ കമ്മന സ്വദേശിയായ 20 കാരനാണ് രോഗം. തിരുനെല്ലി പഞ്ചായത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു രോഗികളുണ്ട്. പനവല്ലി സ്വദേശികളായ ഇവർ സമ്പർക്കത്തിലൂടെ രോഗം പടർന്നവരാണ്. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എടപ്പടിയിൽനിന്നുള്ള അഞ്ചു പേർക്കും കാട്ടിക്കുളം 54 ലെ ഒരു കുട്ടിക്കും മാനന്തവാടി സ്റ്റേഷനിലെ വള്ളിയൂർക്കാവ് സ്വദേശിയായ പോലീസുകാരനുമാണ് രോഗം പിടിപെട്ടത്. ഇതിൽ ഏപ്രിൽ 26 നു കോയമ്പേട് മാർക്കറ്റിൽനിന്നു എത്തിയ 52 കാരനായ ലോറി ഡ്രൈവറുടെ 85 കാരിയായ മാതാവിനും ലോറി ക്ലീനറുടെ 20 വയസ്സുള്ള മകനുമാണ് രോഗമുക്തിയായത്. ലോറി ക്ലീനറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മാനന്തവാടി സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ച മറ്റു രണ്ടു പോലീസുകാരിൽ ഒരാൾ മലപ്പുറം സ്വദേശിയും മറ്റൊരാൾ കണ്ണൂർകാരനുമാണ്.
പനവല്ലിയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച യുവാവിന്റെ ഒന്നാം സമ്പർക്കപ്പട്ടികയിൽ 78 പേരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പനവല്ലി കോളനിയിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്. പനവല്ലിക്കുടുത്തുള്ള കൊല്ലി, സർവാണി, കുണ്ടറ കോളനികളിലെ 340 ഓളവും പൊതു വിഭാഗത്തിലെ 260 ഓളവും ആളുകൾ ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
രോഗം പിടിപെട്ട പോലീസുകാരുടെ പ്രാഥമിക സമ്പർക്ക പട്ടികയും വലുതാണെന്നാണ് വിവരം. പോലീസുകാരിൽ കണ്ണൂർ സ്വദേശിയുമായി പ്രാഥമിക സമ്പർക്കം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി, മാനന്തവാടി ഡിവൈ.എസ്.പി എന്നിവരും ബത്തേരി സ്റ്റേഷനിലെ സി.ഐയും രണ്ടു എസ്.ഐമാരും 17 പോലീസുകാരും ഗൃഹ നിരീക്ഷണത്തിലായത്.
ദുബായിൽനിന്നു മെയ് ഏഴിനു ചീരാലിലെത്തിയ ഗർഭിണിയും ഭർത്താവും വീട്ടിൽ നിരീക്ഷണത്തിലിരിക്കേ അടുത്ത ബന്ധുക്കൾ ഇവരെ സന്ദർശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യ സമ്പർക്ക പട്ടികയിൽ രണ്ടും രണ്ടാം സമ്പർക്ക പട്ടികയിൽ 15 ഉം പേരെയാണ് ഇതുവരെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയുടെ ഒന്നാം സമ്പർക്ക പട്ടികയിലെ 20 ഉം രണ്ടാം സമ്പർക്ക പട്ടികയിലെ 82 ഉം പേരെ ഇതിനകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.