ത്രികോണമിതി അനുപാതങ്ങളായ സൈൻ, കോസിൻ, ടാൻജന്റ്, കോട്ടജന്റ് എന്നിവ ആദ്യമായി വിശദീകരിച്ച് ഗണിത ശാസ്ത്രത്തിന്റെ കുതിപ്പിന് വഴിയൊരുക്കിയ ഗണിത, ജ്യോതി ശാസ്ത്രവിശാരദനാണ് അഹമ്മദ് ബിൻ അബ്ദുല്ല അൽമർവസി അൽഹാസിബ് എന്ന ഹബശ് അൽഹാസിബ് അൽമർവസി. പേർഷ്യൻ വാന നിരീക്ഷകനും ജ്യോതി ശാസ്ത്ര, ഭൂമി ശാസ്ത്ര, ഗണിത ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം അബ്ബാസി ഭരണാധികാരികളായിരുന്ന മഅ്മൂൻ, മുഅ്തസിം ഖലീഫമാരുടെ കാലത്തായിരുന്നു ജീവിച്ചിരുന്നത്. ഗണിത ശാസ്ത്രത്തിലെ തന്റെ നൈപുണ്യം കാരണമാണ് കാൽകുലേറ്റർ എന്ന അർഥത്തിലുള്ള അൽഹാസിബ് എന്ന് പേര് ലഭിച്ചത്. തുർക്കുമാനിസ്ഥാനിലെ മർവിൽ 770ൽ ജനിച്ച ഇദ്ദേഹം മർവിലേക്ക് ചേർത്ത് മർവസി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ത്രികോണമിതിയിൽ മട്ടത്രികോണം ആധാരമാക്കിയാണ് വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത്. ഒരു മട്ടത്രികോണത്തിലെ മട്ടകോണല്ലാത്ത ഏതെങ്കിലും ഒരു കോണും ത്രികോണത്തിന്റെ രണ്ടു വശങ്ങളുടെ അംശബന്ധവുമായി മൂന്നുതരം തുലനങ്ങൾ സാധ്യമാണെന്ന് ആദ്യമായി സ്ഥാപിച്ചത് അദ്ദേഹമാണ്. കോണിന്റെ എതിർവശവും കർണ്ണവുമായുള്ള അനുപാതം കോണളവിന്റെ സൈൻ എന്ന അളവായും സമീപവശവും കർണ്ണവുമായുള്ള അംശബന്ധം കോണളവിന്റെ കൊസൈൻ എന്ന അളവായും കോണിന്റെ എതിർവശവും സമീപവശവുമായുള്ള അംശബന്ധം ടാൻജന്റ് എന്ന അളവായും നിശ്ചയിച്ചതോടൊപ്പം ഗണിത ശാസ്ത്രത്തിൽ പല സമവാക്യങ്ങളും അദ്ദേഹം കണ്ടെത്തി.
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ തമ്മിലുളള ദൂരവും അവയുടെ വ്യാപ്തിയുമെല്ലാം ബഗ്ദാദിലെ ശംസിയ്യ വാനനിരീക്ഷണകേന്ദ്രത്തിലിരുന്ന് അദ്ദേഹം രേഖപ്പെടുത്തി. 825 മുതൽ 835 വരെയുള്ള കാലയളവിൽ നടത്തിയ നിരീക്ഷണങ്ങളിലൂടെ മൂന്ന് ജ്യോതിർ മണ്ഡല പട്ടിക തയ്യാറാക്കി. ഈ ജ്യോതി മണ്ഡല പട്ടികക്ക് അറബിയിൽ 'സിജ്' എന്നാണ് പറയുന്നത്. പല ഗണിതശാസ്ത്ര സങ്കേതങ്ങളും ജ്യോമിതിയും ഉപയോഗിച്ച് ഗോളങ്ങളുടെ നീക്കങ്ങളും ഉദയാസ്തമയങ്ങളും ഗ്രഹണങ്ങളും മനസ്സിലാക്കാനുള്ള സൂചകങ്ങൾ ഉൾക്കൊള്ളുന്നതാണ് സിജ്. ആദ്യ പട്ടിക ഇന്ത്യൻ രീതിയിലായിരുന്നു. ഇതിനദ്ദേഹം പ്രധാനമായും ആശ്രയിച്ചത് ഗണിതത്തിന്റെ അടിസ്ഥാനത്തിൽ ജ്യോതിർഗോളങ്ങളുടെ പ്രയാണങ്ങളെ പ്രവചിക്കാനുള്ള ശ്രമം നടത്തിയ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ബ്രഹ്മഗുപ്തന്റെ നിരീക്ഷണങ്ങളെയായിരുന്നു. ഗണിതത്തെയും ജ്യോതിശ്ശാസ്ത്രത്തെയും സംയോജിപ്പിക്കുന്ന ബ്രഹ്മഗുപ്തന്റെ സിദ്ധാന്തം സിന്ദ് ഹിന്ദ് എന്ന പേരിൽ അക്കാലത്ത് ഇബ്രാഹീം അൽഫസാരി അറബിയിലേക്ക് വിവർത്തനം ചെയ്തിരുന്നു.
രണ്ടാമത്തേത് മഅ്മൂനിന്റെ ജ്യോതിശാസ്ത്രജ്ഞർ ഒന്നിച്ച് നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായി മുംതഹിൻ (ടെസ്റ്റഡ്) ജ്യോതിർ മണ്ഡല പട്ടികയെന്നാണ് അറിയപ്പെടുന്നത്. മഅ്മൂനിക് അല്ലെങ്കിൽ അറബിക് ജ്യോതി മണ്ഡല പട്ടികയെന്നറിയപ്പെടുന്ന ഇതിൽ ഖലീഫയുടെ കൊട്ടാരത്തിലെ എല്ലാ ജ്യോതി ശാസ്ത്രജ്ഞരുടെയും നിരീക്ഷണങ്ങൾ കൂട്ടിച്ചേർത്തിരുന്നു. മൂന്നാമത്തേത് 829ലെ സൂര്യഗ്രഹണത്തെ ആധാരമാക്കിയുണ്ടാക്കിയ ഷാ പട്ടികയാണ്. ഇതനുസരിച്ച് സൂര്യനിലേക്കുള്ള ദൂരത്തെ അടിസ്ഥാനമാക്കി സമയം നിശ്ചയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 830ൽ ത്രികോണമിതിയിലെ ടാൻജന്റിന് അടിസ്ഥാനമാക്കി നിഴലുകളെ വിശദീകരിച്ച അദ്ദേഹം അതിനെ കുറിച്ചുള്ള പട്ടികയും ആദ്യമായി തയ്യാറാക്കി.
കിതാബുൽ അബ്ആദ് വൽ അജ്‌റാം എന്ന ഗ്രന്ഥത്തിൽ സൂര്യൻ, ചന്ദ്രൻ, ഭൂമി, മറ്റു ഗോളങ്ങൾ എന്നിവയുടെ രൂപഘടനയും ദൂരവും വ്യാപ്തിയും സവിശേഷതകളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിഴലുകളെ കുറിച്ചും അദ്ദേഹം ഈഗ്രന്ഥത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നു.
ബ്രഹ്മപുത്രന്റെ സിദ്ധാന്തത്തിന്റെ വിവർത്തനമായ സിന്ദ് ഹിന്ദിനെ ആധാരമാക്കി ഇന്ത്യൻ മാതൃകയിലാണദ്ദേഹം ജ്യോതിശാസ്ത്ര രീതിയെ അവലംബിച്ചത്. ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന്റെ വിവർത്തനത്തിലൂടെ കൈവന്ന വിജ്ഞാനവും സ്വന്തമായ നിരീക്ഷണഫലങ്ങളും സംയോജിപ്പിച്ച മുഹമ്മദ് ബിൻ ഇബ്രാഹീം അൽഫസാരിയുടെയും ബ്രഹ്മപുത്രന്റെ നിരീക്ഷണങ്ങൾ വഴി കൂടുതൽ കണ്ടെത്തലുകൾ നടത്തിയ മുഹമ്മദ് ബിൻ മൂസ അൽഖവാരിസ്മിയുടെയും അഭിപ്രായങ്ങളിൽ അൽമർവസി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പിൽക്കാലത്തെ അറിയപ്പെട്ട ഗോളശാസ്ത്രജ്ഞനായ അൽബിറുനി തന്റെ ഗ്രന്ഥത്തിൽ അൽമർവസിയെ പുകഴ്ത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ജ്യോതിർമണ്ഡലപ്പട്ടികയെ അംഗീകരിക്കുകയും ചെയ്തിരുന്നു. 874 ഇറാഖിലെ സമാറയിലാണ് മരിച്ചത്. എന്നാൽ അദ്ദേഹം 100 വർഷത്തോളം ജീവിച്ചിട്ടുണ്ടെന്നും മരണതിയ്യതി കൃത്യമായി അറിയില്ലെന്നും ഇബ്‌നുന്നദീം തന്റെ അൽഫിഹ്‌റസ്ത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ മകൻ അബൂ ജഅഫറും അറിയപ്പെട്ട ജ്യോതി ശാസ്ത്രജ്ഞനായിരുന്നു.