Sorry, you need to enable JavaScript to visit this website.

നാലര ലക്ഷം പ്രവാസികൾക്കായി  ക്വാറന്റൈൻ സൗകര്യമൊരുക്കിയതെവിടെ?  -മുല്ലപ്പള്ളി

തിരുവനന്തപുരം- നാലര ലക്ഷം പ്രവാസികൾക്കായി ക്വാറന്റൈൻ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മേനി പറയുന്ന മുഖ്യമന്ത്രി അത് എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ക്വാറന്റൈനുമായി ബന്ധപ്പെട്ട് സർക്കാർ രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. പ്രവാസികളെയും മറുനാടൻ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കൽപിക്കാനുള്ള ശ്രമം നിന്ദ്യവും ക്രൂരവുമാണ്. പ്രവാസികളുടേയും മറുനാടൻ മലയാളികളുടെയും വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധിക്കാരമാണ് -അദ്ദേഹം പറഞ്ഞു.


നമ്മുടെ നാടിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകിയ പ്രവാസികൾ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്ന മണ്ണിലേക്ക് മടങ്ങിയെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിന് പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള ഒരു പൗരന്റെ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. നിബന്ധനകൾക്ക് വിധേയമായി സൂക്ഷ്മമായ ആരോഗ്യ പരിശോധനകൾക്ക് പ്രവാസികളെയും മറുനാടൻ മലയാളികളേയും ക്വാറന്റൈനിലേക്ക് അയക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.ഇവരെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്ന തരത്തിൽ പല ഭാഗത്ത് നിന്നും  പ്രസ്താവനകൾ ഉണ്ടാകുന്നത് തികച്ചും വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്യദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഗുണനിലവാരമുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായി. നാലര ലക്ഷം പ്രവാസികൾക്കായി ക്വാറന്റൈൻ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളുമെല്ലാം  ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മേനി പറയുന്നതിൽ കാര്യമില്ല.ക്വാറന്റൈനുമായി ബന്ധപ്പെട്ട് സർക്കാർ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകായാണ്. 


ശരിയായ യാത്രാ രേഖകളുമായി അതിർത്തിലെത്തിയ മറുനാടൻ മലയാളികളെ അധികൃതർ പ്രയാസപ്പെടുത്തുന്നുവെന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ജനപ്രതിനിധികൾ വാളയാർ അതിർത്തിയിലേക്ക് പോയത്. സുരക്ഷാ നടപടികൾ പൂർണമായി പാലിച്ചാണ് അവർ അവിടെ സന്ദർശനം നടത്തിയത്. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ അപകാത ഒന്നുമില്ല. ഇതെല്ലാവർക്കും ബാധകമാണെന്ന് ഇരിക്കെ ഭരണകക്ഷി മന്ത്രിമാർക്കും അതു ബാധകമാണെന്ന കാര്യം വിസ്മരിച്ചു കൊണ്ട് വിവേചനത്തോടു കൂടി കോൺഗ്രസ് എം.പിമാരെയും മറ്റു നേതാക്കളെയും പരസ്യമായി അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ, സുനിൽകുമാർ തുടങ്ങി നിരവധി ഭരണ കക്ഷിയിൽപ്പെട്ട ജനപ്രതിനിധികൾ പരസ്യമായി സർക്കാർ നിബന്ധനകൾ തുടരെ ലംഘിക്കുകയാണ്. 


കോവിഡ് കാലത്തും വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രവാസികളുടേയും മറുനാടൻ മലയാളികളുടെയും വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്ന, ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ പ്രതികരണം ഈ സഹോദരങ്ങളോടുള്ള സർക്കാരിന്റെ നിഷേധ സമീപനം എടുത്തുകാട്ടുന്നതാണ്.  ഇവരെ മരണത്തിന്റെ വ്യാപാരികളാക്കി മുദ്രകുത്താൻ പോലും ഭരണ കക്ഷിയിൽപ്പെട്ട ആളുകൾ നടത്തുന്ന നീക്കം അത്യന്തം നിർഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Latest News