Sorry, you need to enable JavaScript to visit this website.

അബഹയിൽ മരിച്ച നഴ്‌സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊല്ലം- അബഹയിൽ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കും. പുനലൂർ കരവാളൂരിൽ ലിജിഭവനിൽ ലിജി സിബിയുടെ(31) മൃതദേഹമാണ് നാട്ടിലെത്തിക്കുക. ഏപ്രിൽ രണ്ടിന് അബഹയിലെ വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബഹ മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിരുന്നു ലിജി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ മൂന്നു മാസത്തിനു മുൻപ് നാട്ടിലെത്തി അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ആശുപത്രിയിൽ തന്നെ ചികിത്സയും തുടർന്നു. കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രി കോവിഡ് രോഗികൾക്കു സൗകര്യമൊരുക്കുന്നതിനായി ചികിത്സയിലൂണ്ടായിരുന്ന രോഗികളെ ഒഴിവാക്കിയ കൂട്ടത്തിൽ ലിജിയേയും താമസസ്ഥലത്തേക്ക് വിശ്രമത്തിനയച്ചിരുന്നു. ലിജിയുടെ ഭർത്താവ് ചക്കുവള്ളി സ്വദേശി സിബി സൗദിയിൽ വർക് ഷോപ്പ് ജീവനക്കാരനാണ്.  മൂന്നു വയസ്സുള്ള ഇമാന ആണ് ഏക മകൾ. കോവിഡ് രോഗബാധയെ തുടർന്ന് വിമാനസർവ്വീസുകൾ നിർത്തിവെച്ചതു മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. നാളെ വൈകിട്ട് ഏഴിന് നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച രാവിലെ ചക്കുവള്ളിയിലെ വസതിയിലും തുടർന്ന് പോരുവഴി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.

Latest News