മലപ്പുറം- വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്്‌ലിം ലീഗ് സ്ഥാനാർത്ഥിയെ ഞായറാഴ്ച്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മത്സരിക്കാനില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. മണ്ഡലത്തിൽനിന്ന് ഉയർന്ന ശക്തമായ എതിർപ്പിനൊടുവിലാണ് പിൻമാറുന്നതായി മജീദ് ഹൈദരലി തങ്ങളെ അറിയിച്ചത്. അഡ്വ. കെ.എൻ.എ ഖാദർ, അഡ്വ. യു.എ ലത്തീഫ്, പി.എം സാദിഖലി എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഇതിൽ യു.എ ലത്തീഫിന് നറുക്കുവീണേക്കുമെന്നാണ് സൂചന. സമസ്തയുടെ കൂടി ശക്തമായ ആവശ്യമാണ് യു.എ ലത്തീഫിന്റെ പേരിന് പിന്തുണ ലഭിക്കാൻ കാരണം. കെ.പി.എ മജീദ് ഒഴിഞ്ഞ ഘട്ടത്തിൽ കെ.എൻ.എ ഖാദറിനെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും സമസ്തയുടെ ആവശ്യം പരിഗണിക്കാൻ ലീഗ് നേതൃത്വം തയ്യാറായി എന്നാണ് വിവരം. അഡ്വ. പി.പി ബഷീറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.