തിരുവനന്തപുരം- കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയുടെ ചാലകശക്തിയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെക്കുറിച്ച് പ്രസിദ്ധ ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ വിശദമായ ലേഖനം പ്രസിദ്ധീകരിച്ചു. റോക് സ്റ്റാര്‍ എന്നാണ് ലേഖനത്തില്‍ മന്ത്രിയെ വിശേഷിപ്പിക്കുന്നത്.
നിപകാലം മുതലിന്നോളം ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ലേഖനം, അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും വിശദമായി എഴുതുന്നു. ആസൂത്രണം എന്ന ഒറ്റക്കാര്യമാണ് ഇക്കാര്യത്തില്‍ വിജയം കണ്ടെത്താന്‍ കേരളത്തിന് കഴിഞ്ഞതിന് കാരണമെന്ന് അഭിമുഖത്തില്‍ ശൈലജ ടീച്ചര്‍ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് കേരളത്തിലാണുണ്ടായത്. വുഹാനില്‍നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു അത്. എന്നാല്‍ അവരെത്തുന്നതിനും ദിവസങ്ങള്‍ക്കുമുമ്പെ ആരോഗ്യവകുപ്പ് തയാറെടുപ്പ് തുടങ്ങിയിരുന്നു. കൊറോണ വൈറസ് ചൈനയില്‍ പടരുന്നതിനെക്കുറിച്ച് ഒരു ലേഖനം ഓണ്‍ലൈനില്‍ വായിച്ച ദിവസം തന്നെ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം വിളിച്ചു ചേര്‍ത്ത് ആസൂത്രണം ആരംഭിച്ചതായി മന്ത്രി പറയുന്നു.
നേരത്തെ വോഗ് മാഗസിനിലും കെ.കെ. ശൈലജയെക്കുറിച്ച് ലേഖനം വന്നിരുന്നു.
ഗാര്‍ഡിയനിലെ ലേഖനത്തെ അഭിനന്ദിച്ചും ശൈലജ ടീച്ചറെ പുകഴ്ത്തിയും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കോവിഡ് കാലത്ത് സര്‍വവ്യാപിയായ ആരോഗ്യമന്ത്രി ഫലപ്രദമായ പ്രവര്‍ത്തനം നടത്തി. അവര്‍ അംഗീകാരം അര്‍ഹിക്കുന്നു. എന്നാല്‍ കേരള സമൂഹവും ജനങ്ങളുമാണ് ഈ കഥയിലെ നായകരെന്നും തരൂര്‍ പറഞ്ഞു.
ശൈലജ ടീച്ചറെ മറയില്ലാതെ അഭിനന്ദിക്കാന്‍ തയാറായ തരൂരിനെ അഭിനന്ദിച്ചും പ്രമുഖരടക്കം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ട്.